മൂന്ന് വയസ്സുള്ള കുഞ്ഞിനെയും, 100 കോടി രൂപയുടെ ആസ്തിയും ഉപേക്ഷിച്ച് ജൈന സന്യാസിമാരാകാനൊരുങ്ങി ദമ്പതികള്‍. മതവിശ്വാസപ്രകാരം ഇപ്പോഴുള്ള ജീവിതം ഉപേക്ഷിച്ച് സന്യാസമാരാകാന്‍ ഒരുങ്ങിയിരിക്കുന്നത് മധ്യപ്രദേശിലെ നീമുച്ച് സ്വദേശികളായ സുമിത് റാത്തോര്‍-അനാമിക ദമ്പതികള്‍.
സുമിത് റാത്തോര്‍- വയസ്സ് 35, 100 കോടി രൂപ ആസ്തി വരുന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ അവസാനവാക്ക്. ഭാര്യ അനാമിക- വയസ്സ് 34, അന്താരാഷ്ട്ര കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗം. മൂന്നു വയസ്സുള്ള ഇബ്ലിയ മകള്‍. എന്നാല്‍ ജൈനമതപ്രകാരമുള്ള നിര്‍വാണത്തിലേക്ക് ഉയരാന്‍ കൈയ്യിലുള്ള ലൗകിക സുഖങ്ങളെ വലിച്ചെറിയുകയാണ് ദമ്പതികള്‍. സുമിത് റാത്തോറാണ് ആദ്യം ആഗ്രഹം അറിയിച്ചത്. ദീക്ഷ സ്വീകരിക്കുന്നതിന് മുന്‍പായി ആചാരപ്രകാരം ഭാര്യയോട് സമ്മതം ചോദിച്ചു. എന്നാല്‍ താനും സന്യാസം സ്വീകരിക്കുന്നതായി അനാമികയും അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ സൂറത്തിലെ ജൈന ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവരും മുടി മുറിച്ച്, ശുഭവസ്ത്രധാരികളായി, വെള്ള തുണി കൊണ്ട് വായ് മൂടി ജൈനസന്യാസ ജീവിതത്തിലേക്ക് കടക്കും. കഴിഞ്ഞ കുറച്ചുനാളായി ഉറ്റവരില്‍ നിന്നും പതിയെ പതിയെ അകന്നു പോകാനുളള തയ്യാറെടുപ്പിലായിരുന്നു ഇവര്‍. സുമിത്തിന്റെയും അനാമികയുടെയും അച്ഛനമ്മമാര്‍ കൊച്ചുമകളുടെ സംരക്ഷണം ഏറ്റെടുത്തു കഴിഞ്ഞു.
ബി ജെ പിയുടെ നീമുച്ച് ജില്ലയുടെ മുന്‍ വൈസ് പ്രസിഡന്റായിരുന്ന അശോക് ഛന്ദാലിയയുടെ മകളാണ് അനാമിക. കുഞ്ഞിന് 8 മാസം ഉള്ളപ്പോള്‍ തന്നെ ഇരുവരും ഇങ്ങനെയൊരു തീരുമാനമെടുത്തിരുന്നുവെന്ന് പറയുന്നു ബന്ധുക്കള്‍. കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കിലും പ്രദേശത്തെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഇരുവര്‍ക്കുമെതിരെ രംഗത്തെത്തിയിട്ടുണ്ട്. മൂന്നു വയസ്സുകാരിയെ ഉപേക്ഷിച്ച് പോകുന്ന സംഭവം സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഇവരുടെ ശ്രമം.
