പൊതുവേ പഴങ്ങളില്‍ പ്രയോഗിക്കുന്ന കീടനാശിനികളെല്ലാം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. ശ്വാസകോശ സംബന്ധമായ അസ്വസ്ഥകള്‍, അലര്‍ജി, തലവേദന, കണ്ണിലും തൊലിയിലുമുണ്ടാകുന്ന അസ്വസ്ഥത, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രധാന പ്രശ്‌നങ്ങള്‍

ചിലര്‍ മുന്തിരി കഴിക്കും മുമ്പ് വെള്ളത്തില്‍ അല്‍പസമയം മുക്കിവയ്ക്കാറുണ്ട്. ചിലര്‍ രാത്രി മുഴുവനും വെള്ളത്തില്‍ മുക്കിവച്ച് രാവിലെ കഴിക്കും. എന്നാല്‍ ഭൂരിപക്ഷം പേരും കടയില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന് വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത ശേഷം കഴിക്കുകയാണ് പതിവ്. യഥാര്‍ത്ഥത്തില്‍ മുന്തിരി ഉള്‍പ്പെടെയുള്ള പഴങ്ങള്‍ വെള്ളത്തില്‍ മുക്കിവയ്‌ക്കേണ്ടതുണ്ടോ?

ഉണ്ട് എന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മുന്തിരി മാത്രമല്ല, മാങ്ങ, പപ്പായ, ആപ്പിള്‍, പിയര്‍- ഇവയെല്ലാം കുറച്ച് മണിക്കൂര്‍ വെള്ളത്തില്‍ മുക്കിവച്ച ശേഷം കഴിക്കുന്നതാണ് ഉത്തമമെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. 

ഒന്ന്...

ധാരാളം കീടനാശിനികള്‍ പ്രയോഗിച്ചാണ് പല പഴങ്ങളും കൃഷി ചെയ്യുന്നത്. ഒന്നോ രണ്ടോ തവണ കഴുകിയത് കൊണ്ട് മാത്രം മാരകമായ കീടനാശിനിയുടെ അവശിഷ്ടങ്ങള്‍ പഴങ്ങളില്‍ നിന്ന് പോകണമെന്നില്ല. അതിനാല്‍ തന്നെ വെള്ളത്തില്‍ മുക്കിവച്ച ശേഷം പിന്നീട് കഴിക്കുന്നതാണ് നല്ലത്. 

പൊതുവേ പഴങ്ങളില്‍ പ്രയോഗിക്കുന്ന കീടനാശിനികളെല്ലാം തന്നെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. ശ്വാസകോശ സംബന്ധമായ അസ്വസ്ഥകള്‍, അലര്‍ജി, തലവേദന, കണ്ണിലും തൊലിയിലുമുണ്ടാകുന്ന അസ്വസ്ഥത, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങളാണ് പ്രധാനമായും ഇവയുണ്ടാക്കുക. 

രണ്ട്...

മിക്ക പഴങ്ങളും ശരീരത്തിനകത്ത് ചെന്നാല്‍ ചൂട് ഉത്പാദിപ്പിക്കുന്നവയാണ്. തണ്ണിമത്തന്‍, മാങ്ങ, പപ്പായ, പിയര്‍ തുടങ്ങിയവയെല്ലാം ശരീരത്തിനകത്ത് ചൂട് ഉത്പാദിപ്പിക്കും. ഇത് ദഹനമുള്‍പ്പെടെയുള്ള ആന്തരിക പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാനിടയുണ്ട്. കൂടാതെ വയറിളക്കം, തൊലിയടര്‍ന്നിളകുക എന്നീ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയേക്കാം. എന്നാല്‍ വെള്ളത്തില്‍ മുക്കിവച്ച പഴങ്ങളാണെങ്കില്‍ ചൂട് ഉത്പാദിപ്പിക്കുന്നത് വളരെ കുറവായിരിക്കും.