വിവാഹ നിശ്‌ചയം, വിവാഹം, കുട്ടിയുടെ ജനനം, ഗൃഹപ്രവേശം എന്നിവയ്‌ക്കൊക്കെ ഫോട്ടോഷൂട്ട് പതിവാണ്. അതായത് ഒരു സ്‌ത്രീയും പുരുഷനും തമ്മില്‍ പ്രണയിച്ചുതുടങ്ങിയാല്‍ പിന്നെ ഫോട്ടോഷൂട്ടിന്റെ കാലമാണ്. ജീവിതത്തിലെ സന്തോഷകരവും മനോഹരവുമായ ഓരോ മുഹൂര്‍ത്തങ്ങളും ക്യാമറ ഒപ്പിയെടുക്കും. പക്ഷേ ആരെങ്കിലും വേര്‍പിരിയല്‍ നിമിഷങ്ങളില്‍ ഫോട്ടോഷൂട്ട് നടത്തുമോ? എന്നാല്‍ അങ്ങനെയൊന്ന് സംഭവിച്ചിരിക്കുന്നു. ഒരു യുവതിയും യുവാവും തങ്ങളുടെ പ്രണയം അവസാനിപ്പിച്ച് വേര്‍പിരിയാന്‍ തീരുമാനിക്കുന്നു. ഇരുവര്‍ക്ക് ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങള്‍. അത് ഒപ്പിയെടുക്കാന്‍ ഒരു പ്രൊഫഷണല്‍ ക്യാമറാമാനെ ഏര്‍പ്പാടാക്കുന്നു. അങ്ങനെ വികാരസാന്ദ്രമായ ആ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തപ്പെട്ടു. ഹാരിസണ്‍ ബാച്ച് എന്ന യുവാവും അയാളുടെ കാമുകി ജാക്കിയുമാണ് വേര്‍പിരിയല്‍ നിമിഷങ്ങള്‍ക്കായി ഫോട്ടോഷൂട്ട് നടത്തിയത്.
കൗമാര പ്രായക്കാരായിരിക്കുമ്പോഴാണ് ഹാരിസണും ജാക്കിയും പരിചയപ്പെടുന്നത്. അതായത് ഇരുവരും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന കാലം. ഒരു വര്‍ഷത്തോളം നീണ്ട സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. രണ്ടരവര്‍ഷത്തോളം അവര്‍ പ്രണയിച്ചു. ഗാഢമായ പ്രണയമായിരുന്നു അവരുടേത്. ജീവിതത്തില്‍ ഒരിക്കലും വേര്‍പിരിയരുതെന്ന ദൃഢനിശ്ചയത്തോടെയുള്ള ബന്ധം. എന്നാല്‍ ഉന്നത പഠനങ്ങള്‍ക്കായി ഇരുവരും ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടിവന്നപ്പോള്‍ വേര്‍പിരിയല്‍ എന്ന നിര്‍ദ്ദേശമാണ് ഹാരിസണ്‍ മുന്നോട്ടുവെച്ചത്. അതിന് പിന്നില്‍ മറ്റൊരു ഉദ്ദേശം കൂടിയുണ്ട്. വിരഹം എത്രത്തോളം വേദനിപ്പിക്കുന്ന ഒന്നാണെന്ന് മറ്റുള്ളവരെ കാട്ടിക്കൊടുക്കണമെന്നതായിരുന്നു ഹാരിസണിന്റെ ലക്ഷ്യം. ആദ്യം അത് ഉള്‍ക്കൊള്ളാനായില്ലെങ്കിലും പിന്നീട് ജാക്കിയും അത് സമ്മതിച്ചു. അങ്ങനെ അവര്‍ വേര്‍പിരിഞ്ഞു. രണ്ടാളും രണ്ടു നാടുകളിലേക്ക് ചേക്കേറി. ഒന്നര വര്‍ഷത്തോളം ഇവര്‍ തമ്മിലുള്ള സംസാരങ്ങള്‍ പോലും വളരെ കുറഞ്ഞു. ഇവര്‍ വേര്‍പിരിഞ്ഞു ഒന്നര വര്‍ഷത്തോളം കഴിഞ്ഞപ്പോഴാണ്, ഹാരിസണിന് ഒരു ആശയം തോന്നിയത്. ഔദ്യോഗികമായി ഒരു വേര്‍പിരിയല്‍ വേണം. അതിനുവേണ്ടി ഒരു ഫോട്ടോഷൂട്ടും നടത്തണം. അങ്ങനെ ഇരുവരുടെയും വീടിനടുത്തുള്ള ഒരു പാര്‍ക്കില്‍വെച്ച് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഹാരിസണിന്റെ സുഹൃത്താണ് ക്യാമറാമാനായി രംഗത്തെത്തിയത്. അങ്ങനെ അവര്‍ പരസ്‌പരം യാത്ര ചോദിച്ചു. ദുഃഖം തളംകെട്ടിനില്‍ക്കുന്ന അന്തരീക്ഷം. ഇതിനിടയില്‍, ജാക്കി, ഹാരിസണിന്റെ കവിളില്‍ ചുംബിച്ചു. ഈ ചുംബനചിത്രമാണ് വേര്‍പിരിയല്‍ ആല്‍ബത്തില്‍ ഏറെ മനോഹരമായത്. ഏറെ ഗൃഹാതുരതയുണര്‍ത്തുന്ന ചിത്രമാണിതെന്ന് പിന്നീട് ഹാരിസണ്‍ പറഞ്ഞു. മനോഹരമായ ചിത്രങ്ങള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ഹാരിസണ്‍ പോസ്റ്റുചെയ്‌തു. ഈ ചിത്രങ്ങള്‍ പിന്നീട് വൈറലായി. ഏതായാലും വേര്‍പിരിയലിന്റെ ആദ്യ ഫോട്ടോ ഷൂട്ടായിരിക്കും ഇതെന്നാണ് പൊതുവെ വിലയിരുത്തുന്നത്.
