മാനസികരോഗിയായ മനുഷ്യന്റെ വയറ്റില്‍നിന്ന് ഡോക്‌ടര്‍മാര്‍ ശസ്‌ത്രക്രിയയിലൂടെ 638 ആണികള്‍ നീക്കം ചെയ്തു. കൊല്‍ക്കത്തയിലാണ് സംഭവം. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ ഗോബര്‍ഡന്‍ഗയില്‍നിന്നുള്ള രോഗിയുടെ വയറ്റില്‍നിന്നാണ് ഒരുകിലോയോളം ഭാരമുള്ള 638 ആണികള്‍ നീക്കം ചെയ്തത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയത് കൊല്‍ക്കത്ത മെഡിക്കല്‍കോളേജിലെ ഡോ. സിദ്ദാര്‍ത്ഥ ബിശ്വാസും സംഘവുമാണ്. പത്ത് സെന്റിമീറ്ററുള്ള കുഴല്‍ വയറ്റിലിറക്കി, കാന്തം ഉപയോഗിച്ചാണ് ആണികള്‍ മുഴുവന്‍ വലിച്ചെടുത്തത്. ഏറെ ശ്രമകരമായ ശസ്‌ത്രക്രിയയാണ് നടത്തിയതെന്ന് ഡോ. ബിശ്വാസ് പറഞ്ഞു. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ മാസമാണ് രോഗി ആശുപത്രിയിലെത്തിയത്. പിന്നീട്, എക്‌‌സ് റേ, എന്‍ഡോസ്‌കോപ്പി എന്നിവയിലൂടെയാണ് അസുഖം കണ്ടെത്തിയത്. രണ്ടു മുതല്‍ രണ്ടര ഇഞ്ച് വരെ നീളമുള്ള ആണിയാണ് കണ്ടെടുത്തത്. മാനസികരോഗം കടുത്തതോടെയാണ് ഇയാള്‍ ആണി വിഴുങ്ങുന്നത് ശീലമാക്കിയത്. ആണി കൂടാതെ, വയറ്റിനുള്ളില്‍ മണലിന്റെ അംശവും കണ്ടെടുത്തിരുന്നു.