"തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് മതമെന്ന് ഭയന്ന് മിണ്ടാതിരുന്നാല്‍ നഷ്ടം സമൂഹത്തിനാണ്. ഇല്ലാതാവുന്നത് ഒരു തലമുറയുടെ ആരോഗ്യമാണ്. പറയുന്നതില്‍ നിന്നുണ്ടാകാന്‍ പോകുന്ന ഭവിഷ്യത്ത് മതത്തെ എതിര്‍ത്തു എന്ന വാദമാണ്, അതില്‍ കഴമ്പില്ലെന്നുറപ്പാണ്. അങ്ങനെയൊരു കുറിപ്പല്ലിത്. മതവിശ്വാസികളുടെ ബോധമില്ലായ്മ 'ഇസ്‌ലാമിനെ കുറ്റപ്പെടുത്തല്‍' ആയി ചേര്‍ത്തു വായിച്ച് അസഭ്യം പറയുന്നത് സ്വന്തം നിലവാരം വിളിച്ചറിയിക്കും. ഗൗനിക്കുന്നില്ല"- ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിലെ പ്രസക്ത ഭാഗമാണിത്. ഇപ്പോള്‍ സംസ്ഥാനത്ത് നടന്നുവരുന്ന മീസില്‍ റൂബെല്ല വാക്‌സിന്‍ എടുക്കുന്നതില്‍നിന്ന് മുസ്ലീം സമുദായം കാട്ടുന്ന വിമുഖതയ്‌ക്കെതിരെയാണ് ഡോ. ഷിംനയുടെ ഫേസ്ബുക്ക് പോസ്റ്റ്. മതനേതാക്കള്‍ പോലും ആഹ്വാനം ചെയ്തിട്ടും മലബാറിലെ മുസ്ലീങ്ങള്‍ വാക്‌സിന്‍ എടുപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഡോ. ഷിംന കുറ്റപ്പെടുത്തുന്നു.

വിയര്‍ത്ത് പണിയെടുത്തിട്ടും വാചാലയായിട്ടും വാക്‌സിന്‍ വിരുദ്ധതയുടെ തായ്‌വേരുകള്‍ പറിച്ചെറിയാന്‍ സാധിക്കാതെ ആകുലയായ ഒരുവളുടെ വരികളാണ്. തിരുത്തുകളിലേക്ക് തിരിച്ചയക്കാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കട്ടെയെന്ന് പറഞ്ഞുകൊണ്ടാണ് ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

വല്ലതും തിരിഞ്ഞ്ക്ക്‌ണോ? ഒരു ജില്ലയിലെ മുസ്‌ലിം സമുദായത്തിന്റെ ശതമാനം കൂടുന്നതിന് അനുസരിച്ച് മീസില്‍സ് റുബെല്ല കുത്തിവെപ്പിന്റെ ശതമാനം കുറയും. ഞാന്‍ പറഞ്ഞതല്ല, ഇന്നലെ വരെയുള്ള കണക്കുകള്‍ അറിയാന്‍ കൂടെയുള്ള ചിത്രമൊന്ന് ശ്രദ്ധിച്ചാല്‍ മതി.

അതായത്, As per the Law of MR campaign , 'The percentage of MR vaccination in a ditsrict is inversely proportional to the percentage of muslims in that respective ditsrict.'

അപ്പോള്‍ ഏതാണ്ട് നൂറ് ശതമാനം മുസ്‌ലിം നിവാസികളുള്ള ലക്ഷ്വദീപില്‍ 92% കുത്തിവെപ്പ് എടുത്തല്ലോ?

അത് കേരളമല്ലല്ലോ. പിന്നെ, നടുക്കടല്‍ വഴി വാക്‌സിന്‍വിരുദ്ധ മെസേജ് ഒഴുകിച്ചെല്ലാന്‍ നെറ്റ് കിട്ടുന്നില്ലായിരിക്കും !

അപ്പോള്‍ സോഷ്യല്‍ മീഡിയ മാത്രമാണോ പ്രതി? മുസ്‌ലിം സമുദായത്തിന് എന്താണിത്ര ശാസ്ത്രവിരുദ്ധത? ആരെയാണവര്‍ ഭയക്കുന്നത്?

'ഇഖ്‌റഅ്' (വായിക്കുക) എന്ന വാചകമാണ് ഇസ്‌ലാം മതത്തിലെ വിശുദ്ധഗ്രന്ഥമായ ഖുര്‍ആനില്‍ ആദ്യമായി അവതരിച്ച വരി. എത്ര പേര്‍ ആ സന്ദേശം ഉള്‍ക്കൊണ്ട് ജീവിക്കുന്നു? അറിവ് സമ്പാദിക്കല്‍ നിര്‍ബന്ധമായ ഒരു സമുദായമെന്തേ മറ്റുള്ളവര്‍ക്ക് മുന്നില്‍ ഇത്ര ദാരുണമായ രീതിയില്‍ അപഹാസ്യരായിപ്പോകുന്നു? കുറേ പേര്‍ മതനേതൃത്വത്തെ പഴിച്ചു. മതനേതാക്കള്‍ ഇത് പോലെ പിന്തുണച്ച ഒരു ആരോഗ്യപരിപാടി അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല.

