ട്രെയിനില്‍ വച്ച് ഒരു വിവാഹം. സംഭവം നടന്നത് ഉത്തര്‍ പ്രദേശിലാണ്, ഗോരഖ്പുറിനും ലക്‌നൗവിനും ഇടയില്‍ ഓടുകയായിരുന്ന സ്പെഷ്യല്‍ ട്രെയിനില്‍

ഗോരഖ്പൂര്‍: ട്രെയിനില്‍ വച്ച് ഒരു വിവാഹം. സംഭവം നടന്നത് ഉത്തര്‍ പ്രദേശിലാണ്, ഗോരഖ്പുറിനും ലക്‌നൗവിനും ഇടയില്‍ ഓടുകയായിരുന്ന സ്പെഷ്യല്‍ ട്രെയിനില്‍. ശ്രീ ശ്രീ രവിശങ്കറിന്‍റെ കാര്‍മികത്വത്തിലാണ് സച്ചിന്‍ കുമാറും ജ്യോത്സന സിങ് പട്ടേലും വിവാഹിതരായത്. സച്ചിന്‍ കുമാര്‍ ഫാര്‍മസിസ്റ്റാണ്. ജ്യോത്സ്‌ന സിങ് പട്ടേല്‍ കേന്ദ്രനികുതി വകുപ്പ് ഉദ്യോഗസ്ഥയും.

ലളിതമായ വിവാഹത്തിന്‍റെ ഉദാത്തമാതൃകയെന്നാണ് ചടങ്ങിനെ ശ്രീ ശ്രീ രവിശങ്കര്‍ വിശേഷിപ്പിച്ചത്. ലോണെടുത്തും കടംവാങ്ങിയും ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന വിവാഹങ്ങളല്ല, ഇങ്ങനെയുള്ള ലളിതമായ ചടങ്ങുകളാണ് നടക്കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുപിയില്‍ ജീവനകല പര്യടനത്തിനു പോകുന്ന വഴിയാണ് ശ്രീ ശ്രീ സ്‌പെഷല്‍ ട്രെയിനിലെ കല്യാണം നടത്തിക്കൊടുത്തത്. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഇത്തരമൊന്ന് ആദ്യമായിരിക്കാമെന്ന് ശ്രീ ശ്രീ അനുയായികള്‍ പറയുന്നു. സച്ചിനും ജ്യോത്സ്‌നയും തമ്മിലുള്ള വിവാഹം ഏപ്രില്‍ മാസത്തില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്.

ലളിതമായിരിക്കണം ചടങ്ങുകള്‍ എന്ന ആഗ്രഹവും ശ്രീ ശ്രീയുമായുള്ള കണ്ടുമുട്ടലും കൂടിയായപ്പോള്‍ വിവാഹം ട്രെയിനില്‍ വച്ചു തന്നെ നടത്തി.