Asianet News MalayalamAsianet News Malayalam

ഇമ്മാതിരി സീനൊന്നും വേണ്ട... നിങ്ങൾ പ്രസവിച്ച്‌ കിടക്കുകയോ നടക്കുകയോ ഇരിക്കുകയോ ചെയ്യൂ

Dr Shimna azeez Fb Post About Period After Delivery
Author
First Published Feb 20, 2018, 10:20 AM IST

വാക്സിനേഷന‍ുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാന്‍ മലപ്പുറത്തു നിന്ന് ഒറ്റയാള്‍ പോരാട്ടം നടത്തുന്നതിലൂടെയാണ് ഡോക്ടര്‍ ഷിംന അസീസ് ശ്രദ്ധിക്കപ്പെട്ടത്. ആരോഗ്യ സംബന്ധമായ നിരവധി കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയില്‍ ഇടപെടുന്ന ഡോക്ടര്‍ ഷിംന അസീസ് ഗര്‍ഭ കാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ചും ആവശ്യമില്ലാത്തെ ശീലങ്ങളെ കുറിച്ചും വിവരിക്കുന്ന  ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

പത്ത്‌ മാസം കുഞ്ഞാവയെ വയറ്റിൽ കൊണ്ടു നടക്കുമ്പോൾ മുറ്റമടിക്കാനും നെല്ല്‌ കുത്താനും ചപ്പാത്തി കുഴക്കാനും പറയും. എല്ലാം കഴിഞ്ഞ്‌ ഒരു വിധത്തിൽ കഷ്‌ടപ്പെട്ട്‌ പ്രസവിക്കുകയോ അതിലും എടങ്ങേറായി സിസേറിയന്‌ വിധേയയാകുകയോ ചെയ്‌തു കഴിഞ്ഞാൽ പിന്നെ തുടങ്ങും 'പ്രസവരക്ഷ'. കിടപ്പും ഇരിപ്പും നടപ്പും ഭക്ഷണം കഴിപ്പിക്കുന്നതിൽ മൽസരിക്കലുമാണ്‌ ഈ പരിപാടിയുടെ പ്രധാന അജണ്ട. അത്‌ പ്രകാരം അറ്റൻഷനിൽ കിടക്കുന്ന പുതിയ അമ്മയുടെ സൈഡിൽ ഇച്ചിരെ നേരം ഇരുന്ന്‌ അവർക്ക്‌ നമുക്ക്‌ ഇന്നത്തെ #SecondOpinion വായിക്കാൻ കൊടുക്കാം. ആഹാ, അപ്പോഴെക്കും ചുറ്റുമുള്ളവർ പറയുന്നത്‌ കേട്ടോ? പ്രസവിച്ചു കിടക്കുന്ന പെണ്ണ്‌ വായിക്കാൻ പാടില്ലാത്രേ! തൊണ്ണൂറു ഞരമ്പ് പൊട്ടിക്കിടക്കുന്നവളാണ്. എഴുന്നേറ്റ്‌ നടക്കാൻ പാടില്ല, മുടി ചീകാൻ പാടില്ല, ഉറക്കെ ചിരിക്കാൻ പാടില്ല, നടക്കാൻ പാടില്ല...സർവ്വത്ര ബഹളം! ഇതൊക്കെ ആരുണ്ടാക്കിയ കോലാഹലമാണോ എന്തോ...സർവ്വത്ര അസംബന്ധം !

സത്യത്തിൽ പ്രസവം എന്ന്‌ പറയുന്ന സംഗതി വളരെ സ്വാഭാവികമായ ഒന്നാണ്‌. പത്ത്‌ മാസം കൃത്യമായി ഡോക്‌ടറെക്കണ്ട്‌, വേണ്ട പ്രസവപൂർവ്വ പരിരക്ഷ ലഭിച്ച ഗർഭിണിക്ക്‌ നമ്മുടെ നാട്ടിൽ സാമ്പ്രദായികമായി നൽകി വരുന്ന ഒരു പ്രസവരക്ഷയും ആവശ്യമില്ല. നാൽപത്‌ ദിവസം അനങ്ങാതെ കിടത്തുന്നത്‌ അനാവശ്യമാണെന്ന്‌ മാത്രമല്ല, അപകടകരവുമാണ്‌. ഇത്തരത്തിൽ അനങ്ങാതെ കിടക്കുന്നത്‌ വഴി കാലിലെ സിരകളിൽ രക്‌തം കട്ട പിടിച്ചേക്കാം. ആ രക്‌തക്കട്ട ഹൃദയത്തിലേക്ക്‌ നീങ്ങിയാൽ ഹൃദയസ്‌തംഭനത്തിന്‌ പോലും കാരണവുമാകാം. ഇത്‌ തടയാൻ വേണ്ടിയാണ്‌ സിസേറിയൻ കഴിഞ്ഞ അമ്മയെപ്പോലും കഴിയുന്നത്ര വേഗം എഴുന്നേൽപ്പിച്ചു നടത്തുന്നത്‌.

