സംഗീത ആൽബത്തിൽ പഴം കഴിക്കുന്ന രംഗത്തിൽ അഭിനയിച്ച ഗായിക പിടിയിലായി. ഈജിപ്ഷ്യൻ ഗായിക ഷൈമ അഹമ്മദാണ് കുടുങ്ങിയത്. യുവാക്കളിൽ ലൈംഗികാസക്തി വ‍ർദ്ധിപ്പിക്കുന്നതരത്തിലാണ് ഷൈമയുടെ അഭിനയമെന്നാണ് അധികൃതർ പറയുന്നത്. ഐ ഹാവ് ഇഷ്യൂസ് എന്ന പേരിൽ പുറത്തിറങ്ങിയ വീഡിയോയിൽ ഗായിക ഷൈമ അഭിനയിച്ചിരുന്നു. യുവാക്കളെ ബോധവൽക്കരിക്കുന്നതരത്തിൽ ആയിരുന്നു ഷൈമയുടെ അഭിനയം. ഇതിനിടയിലാണ് ഷൈമ പഴവും ആപ്പിളും കഴിക്കുന്ന രംഗം ചിത്രീകരിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈജിപ്റ്റിലെ സദാചാരമൂല്യങ്ങളെ തകർക്കുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളതെന്നായിരുന്നു ആരോപണം. യുവാക്കളിൽ ലൈംഗികാസക്തി വളർത്താനാണ് ഷൈമയുടെ അഭിനയം സഹായിക്കുകയെന്നും ആരോപണമുയ‍ർന്നു. പൊലീസിനും അധികൃതർക്കും പരാതി ലഭിച്ചതോടെ, ഉടനടി നടപടിയുമെടുത്തു. ഷൈമയെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഷൈമയ്ക്കൊപ്പം ആൽബത്തിന്റെ സംവിധായകൻ മുഹമ്മദ് ഗമാലും പിടിയിലായി. എന്നാൽ താൻ നിരപരാധിയാണെന്നും, സംവിധായകൻ പറഞ്ഞതുപോലെ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഷൈമ പറയുന്നത്.