കാക്കകൾ കൗശലമുള്ള ജീവികളാണ് എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. എന്നാൽ അവയുടെ ബുദ്ധി നമ്മൾ കരുതുന്നതിനേക്കാൾ എത്രയോ അധികമാണ് എന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ബെറ്റി എന്നുപേരുള്ള ഒരു കാക്കയുടെ മേൽ നടത്തപ്പെട്ട പഠനമാണ് ഇപ്പോൾ വളരെ വിപ്ലവകരമായ പല അറിവുകൾക്കും കാരണമായിരിക്കുന്നത്.

ഓക്സ്ഫോർഡ് സർവകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഇപ്പോൾ ഇങ്ങനെ ഒരു പഠനഫലം പുറത്തു വിട്ടുകൊണ്ട് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഓക്സ്ഫോർഡിലെ ബെറ്റി എന്ന ഈ കാക്ക ഇന്ന് ശാസ്ത്രലോകത്തെ ഒരു സെലിബ്രിറ്റിയാണ്. ആ കാക്ക ചെയ്തതെന്തെന്നോ? കൂട്ടിൽ അടച്ചിട്ടിരുന്ന ബെറ്റി കൂട്ടിനുള്ളിൽ കിടന്ന ഒരു കമ്പിയുടെ കഷ്ണം കൊക്കിലെടുത്തു. എന്നിട്ട് കൂട്ടിൽ കിടന്ന മറ്റൊരു വസ്തുവിന്റെ സഹായത്തോടെ അതിന്റെ അറ്റം വളച്ചു.

അൽപനേരം ബെറ്റി അതിന്മേൽ പണിഞ്ഞു കഴിഞ്ഞപ്പോൾ ആ കമ്പിക്കഷ്ണം ഒരു കൊളുത്തിന്റെ രൂപം പ്രാപിച്ചു. എന്നിട്ട് ബെറ്റി, സാധാരണഗതിക്ക് അതിന് ഇറുക്കിപ്പിടിച്ച് എടുത്തുകൊണ്ടുപോകാൻ പറ്റാത്ത ഒരു വലിയ ഇറച്ചിത്തുണ്ട് ഈ കൊളുത്തിന്മേൽ കോർത്ത് എടുത്തുകൊണ്ട് പറക്കാൻ നോക്കി. 


'ബെറ്റി എന്ന 'ബുദ്ധിയുള്ള' കാക്ക '

വർഷങ്ങൾക്കുമുമ്പാണ് ബെറ്റിയുടെ ഈ അത്ഭുതപ്രവൃത്തി ആദ്യമായി ശാസ്ത്രലോകം നിരീക്ഷിച്ചത്. അന്ന് എല്ലാവരും ഞെട്ടിയത്, ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെയാണ് ഒരു കാക്കയ്ക്ക് ഈ സങ്കീർണ്ണപ്രവൃത്തി ചെയ്യാനായത് എന്നായിരുന്നു. അതേപ്പറ്റി തുടർ പഠനങ്ങൾ നടന്നപ്പോൾ ഒരു കാര്യം ബോധ്യമായി.

ബെറ്റി ചെയ്തത് അത്ര വലിയ അത്ഭുതമൊന്നുമില്ല. ന്യൂ കാലിഡോണിയൻ ഇനത്തിൽ പെട്ട കാക്കയായിരുന്നു ബെറ്റി. കാലിഡോണിയൻ കാക്കകൾ അങ്ങനെ സ്ഥിരമായി മെറ്റൽ വയറുകൾ വളച്ച് ആവശ്യമുള്ള ടൂൾസ് ഉണ്ടാക്കുന്നവരാണ് എന്നായിരുന്നു കണ്ടുപിടിത്തം. ഇരതേടി നടക്കുന്ന സമയം അവർ ചുള്ളിക്കമ്പുകളും മറ്റും ഉപയോഗിച്ചും പല ടൂളുകളും ഉണ്ടാക്കാറുണ്ടത്രെ. 

അതിനുശേഷം വന്ന വർഷങ്ങളിൽ കാക്കകളുടെ തലച്ചോറിനെപ്പറ്റി വിശദമായ പഠനങ്ങൾ നടന്നു. അപാരമായ സംവേദന ഗ്രഹണ ശേഷികൾ ഇവ പ്രകടിപ്പിക്കുന്നതായി പഠനങ്ങളിൽ നിന്ന് മനസ്സിലായി എങ്കിലും, കാക്കയ്ക്ക് ബുദ്ധി, അതുണ്ടെങ്കിൽ എത്രമാത്രമുണ്ട് എന്ന കാര്യത്തിൽ കൃത്യമായ ഉത്തരങ്ങൾ ഇല്ലായിരുന്നു.

മനുഷ്യനെപ്പോലുള്ള ഇരുകാലികൾക്കാണ് ജീവിവർഗ്ഗത്തിൽ ബുദ്ധി എന്നത് കാര്യമായ പുരോഗമനങ്ങൾക്ക് വിധേയമായി വളർന്നു വന്നിട്ടുള്ളത്. മുമ്പ് തങ്ങളെ ആക്രമിച്ചിട്ടില്ല ആളുകളെ തിരിച്ചറിയാനും, ഒരു കൂട്ടത്തിനുള്ളിൽ വിവരങ്ങൾ കൈമാറാൻ വേണ്ടി ചില പ്രത്യേക ഭാവഹാവങ്ങൾ ഉപയോഗിക്കാനും കാക്കകൾക്ക് സാധിച്ചിരുന്നതായി തെളിഞ്ഞിരുന്നു. 