വേണ്ടത്‌ പേരിനൽപം വിശ്രമമാണ്‌. മലർന്ന്‌ തന്നെ കിടക്കണമെന്ന്‌ യാതൊരു നിർബന്ധവുമില്ല. എഴുന്നേറ്റ്‌ നടക്കുന്നതിനോ പുറത്ത്‌ പോകുന്നതിനോ വിലക്കുകൾ ആവശ്യമില്ല. സിസേറിയൻ കഴിഞ്ഞവർക്ക്‌ വയറ്റിൽ ശസ്‌ത്രക്രിയ കഴിഞ്ഞവർക്കുള്ള വിലക്കുകളായ ഭാരമുയർത്തരുത്‌, പടികൾ കയറരുത്‌, തുമ്മലും ചുമയും ശ്രദ്ധിക്കണം തുടങ്ങിയവയെല്ലാം ബാധകമാണെങ്കിൽ കൂടിയും അവർക്കും തുടർച്ചയായ ബെഡ്‌ റെസ്‌റ്റൊന്നും ആവശ്യമില്ല. പണ്ട്‌ കാലത്ത്‌ സ്‌ത്രീക്ക്‌ ആകെ വിശ്രമം കിട്ടിയിരുന്നത്‌ പ്രസവിച്ച്‌ കിടക്കുമ്പോഴായിരുന്നു എന്നത്‌ കൊണ്ട്‌ അന്ന്‌ ആനുകൂല്യം പറ്റിയ കിടപ്പാണ്‌ ഇന്നും ഒരു അനുഷ്‌ഠാനമായി അടിച്ചേൽപ്പിക്കപ്പെടുന്നത്‌.

'പെറ്റു കിടക്കുന്ന പെണ്ണിന്‌ പയ്‌ക്കാൻ പാടില്ല' എന്നും പറഞ്ഞ്‌ പുലർച്ചേ ആറരക്ക്‌ തുടങ്ങും ഭക്ഷ്യാക്രമണം. പാലൂട്ടുന്ന അമ്മയ്ക്ക് ഇരുമ്പും കാൽസ്യവും ആവശ്യത്തിന് കിട്ടണം എന്നല്ലാതെ മുട്ടയും പാലും പൊടി കലക്കിയതും ആടും നാടൻകോഴിയും ഓരോ നേരവും വിളമ്പി കുത്തിനിറക്കണ്ട യാതൊരു ആവശ്യവുമില്ല. പുരുഷാധിപത്യവും പട്ടിണിയും നിറഞ്ഞ പഴയ സമൂഹത്തിൽ പെണ്ണിന്‌ വല്ലതും രുചിയോടെ കഴിക്കാൻ കിട്ടിയിരുന്ന കാലത്തിന്റെ സ്‌മരണ പുതുക്കലാണിത്‌. പ്രസവരക്ഷ അമ്മക്ക്‌ അമിതവണ്ണത്തിനും കൊളസ്‌ട്രോളിനും ഡയബറ്റിസിനും അടിത്തറയിടുന്ന കാലമാകുന്നു എന്നതാണ്‌ ദു:ഖസത്യം. ഭർതൃവീട്ടുകാർ വരുമ്പോൾ പെറ്റു കിടക്കുന്ന പെണ്ണ്‌ 'നന്നായോ' എന്ന്‌ നോക്കുമെന്ന്‌ പേടിച്ച്‌ ഗുസ്‌തി നടത്തി തീറ്റിക്കുമെന്ന്‌ മാത്രം. ഇതിനെതിരെ 'അഖിലകേരള പെറ്റു കിടക്കുന്ന പെണ്ണുങ്ങൾ' സംഘടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു !

ആയുർവേദ ചികിത്സയെന്ന പേരിൽ അങ്ങാടിക്കടയിൽ പോയി എല്ലാവർക്കും ഒരേ മരുന്ന്‌ വാങ്ങി കൊടുക്കുന്നതും തെറ്റാണ്‌. ഇത്‌ ഞാൻ പറഞ്ഞതല്ല, പറഞ്ഞത്‌ ആയുർവേദം പഠിച്ചവരാണ്‌. ഓരോ അമ്മയും വ്യത്യസ്‌തയാണ്‌, രക്ഷ എന്ന്‌ പേരിട്ട്‌ സർവ്വർക്കും ഒരേ കഷായവും ലേഹ്യവും വാങ്ങിക്കൊടുത്ത്‌ ശിക്ഷിക്കരുത്‌. ആയുർവേദമെന്ന്‌ പേരിട്ടാൽ എന്തും ചെലവാകുന്ന രീതി പരീക്ഷിക്കേണ്ടത്‌ അമ്മയിലും അവരുടെ പാലിലൂടെ അത്‌ നേരിട്ട്‌ ബാധിക്കുന്ന നവജാതശിശുവിലുമല്ല. ഇത്തരം പ്രത്യേകമരുന്നുകൾക്കും പ്രസവശേഷം പ്രസക്‌തിയില്ല. അമിതമായ ചൂടുള്ള വെള്ളമൊഴിച്ച്‌ കുളിച്ചാൽ ഗർഭപാത്രം ചുരുങ്ങുമെന്ന്‌ പറയുന്നതും വെറുതെ. വയറുചുരുങ്ങാനും വയറിനകത്ത് കാറ്റ് കടക്കാതിരിക്കാനുമെന്ന പേരിൽ തുണികൊണ്ട് മുറുക്കിക്കെട്ടി ശ്വാസം മുട്ടിക്കുന്നതും, സിസേറിയന്റെ മുറിവിൽ അണുബാധയുണ്ടാകാനുള്ള സാധ്യത പോലും അവഗണിച്ച് കൊണ്ട് കുഴമ്പും മറ്റും തേക്കുന്നതും അമ്മയോട് ചെയ്യുന്ന ദ്രോഹമാണ്. നന്നായി മുലയൂട്ടുന്ന അമ്മയ്‌ക്ക്‌ ഗർഭപാത്രം ചുരുങ്ങാൻ ചൂടുവെള്ളത്തിൽ പുഴുങ്ങേണ്ട ആവശ്യമൊന്നുമില്ല. പ്രസവശേഷമുള്ള കൃത്യമായ വ്യായാമത്തിലൂടെ ആവശ്യമുള്ള രൂപത്തിലേക്ക് ശരീരത്തെ തിരികെ കൊണ്ടുവരാവുന്നതേയുള്ളൂ.

ചുരുക്കി പറഞ്ഞാൽ, ഇമ്മാതിരി സീനൊന്നും വേണ്ട. നിങ്ങൾ പ്രസവിച്ച്‌ കിടക്കുകയോ നടക്കുകയോ ഇരിക്കുകയോ ചെയ്യൂ. ലോകത്തെങ്ങുമില്ലാത്ത വീട്ടുതടങ്കൽ ഒന്ന്‌ പ്രസവിച്ചതിന്റെ പേരിൽ നമ്മളും അനുഭവിക്കണ്ടെന്നേ. കുഞ്ഞുവാവ വന്നത്‌ നിങ്ങളുടെ ലോകത്തിന്‌ നിറം കൂട്ടാനാണ്‌, നിറം കെടുത്താനല്ല.

.വാൽക്കഷ്‌ണം: പ്രസവശേഷം പാലൂട്ടുന്ന കാലം ആറ്‌ മാസത്തോളം ആർത്തവം വരാതിരിക്കുന്നതിന്‌ 'ലാക്റ്റേഷൻ അമിനോറിയ' എന്ന്‌ പറയും. പക്ഷേ, ഈ കാലത്തും അണ്‌ഢവിസർജനം ഉണ്ടാകാൻ സാധ്യതയുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ,സുരക്ഷിതകാലമാണ്‌- കുഞ്ഞുണ്ടാകൂല എന്നും കരുതി ആഘോഷിച്ച്‌ ഉടനടി അടുത്ത ഗർഭമുണ്ടാക്കരുത്‌. ഗർഭപാത്രം പൂർവ്വസ്‌ഥിതിയിലെത്താൻ 45 ദിവസമെങ്കിലും എടുക്കും. സിസേറിയനാണെങ്കിൽ കുറച്ച്‌ ദിവസം കൂടി ശ്രദ്ധിക്കുന്നത്‌ നല്ലതാണ്‌, അപ്പോൾ ബന്ധപ്പെടാതെ ഓളെ വെറുതെ വിട്ടേക്കുക. അതിനുശേഷം ആർമാദം ഒട്ടും കുറയ്‌ക്കേണ്ട. ഓളോടും കുഞ്ഞുവാവയോടുമുള്ള തികഞ്ഞ ഉത്തരവാദിത്വത്തോടെ മതീന്ന്‌ മാത്രം. ഓർമ്മയുണ്ടല്ലോ, ഗർഭനിരോധനമാർഗം വളരെ പ്രധാനമാണ്‌, കുഞ്ഞുങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസവും.

Follow Us:
Download App:
  • android
  • ios