ഭുവനേശ്വർ: യജമാനനോട് കൂറുള്ള മൃ​ഗമാണ് നായ്ക്കൾ. പലപ്പോഴും യജമാനന്റെ ജീവൻ രക്ഷിക്കാൻ ഈ വളർത്തുനായ്ക്കൾ കഠിനമായി
പ്രയത്നിക്കാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഒഡീഷയിൽ നിന്ന് വരുന്നത്. ഖുർദ ജില്ലയിലെ ജാൻല എന്ന ​ഗ്രാമത്തിലെ സുനിൽ കൃഷ്ണ സമൻട്രെയുടെ വളർത്തു നായയാണ് ലാദൻ. ഈ വളർത്തുനായ സ്വന്തം ജീവൻ പണയം വച്ചാണ് സുനിൽ കൃഷ്ണയുടെ രണ്ട് പേരക്കുട്ടികളെയും രക്ഷിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം വീടിന്റെ മു‌റ്റത്ത് കളിക്കുകയായിരുന്നു കുട്ടികൾ. മുത്തശ്ശനടങ്ങുന്ന കുടുംബാം​ഗങ്ങളും ഇവർക്കൊപ്പം മുറ്റത്ത് ഉണ്ടായിരുന്നു. ഈ വേളയിലാണ് അഞ്ചടി നീളമുള്ള മൂർഖൻ രം​​ഗപ്രവേശനം ചെയ്തത്. മൂർഖനെ കണ്ടതും കുട്ടികൾ നിലവിളിക്കാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട ലാദൻ ഉടൻ തന്നെ പാമ്പിന് മുകളിൽ ചാടി വീണു. നീണ്ടു നിന്ന പരിശ്രമിത്തിനൊടുവിൽ മൂർഖനെ ലാദൻ കടിച്ചുകീറി.

എന്നാൽ, പോരാട്ടത്തിനൊടുവിൽ ലാദൻ ചത്തുവീഴുകയായിരുന്നു. ആക്രമണത്തിനിടയിൽ പാമ്പ് നിരവധി തവണ ലാദനെ ആഞ്ഞ് കടിച്ചിരുന്നു.  വളർത്തു നായ്ക്കൾ സ്വന്തം ജീവൻ പണയം വച്ച് യജമാന്മാരെ രക്ഷിക്കുന്ന സംഭവങ്ങൾ മുമ്പും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.