ആധുനികവൈദ്യശാസ്‌ത്രരംഗത്ത് ഏറെ പുരോഗതി കൈവരിക്കാന്‍ സഹായിക്കുന്ന കണ്ടുപിടിത്തവുമായി ഒരുകൂട്ടം ശാസ്‌ത്രജ്ഞര്‍ രംഗത്തെത്തി. ശസ്‌ത്രക്രിയ മുറിവുകള്‍ സെക്കന്‍ഡുകള്‍കൊണ്ട് ഭേദമാക്കുന്ന സര്‍ജിക്കല്‍ ഗ്ലൂ ആണ് വികസിപ്പിച്ചെടുത്തത്. മുന്‍കാലങ്ങളില്‍ തുന്നല്‍ ഇടേണ്ടിയിരുന്ന ശസ്‌ത്രക്രിയ മുറിവുകളാണ് ഇത്തരത്തില്‍, സര്‍ജിക്കല്‍ ഗ്ലൂ ഉപയോഗിച്ച് അതിവേഗം ഉണക്കാനാകുന്നത്. ശസ്ത്രക്രിയ മുറിവുകള്‍ തുന്നുമ്പോള്‍ മുറിവ് ഭേദമാകാന്‍ ഒരാഴ്ചയിലേറെ എടുക്കും. കൂടാതെ അണുബാധയുണ്ടാകാനുള്ള സാധ്യതയും വേദനയും ആശുപത്രിവാസവും കൂടുതലായിരിക്കും. എന്നാല്‍ പുതിയ സര്‍ജിക്കല്‍ ഗ്ലൂ, ശസ്‌ത്രക്രിയ മുറിവുകള്‍ നിമിഷങ്ങള്‍കൊണ്ട് ഉണങ്ങാന്‍ സഹായിക്കും. ആശുപത്രിയില്‍ ഒരുദിവസം പോലും കിടക്കേണ്ടിവരില്ലെന്നും, അണുബാധ ഉണ്ടാകില്ലെന്നുമാണ് ഗവേഷകര്‍ ഉറപ്പ് നല്‍കുന്നത്. ഹൃദയം തുറന്നുള്ള ബൈപ്പാസ് ശസ്‌ത്രക്രിയ മുതല്‍ കരള്‍-കിഡ്നി മാറ്റിവെക്കല്‍പോലെയുള്ള മേജര്‍ ശസ്‌ത്രക്രിയകള്‍ക്കും ഈ സര്‍ജിക്കല്‍ ഗ്ലൂ ഉപയോഗിക്കാനാകും.

ഓസ്ട്രേലിയയിലെ സിഡ്നി സര്‍വ്വകലാശാലയിലെയും അമേരിക്കയിലെ ഹര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെയും ഗവേഷകരാണ് മീട്രോ എന്ന് പേരിട്ടിരിക്കുന്ന സര്‍ജിക്കല്‍ ഗ്ലൂവിന്റെ പുതിയ കണ്ടുപിടിത്തത്തിന് പിന്നിലുള്ളത്. തുന്നലിന് പകരം ഇപ്പോള്‍ പലതരം സര്‍ജിക്കല്‍ ഗ്ലൂ, സ്റ്റാപ്പിള്‍ സംവിധാനം എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കിലും, അവയൊന്നും ശരീരത്തിനുള്ളിലെ ശസ്‌ത്രക്രിയമുറിവുകള്‍ ഉണങ്ങുന്നതിന് അതിവേഗമുള്ള ഫലപ്രാപ്തിയുണ്ടാക്കുന്നില്ല. അള്‍ട്രാവൈലറ്റ് രശ്‌മികളും പ്രകൃതിദത്ത ഇലാസ്റ്റിക് പ്രോട്ടീനും ഉപയോഗിച്ചാണ് ഈ സര്‍ജിക്കല്‍ ഗ്ലൂ വികസിപ്പിച്ചെടുത്തത്. കോശകലകളുടെ പ്രതലവുമായി പെട്ടെന്ന് ഇഴുകിച്ചേര്‍ന്ന്, അവയെ കൂട്ടിയിണക്കിയാണ് മീട്രോ സര്‍ജിക്കല്‍ ഗ്ലൂവിന്റെ പ്രവര്‍ത്തനം. സാധാരണഗതിയില്‍ തുന്നല്‍ ഇടുമ്പോഴും സ്റ്റാപ്പിള്‍ ഉപയോഗിക്കുമ്പോഴും, ശരീരത്തില്‍ പാടുകള്‍ ഉണ്ടാകാറുണ്ട്. മുറിവുകളുടെ പാടും അതിവേഗം ഇല്ലാതാക്കുന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. വിവിധ മെഡിക്കല്‍ ബോര്‍ഡുകളുടെ അംഗീകാരത്തിനും പേറ്റന്റുകള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുകയാണ് പുതിയ കണ്ടുപിടിത്തം. അംഗീകാരങ്ങള്‍ ലഭ്യമാകുന്നതോടെ വ്യാവസായികമായി നിര്‍മ്മിക്കുകയും, വിപണിയിലെത്തിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്.