വേദനയുടെ കാരണമറിയാന്‍ വൃദ്ധയെ അള്‍ട്രാ സൗണ്ട് സ്കാനിംഗിന് വിധേയയാക്കിയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് കണ്ട് ഞെട്ടി. ഇത്രയും വിജയകരമായ ശസ്ത്രക്രിയ ഈ അടുത്ത കാലത്തൊന്നും രാജ്യത്ത് നടന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍

കല്യാണി: ഗുരുതരമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ വൃദ്ധയുടെ അസുഖമറിഞ്ഞതോടെ ഡോക്ടര്‍മാരുടെ സംഘം ഞെട്ടിപ്പോയി. വേദന സഹിക്കാനാകുന്നില്ലെന്നറിയിച്ചപ്പോള്‍ ഗ്രാമവാസികളാണ് അറുപതുകാരിയായ ആരതി അധികാരിയെ ആശുപത്രിയിലെത്തിച്ചത്. 

വേദനയുടെ കാരണമറിയാനായിരുന്നു ആരതിയെ അള്‍ട്രാസൗണ്ട് സ്‌കാനിംഗിന് വിധേയയാക്കിയത്. സ്‌കാനിംഗ് റിപ്പോര്‍ട്ട് കണ്ട ഡോക്ടര്‍മാര്‍ ഞെട്ടി. വൃദ്ധയുടെ അണ്ഡാശയത്തനകത്ത് ഭീമാകാരിയായ ഒരു മുഴ. ഇതാണ് കടുത്ത വേദനയുണ്ടാകാനുള്ള കാരണം. 

തുടര്‍ന്ന് കല്യാണി ജെ.എന്‍.എം ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം അസി.പ്രൊഫസറായ മൃഗങ്ക മൗലിയുടെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘം ശസ്ത്രക്രിയ നടത്തി. 35 കിലോഗ്രാം ഭാരമുള്ള മുഴയായിരുന്നു വൃദ്ധയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഈ അടുത്ത കാലത്തൊന്നും രാജ്യത്ത് ഇത്രയും വലിപ്പത്തിലുള്ള ഒരു മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. 

ശസ്ത്രക്രിയയ്ക്ക് ശേഷം ആരതി നിരീക്ഷണത്തിലാണിപ്പോള്‍. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും നേരിടുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.