 

എന്നാൽ, കഴിഞ്ഞ കൊല്ലം നടന്ന പഠനങ്ങളിൽ, കാലിഡോണിയൻ കാക്കകൾക്ക് ഒരു പ്രത്യേക ചെടിയുടെ തണ്ടു തിരഞ്ഞെടുത്ത് അതുകൊണ്ട് കൊളുത്തുകൾ നിർമിക്കാൻ സാധിച്ചിരുന്നു എന്നാണ്. ആ പ്രത്യേകയിനം ചെടിയുടെ തണ്ടുമാത്രമാണ് ഈ കൊളുത്തുണ്ടാക്കാൻ പറ്റുക എന്ന ബുദ്ധി അവർക്കുണ്ട് എന്നർത്ഥം. അത് കാക്കകളുടെ ബുദ്ധിയെ സംബന്ധിച്ചിടത്തോളം വളരെ വിപ്ലവകരമായ ഒരു അറിവാണ്.

ചുവരിൽ ആണിയടിച്ചു കേറ്റാൻ വേണ്ടത് ചുറ്റികയാണ് സ്പാനറോ ഡ്രില്ലിങ് മെഷീനോ അല്ല എന്ന് മനുഷ്യർക്ക് അറിയുന്ന പോലെ.  ഈ കാക്കകൾ പൊത്തുകളിൽ നിന്ന് കീടങ്ങളെ തോണ്ടിയെടുക്കാനും ഇത്തരം കൊളുത്തുകളെ ഉപയോഗപ്പെടുത്തുന്നതായി തെളിഞ്ഞിരുന്നു. ഇങ്ങനെ സ്പെഷ്യലൈസ്ഡ് ആയ ഉപകരണങ്ങൾ നിർമ്മിച്ചെടുക്കാൻ വളരെ സൂക്ഷ്മമായ ബുദ്ധി തന്നെ വേണം. കാക്കകൾക്ക് അതുണ്ടെന്നാണ് പഠനങ്ങളിൽ തെളിഞ്ഞത്. 

'ഇൻസൈഡ് ദി അനിമൽ മൈൻഡ്' (Inside the Animal Mind) എന്ന ബിബിസി ടെലിവിഷൻ സീരിസിൽ '007 എന്ന് വിളിപ്പേരുള്ള ഒരു കാലിഡോണിയൻ കാക്ക, എട്ടു വ്യതിരിക്തമായ ഘട്ടങ്ങളിലൂടെ പരിഹരിക്കേണ്ട ഒരു സമസ്യ (puzzle)  കൃത്യമായി പരിഹരിക്കുന്നത് പകർത്തപ്പെട്ടിരുന്നു. 


 

ഇത്തരത്തിൽ കൊളുത്തുകളും മറ്റും ഉണ്ടാക്കുന്ന കാക്കകൾ അങ്ങനെ ചെയ്യാത്ത കാക്കകളേക്കാൾ ശുഭാപ്തിവിശ്വാസവും ഉത്സാഹവും ഉള്ളവരാണ് എന്നും പഠനങ്ങൾ തെളിയിച്ചിരുന്നു. മക്കൊയ്‌ എന്നൊരു ഗവേഷകൻ നടത്തിയ പഠനത്തിൽ, കൊളുത്തുകൾ ഉണ്ടാക്കിയ കാക്കകൾ അങ്ങനെ ചെയ്യാത്തവയെക്കാൾ വേഗത്തിൽ ഭക്ഷണം വെച്ച പാത്രത്തെ സമീപിക്കുന്നതായി കണ്ടെത്തിയിരുന്നു. മനുഷ്യനെപ്പോലെ ഒരു രസത്തിന് ഈ കൗശലം കാണിക്കുന്ന സ്വഭാവവും കാക്കയ്ക്കുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.

പരിണാമം ജീവികൾക്ക് നിലനിൽപ്പിന് അത്യന്താപേക്ഷിതമായ കഴിവുകളാണ് വികസിപ്പിച്ചു നൽകിയിട്ടുള്ളത്. എന്നാൽ, മനുഷ്യരാണ് അതിൽ നിന്ന് വ്യത്യസ്തമായ കഴിവുകളുള്ള തലച്ചോർ കിട്ടിയിട്ടുള്ള ഒരു ജീവിവർഗം. ഉദാഹരണത്തിന് നമ്മുടെ തലച്ചോർ പദപ്രശ്നം പൂരിപ്പിക്കുക, സുഡോകു ചെയ്യുക തുടങ്ങിയ സങ്കീർണമായ പലതും ചെയ്യാനുള്ള കഴിവുള്ളതാണ്.

അതൊന്നും തന്നെ നമ്മുടെ നിലനിൽപ്പിന് ആവശ്യമുള്ളതല്ല. നമ്മൾ ഒരു ജിജ്ഞാസയുടെയും, കൗതുകത്തിന്റെയും, രസത്തിന്റെയുമൊക്കെ പുറത്താണ് ഏറെ ബൗദ്ധികവ്യായാമം വേണ്ട പലതും ചെയ്യാറുള്ളത്. അത്തരത്തിൽ പലതും ചെയ്യുന്ന സ്വഭാവവും അതിനു തക്ക ബുദ്ധിവികാസവും കാക്കകൾക്കും കൈവന്നിട്ടുണ്ടെന്നാണ് ഈ പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.