അമേരിക്കൻ മോഡലും നടിയുമായ ക്രിസി ടെയ്ഗന്‍റെ മുലയൂട്ടല്‍ ചിത്രമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.   

കേരളത്തിൽ പ്രസിദ്ധീകരിച്ച ഒരു മലയാളമാസികയുടെ കുഞ്ഞിന് മുലയൂട്ടുന്ന കവർഫോട്ടോയ്ക്ക് പിന്നാലെ മറ്റൊരു മുലയൂട്ടല്‍ ചിത്രം കൂടി വിവാദത്തിലായിരിക്കുകയാണ്. അമേരിക്കൻ മോഡലും നടിയുമായ ക്രിസി ടെയ്ഗന്‍റെ മുലയൂട്ടല്‍ ചിത്രമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. 

കുട്ടിക്കും കളിപ്പാവയ്ക്കും മുലയൂട്ടുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയിൽ പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ ക്രിസി പങ്കുവച്ച ചിത്രം നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു. ഒറ്റ ദിവസംകൊണ്ട് മൂന്ന് ദശലക്ഷം ലൈക്കാണ് ചിത്രത്തിന് ലഭിച്ചത്. 

രണ്ട് കുട്ടികളുടെ അമ്മയാണ് ടെയ്ഗൻ. മൂത്ത മകൾ ലൂണയുടെ കളിപ്പാവയ്ക്കും രണ്ടാമത്തെ കുട്ടിക്കും ഒരുമിച്ച് മുലയൂട്ടുന്ന ചിത്രമാണ് വൈറലായത്. 'ലൂണ എന്നെക്കൊണ്ട് അവളുടെ പാവക്കുട്ടിക്ക് മുലയൂട്ടിക്കുകയാണ്, എനിക്ക് ഇപ്പോൾ ഇരട്ടക്കുട്ടികൾ ഉള്ളതായി തോന്നുന്നു' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. 

ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രസവവും മുലയൂട്ടലുമൊക്കെ സാധാരണമാണെന്നും അതിന്‍റെ ചിത്രങ്ങൾ ഇങ്ങനെ പരസ്യമാക്കേണ്ട ആവശ്യമില്ലെന്ന തരത്തിലാണ് ആളുകൾ പ്രതികരിക്കുന്നത്. കുറച്ചു നാളായി അഭിനയ രംഗത്ത് നിന്നും വിട്ടു നിന്ന നടി വീണ്ടും ശ്രദ്ധിക്കപ്പെടാനാണ് ഇങ്ങനെയൊരു ചിത്രം പോസ്റ്റ് ചെയ്തതൊന്നും ചിലര്‍ ആരോപിക്കുന്നു. മാതൃത്വത്തിന്‍റെ സുന്ദരമായ കാഴ്ച, മനോഹരമായ ചിത്രം, മാതൃത്വം തുടങ്ങി ചിത്രത്തെ അനുകൂലിച്ചുള്ള പ്രതികരണങ്ങളും കാണാം. അതേസമയം തനിക്കെതിരേയുള്ള കമന്‍റുകൾക്ക് താരം കൃത്യമായി മറുപടി നൽകുന്നുണ്ട്. 

View post on Instagram

നോര്‍മലൈസ് ബ്രെസറ്റ് ഫീഡിങ് എന്ന ഹാഷ് ടാഗോടെ മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പയ്‌നിന്‍റെ ഭാഗമായും ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമേരിക്കൻ ഗായകനായ ജോൺ ലെജൻഡാണ് ക്രിസിയുടെ ഭർത്താവ്. നടി ലിസ ഹെയ്ഡൻ, കിർഗിസ്റ്റെൻ പ്രസിഡന്റിന്റെ മകൾ അലിയ ശാഗീവ തുടങ്ങിയവർ ഇതിനുമുമ്പ് കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രങ്ങൾ പങ്കുവച്ചത് വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു.