സാധാരണഗതിയില്‍ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോഴാണ് വയര്‍ കെട്ടിവീര്‍ക്കുകയും ഗ്യാസ് വന്ന് നിറയുകയും ചെയ്യാറ്. എന്നാല്‍ ചിലര്‍ക്ക് ഇതൊരു സ്ഥിരം പ്രശ്‌നമായിരിക്കും. എന്തുതന്നെയാണെങ്കിലും വയര്‍ കെട്ടിവീര്‍ത്തുകണ്ടാല്‍ വീട്ടിലെ മുതിര്‍ന്നവര്‍ ഉടന്‍ ഉപദേശവുമായി എത്തും. അല്‍പം മല്ലി ചവച്ചരച്ച് കഴിക്കാന്‍. 

യഥാര്‍ത്ഥത്തില്‍ ഉദരസംബന്ധമായ ഈ പ്രശ്‌നത്തിന് മല്ലി ഒരു പരിഹാരമാണോ? സംശയം വേണ്ട, ആണെന്ന് ഉറപ്പിച്ച് പറയുകയാണ് ആരോഗ്യവിദഗ്ധര്‍. മിക്കപ്പോഴും ദഹനപ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന മാറ്റങ്ങളാണ് വയര്‍ വീര്‍ക്കുന്നതിനും ഗ്യാസുണ്ടാകുന്നതിനുമെല്ലാം കാരണമാകുന്നത്. മല്ലി കഴിക്കുന്നത് ദഹനപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു.

മല്ലിയിലടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങള്‍ ഗഹനത്തെ ആക്കപ്പെടുത്തുന്ന 'എന്‍സൈം' ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. കുടലില്‍ ദഹനമില്ലാതെ കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് ദഹനം എളുപ്പത്തിലാക്കുന്നു. ഇതോടെ വയറ്റിനകത്തെ അസ്വസ്ഥതയ്ക്ക് ശമനം കിട്ടുന്നു. വയര്‍ വീര്‍ക്കുന്നത് മാത്രമല്ല, ഗ്യാസ് മൂലമുണ്ടാകുന്ന വേദന, തല കറക്കം എന്നിവയ്ക്കും ശമനമുണ്ടാക്കാന്‍ ഒരു പരിധി വരെ മല്ലിക്ക് കഴിവുണ്ട്. 

ഇതിനെല്ലാം പുറമെ ഫൈബര്‍, മഗ്നീഷ്യം, വിറ്റാമിന്‍- ഇ, സി, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിന്‍, നിയാസിന്‍, കരോട്ടിന്‍ എന്ന് തുടങ്ങി ശരീരത്തിന് ഗുണകരമാകുന്ന ഒരുപിടി ഘടകങ്ങളുടെ കലവറ കൂടിയാണ് മല്ലി. വീട്ടില്‍ എല്ലായ്‌പോഴും ലഭ്യമാകുന്ന ഒന്ന് എന്ന നിലയ്ക്ക് ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ മല്ലി കഴിക്കുന്നതിലൂടെ കഴിയുമെന്ന് കാര്യത്തില്‍ ഇനി സംശയം വേണ്ട. 

വെറുതെ മല്ലി കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് സലാഡിലോ മറ്റേതെങ്കിലും വിഭവങ്ങളിലോ ഒക്കെ ചേര്‍ത്ത് ആവശ്യാനുസരണം മല്ലി കഴിക്കാം. ഇതൊന്നുമല്ലെങ്കില്‍ മല്ലി വച്ച് ഒരു ചൂടുചായ അങ്ങ് കാച്ചിക്കഴിക്കണം. ചായയെന്ന് കേട്ട് തെറ്റിദ്ധരിക്കേണ്ട, ചായപ്പൊടിയോ പഞ്ചസാരയോ ഒന്നും ചേര്‍ക്കാതെ വെറും തിളച്ച വെള്ളത്തില്‍ അല്‍പം മല്ലി ചേര്‍ത്ത്., അല്‍പനേരം വച്ച ശേഷം അരിച്ചെടുക്കുന്നതിനെയാണ് മല്ലിച്ചായ എന്നതുകൊണ്ട് ഉദ്ദേശിച്ചത്.