നേരില്‍ കണ്ടൊരു ഉദാഹരണം എഴുതാം മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ ബഹുഭൂരിഭാഗവും അമുസ്‌ലിം കുട്ടികള്‍ പഠിക്കുന്ന ഒരു സ്‌കൂളില്‍ ഇന്നലത്തെ മാത്രം വാക്‌സിനേഷന്‍ കവറേജ് 92% ആണ്. ഇതേയിടത്ത്, മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള നൂറു ശതമാനം മുസ്‌ലിം കുട്ടികളുള്ള സ്‌കൂളില്‍ 28% മാത്രമാണ് വാക്‌സിനേഷന്‍ കവറേജ്.

ഒരേ മേഘക്കീറ് കുളിര്‍ത്ത് പെയ്യുന്ന മഴയില്‍ നനയാന്‍ മാത്രമുള്ള ദൂരത്തിനകത്ത് എങ്ങനെയാണ് ഇത് രണ്ടും ഉള്‍ക്കൊള്ളാനാകുക? ഇസ്‌ലാം മതം എപ്പോഴാണ് രോഗം പ്രതിരോധിക്കരുത് എന്ന് അനുശാസിച്ചത്? ഈ തെറ്റിദ്ധാരണയില്‍ നിന്ന് പുറത്ത് വന്നില്ലെങ്കില്‍ നഷ്ടം മുസ്‌ലിം സമുദായത്തിലെ അംഗങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ്?

ഈ വാക്‌സിന്‍ വിരുദ്ധപ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന ഭൂരിപക്ഷവും മറ്റ് മതക്കാരാണെന്നതും എന്നാല്‍ പുറത്തു വന്ന കണക്കുകളനുസരിച്ച് ഇവരുടെ ഇരകളായി ടാര്‍ഗറ്റ് ചെയ്യപ്പെട്ടത് മുഖ്യമായും മുസ്ലീം സമുദായം മാത്രമാണെന്നതും വെറും യാദൃശ്ചികത മാത്രമാണെന്ന് പറഞ്ഞ് എഴുതിത്തള്ളാന്‍ തോന്നുന്നുണ്ടോ?

അല്ലാത്ത കാര്യങ്ങള്‍ക്കെല്ലാം സാമുദായികനേതാക്കളെ അന്ധമായി പിന്‍പറ്റുന്നവരാണ് മലബാറിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളും. ബഹുമാന്യരായ കാന്തപുരം ഉസ്താദ്, ആലിക്കുട്ടി ഉസ്താദ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, നൗഷാദ് ബാഖവി എന്ന് തുടങ്ങി വിവിധ സാമുദായിക നേതാക്കള്‍ ഈ കുത്തിവെപ്പ് ചെയ്യണമെന്ന് ആഹ്വാനം ചെയ്തു. ആരെങ്കിലും അനുസരിച്ചോ ആവോ !

ഡോക്ടര്‍മാര്‍ ഓഫ്‌ലൈനും ഓണ്‍ലൈനും നടത്തിയ സകല ബോധവല്‍ക്കരണങ്ങളെയും പുച്ഛിച്ചും ആക്ഷേപിച്ചും നടന്നവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റിട്ടയേര്‍ഡ് പ്രഫസര്‍ ഡോ.ഖദീജ മുംതാസ് മാലാഖയായി. അവരുടെ വ്യക്തിപരമായ വാക്‌സിന്‍ വിരുദ്ധത വേദവാക്യമായി.

കാര്യം ഇത്രയേയുള്ളൂ അവനവന് താല്‍പര്യമുള്ളതും കേള്‍ക്കാന്‍ ഇഷ്ടമുള്ളതും ആര് പറഞ്ഞാലും അത് സ്വീകരിക്കും !

ഇത്രയും പ്രാധാന്യത്തോടെ ഒരു യജ്ഞം സര്‍ക്കാര്‍ തുടങ്ങിയപ്പോള്‍ 'ന്യൂനപക്ഷ ഉന്മൂലനം', 'വന്ധ്യംകരണം', 'ഓട്ടിസം ഉണ്ടാക്കല്‍' എന്നെല്ലാം പുലമ്പിയത് വിശ്വസിക്കാന്‍ മല്‍സരിച്ചു എന്റെ സമുദായക്കാര്‍. എത്ര പേര്‍ വായിക്കാനോ പഠിക്കാനോ തയ്യാറായി? എത്ര പേര്‍ കൃത്യമായി കാര്യങ്ങള്‍ അന്വേഷിച്ചു? ഡിഫ്തീരിയ മരണങ്ങള്‍ ഉണ്ടായിട്ടും കണ്ണ് തുറക്കാതെ ഒരു ജില്ലയുടെ തന്നെ ആരോഗ്യ അടിത്തറയുടെ അടിവാരം തോണ്ടാന്‍ വന്ന തുരപ്പന്‍മാരുടെ മുന്നില്‍ വിഡ്ഢികളായി നിന്ന് കൊടുത്തില്ലേ ഈ സമുദായം? ഇത് തന്നെയല്ലേ കോഴിക്കോടും സംഭവിച്ചത്?

