എം.എസ്ടി.ജി കൂടുതലും കാണുന്നത് ടിന്നിലടച്ച ഭക്ഷണത്തിലും ഫ്രൈഡ് ചിക്കനിലും കഠിനമായ തലവേദന, മയക്കം, ക്ഷീണം തുടങ്ങി നിരവധി രോഗങ്ങളുണ്ടാക്കുന്നു

ഭക്ഷണ രീതികളില്‍ ദിനംപ്രതിയാണ് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. വീടുകളില്‍ പാകം ചെയ്ത് ഭക്ഷണം കഴിക്കുന്ന സംസ്‌കാരത്തോട് നമ്മള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ വിട പറഞ്ഞിരിക്കുന്നു. പുറത്തുനിന്നുള്ള ഭക്ഷണം ഒരു പരിധി വരെ ഗുണമേന്മ നോക്കിയ ശേഷം മാത്രം ഉപയോഗിക്കുന്ന ശീലവും വന്നുകഴിഞ്ഞു. 

ഒറ്റനോട്ടത്തില്‍ വില്ലന്മാരായിത്തോന്നുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളെയെല്ലാം നിയന്ത്രണത്തില്‍ നിര്‍ത്താനും ഒരുപക്ഷേ വേണ്ടെന്ന് വയ്ക്കാന്‍ പോലും ആളുകള്‍ തയ്യാറാകുന്നുണ്ട്. ഉദാഹരണത്തിന് പഞ്ചസാര കുറച്ച് ചായ കുടിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നു. ചിലര്‍ പ്രമേഹമില്ലാതെയും പഞ്ചസാര വേണ്ടെന്ന് വയ്ക്കുന്നു.

എന്നാല്‍ ഈ ശ്രദ്ധയുടെ ഇരട്ടിയിലധികം ശ്രദ്ധിക്കേണ്ട ചില അപകടങ്ങള്‍ നമ്മള്‍ വിട്ടുപോകുന്നുണ്ട്. അതിലൊന്നിനെപ്പറ്റിയാണ് പറയുന്നത്. പഞ്ചസാരയേക്കാളും ഉപ്പിനേക്കാളും സൂക്ഷിച്ചിരിക്കേണ്ട വെളുത്ത വിഷം, അഥവാ എം.എസ്.ജി. 

സോഡിയം ഗ്ലൂട്ടാമേറ്റ് അല്ലെങ്കില്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് (എം.എസ്.ജി) ആണ് ഈ നിശബ്ദ കൊലപാതകി. വെളുത്ത നിറത്തില്‍ ക്രിസ്റ്റല്‍ രൂപമാണ് എം.എസ്.ജിയുടേത്. പൊതുവേ ടിന്നിലടച്ച ഭക്ഷണത്തിലും റെസ്റ്റോറന്റുകളില്‍ വിളമ്പുന്ന രുചികരമായ ഭക്ഷണത്തിലുമൊക്കെയാണ് ഇത് കാണുന്നത്. ഭക്ഷണത്തെ അതിന്റെ യഥാര്‍ത്ഥ രുചിയില്‍ നിന്ന് അല്‍പം കൂടി രുചിയുള്ളതായി നാവിന് തോന്നിക്കുന്ന മാന്ത്രികതയാണ് എം.എസ്.ജിയുടെ ധര്‍മ്മം. അതുകൊണ്ട് തന്നെ എം.എസ്.ജി അടങ്ങിയ ഭക്ഷണം സ്ഥിരം കഴിക്കുന്നത് ലഹരിക്ക് അടിപ്പെടും പോലെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വീണ്ടും വീണ്ടും ഒരേ സാധനം കഴിക്കാനുള്ള കൊതിയുണ്ടാകുന്നു. ചിലയിനം ഭക്ഷണത്തോടുള്ള ഈ അത്യാര്‍ത്തി പൊണ്ണത്തടിക്കും അതുവഴി നിരവധി അസുഖങ്ങള്‍ക്കും കാരണമാകുന്നു.

പ്രത്യേകിച്ച് മാംസാഹാരങ്ങളിലാണ് ഇത് ചേര്‍ക്കുന്നത്. ഫ്രൈഡ് ചിക്കന്‍, സൂപ്പുകള്‍.. അങ്ങനെയൊക്കെ. കൂടാതെ പാക്കറ്റ് ചിപ്‌സ്, സോസേജുകള്‍, ഹോട്ട് ഡോഗ്‌സ്... എന്തിന് പറയുന്നു ബിയറില്‍ വരെ എം.എസ്.ജി കലര്‍പ്പ് കണ്ടെത്തിയിട്ടുണ്ട്. 

അതായത് നഗരങ്ങളില്‍ ജീവിക്കുന്ന ഒരു ശരാശരിക്കാരന്റെ ശരീരത്തിലേക്ക് ദിവസവും ഇത്തരി എം.എസ്.ജി കടന്നുകൂടുന്നുവെന്ന് അര്‍ത്ഥം. വളരെ കുറഞ്ഞ അളവില്‍ ഇത് ശരീരത്തിലെത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും അളവൊന്ന് തെറ്റിയാല്‍ വലിയ അപകടമാണ് എം.എസ്.ജിയുണ്ടാക്കുക. 

ഏത് വിഷത്തേയും പോലെ തലച്ചോറിനെത്തന്നെയാണ് എം.എസ്.ജി ക്രമേണ ബാധിക്കുന്നത്. കൂടാതെ മൈഗ്രേന്‍, ക്ഷീണം, മയക്കം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, നെഞ്ചുവേദന തുടങ്ങി ഒരുപിടി അസുഖങ്ങളുമുണ്ടാക്കുന്നുണ്ട്. ആരോഗ്യപരമായ പ്രശ്‌നങ്ങളെല്ലാം തന്നെ പതിയെ മാനസികമായി ബാധിക്കാനും തുടങ്ങുന്നു. 

എം.എസ്.ജി ചിലയിനം പച്ചക്കറികളിലും പരിപ്പ് വര്‍ഗങ്ങളിലും ഒക്കെ മിതമായി രീതിയല്‍ പ്രകൃത്യ അടങ്ങിയിട്ടുണ്ട്. എങ്കിലും രുചികരമായ ഭക്ഷണത്തിനായി വ്യാവസായികാടിസ്ഥാനത്തില്‍ വന്‍ തോതില്‍ എം.സ്.ജി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നുണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.