കഴിഞ്ഞ വര്‍ഷം ഡിഫ്തീരിയയും മീസില്‍സും കൊണ്ടു പോയ മക്കള്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍, ആരോഗ്യവകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന മുസ്‌ലിം ഡോക്ടര്‍ എഴുതുമ്പോള്‍ അതിന് പ്രത്യേകിച്ചൊരു സ്വീകാര്യത കിട്ടുമെന്നൊരു മിഥ്യാപ്രതീക്ഷയൊന്നും ഇപ്പോഴും എനിക്കില്ല. സങ്കടത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ വരുന്നൊരു ഈര്‍ഷ്വയുണ്ട്. വരികളില്‍ ആ അരിശം പതഞ്ഞുയരുന്നത് ക്ഷമിക്കുക. ഇനിയും പറയാതിരിക്കാന്‍ വയ്യ. നാളെ രോഗം സഹിക്കാന്‍ പോകുന്ന സമുദായത്തിന്റെ പ്രതിനിധിയുടെ വേദനയായി മാത്രം കണ്ടാല്‍ മതി.

തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് മതമെന്ന് ഭയന്ന് മിണ്ടാതിരുന്നാല്‍ നഷ്ടം സമൂഹത്തിനാണ്. ഇല്ലാതാവുന്നത് ഒരു തലമുറയുടെ ആരോഗ്യമാണ്. പറയുന്നതില്‍ നിന്നുണ്ടാകാന്‍ പോകുന്ന ഭവിഷ്യത്ത് മതത്തെ എതിര്‍ത്തു എന്ന വാദമാണ്, അതില്‍ കഴമ്പില്ലെന്നുറപ്പാണ്. അങ്ങനെയൊരു കുറിപ്പല്ലിത്. മതവിശ്വാസികളുടെ ബോധമില്ലായ്മ 'ഇസ്‌ലാമിനെ കുറ്റപ്പെടുത്തല്‍' ആയി ചേര്‍ത്തു വായിച്ച് അസഭ്യം പറയുന്നത് സ്വന്തം നിലവാരം വിളിച്ചറിയിക്കും. ഗൗനിക്കുന്നില്ല.

ലക്ഷദ്വീപിലെ മുസ്‌ലിമിന് ചെയ്യാമെങ്കില്‍ കേരളത്തിലെ 'ഠ' വട്ടത്തില്‍ എന്താണ് സംഭവിക്കുന്നത്? നാമമാത്രമായി ഈ സമുദായമുള്ള പത്തനംതിട്ടയാണ് വാക്‌സിനേഷനില്‍ ആദ്യസ്ഥാനത്ത്. കണക്കുകള്‍ പറയുന്ന സത്യം ഇനിയെങ്കിലും കണ്ടില്ലെന്ന് നടിക്കരുത്.

വാക്‌സിന്‍വിരുദ്ധര്‍ക്ക് കൃത്യമായ ഗൂഢലക്ഷ്യങ്ങളുണ്ട്. അവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ തുനിയാത്ത സര്‍ക്കാരിന്റെ ഉറക്കം നടിക്കലിനോട് വലിയ പ്രതിഷേധമുണ്ട്. കണ്ടാലും കൊണ്ടാലും പഠിക്കാത്ത എന്റെ സമുദായത്തോട് ഇനിയേത് രൂപത്തില്‍ പറഞ്ഞ് മനസ്സിലാക്കുമെന്ന അങ്കലാപ്പുമുണ്ട്.

ഒന്നുറപ്പാണ്, വാക്‌സിന്‍ കൊണ്ട് തടയാവുന്ന രോഗങ്ങളാലുള്ള ദുരിതം ഇനിയും നെഞ്ചത്ത് കുത്തുന്നത് മലപ്പുറത്തെയും കോഴിക്കോട്ടെയും മുസ്‌ലിം കുട്ടികളെ തന്നെയാകും. അംഗസംഖ്യ കുറയാനുള്ള എല്ലാ സാധ്യതയുമുണ്ട് വാക്‌സിന്‍ എടുക്കാതെ രോഗം വന്നിട്ടാണെന്ന് മാത്രം.

വിയര്‍ത്ത് പണിയെടുത്തിട്ടും വാചാലയായിട്ടും വാക്‌സിന്‍ വിരുദ്ധതയുടെ തായ്‌വേരുകള്‍ പറിച്ചെറിയാന്‍ സാധിക്കാതെ ആകുലയായ ഒരുവളുടെ വരികളാണ്.
തിരുത്തുകളിലേക്ക് തിരിച്ചയക്കാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കട്ടെ...