ഒളിംപിക്‌സിലൊക്കെ ഇന്ത്യ ഏറെ പ്രതീക്ഷ വെയ്‌ക്കുന്ന കായികയിനമായി ഷൂട്ടിങ് മാറിക്കഴിഞ്ഞു. അഭിനവ് ബിന്ദ്രയിലൂടെയും രാജ്യവര്‍ദ്ധന്‍സിങ് റാഥോഡിലൂടെയും ഗഗന്‍ നരംഗിലൂടെയും നൂറുകോടിയിലേറെ വരുന്ന ജനതയുടെ അഭിമാനം കാക്കാന്‍ ഷൂട്ടിങിനായി. ഷൂട്ടിങില്‍, നമ്മുടെ കേരളത്തിലും പ്രതീക്ഷയുടെ വെടിയൊച്ചകള്‍ മുഴങ്ങുകയാണ്, എലിസബത്ത് സൂസണ്‍ കോശി എന്ന പെണ്‍കുട്ടിയിലൂടെ. ഇക്കഴിഞ്ഞ ദേശീയഗെയിംസിലും മറ്റും സ്വര്‍ണം ഉള്‍പ്പടെ നിരവധി മെഡലുകള്‍ നേടിയ എലിസബത്തിന് സര്‍ക്കാര്‍, പൊലീസില്‍ ജോലിയും നല്‍കിക്കഴിഞ്ഞു. ഈ ക്രിസ്‌മസ് എലിസബത്തിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. ക്രിസ്‌മസ് അനുഭവങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയുമായി പങ്കുവെക്കുകയാണ് എലിസബത്ത് സൂസണ്‍ കോശി.


"എന്റെ രണ്ടാമത്തെ സഹോദരന്റെ വിവാഹം ജനുവരി മൂന്നിനാണ്. അതിന്റെ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോഴാണ്, ക്രിസ്‌മസ് കാലം എത്തിയിരിക്കുന്നത്. അഞ്ചു വര്‍ഷം മുമ്പ്, മറ്റൊരു ക്രിസ്‌മസ് കാലത്തും എലിസബത്തിന്റെ മൂത്ത സഹോദരന്റെ വിവാഹമായിരിന്നു. അന്ന് ക്രിസ്‌മസ് തലേദിവസം വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങ് വീട്ടില്‍ നടക്കുന്നു. ഏകദേശം അഞ്ഞൂറോളം അതിഥികളുമുണ്ടായിരുന്നു. വളരെ ഉല്‍സവഭരിതമായിരുന്നു ആ ദിവസം. പാട്ടും നൃത്തവുമൊക്കെയായി കടന്നുപോയത് ഇന്നും ഓര്‍മ്മയിലുണ്ട്. അപ്രതീക്ഷിതമായി അവിടേക്ക് വന്ന ക്രിസ്‌മസ് പാപ്പയുമൊക്കെ അതിഥികളെ ഏറെ സന്തോഷിപ്പിച്ചിരുന്നു. അഞ്ചു വര്‍ഷത്തിനിപ്പുറം മറ്റൊരു വിവാഹത്തിന് ഒരുങ്ങിനില്‍ക്കുകയാണ് എന്റെ വീട്.

മുമ്പൊക്കെ കുട്ടിക്കാലത്ത് ക്രിസ്‌മസ് ആഘോഷങ്ങളൊക്കെ കുടുംബത്തിനൊപ്പം തന്നെയായിരുന്നു. അതിനൊരു കാരണവും ഉണ്ടായിരുന്നു. വിദേശത്ത് ആയിരുന്ന പപ്പ, ക്രിസ്‌മസ് കാലത്താണ് വീട്ടിലേക്ക് വന്നിരുന്നത്. പപ്പയുടെ വരവിനായുള്ള കാത്തിരിപ്പായിരുന്നു ഓരോ ക്രിസ്‌മസ് കാലവും. പപ്പ വന്നു കഴിഞ്ഞാല്‍, പിന്നെ വീട്ടില്‍ ശരിക്കും ഉല്‍സവം തന്നെയായിരിക്കും. കളിയും ചിരിയുമായി ഓരോ ക്രിസ്‌മസും കടന്നുപോകും. പള്ളിയില്‍ പോകുമ്പോള്‍, കൂടുംബത്തിലെ ഈ സന്തോഷവും സമാധാനവുമൊക്കെ എന്നു നിലനില്‍ക്കണമേയെന്ന പ്രാര്‍ത്ഥന മാത്രമാണുള്ളത്. ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടാനാകുന്നത് ദൈവാനുഗ്രഹം കൊണ്ടാണ്. അതിന് എന്നെന്നും ദൈവത്തോട് കടപ്പെട്ടിരിക്കുന്നു..."

ഈ പുതുവര്‍ഷം എലിസബത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്. കായികരംഗത്തെ മികവിന് ലഭിച്ച അംഗീകാരമാണ് പൊലീസിലെ ജോലി. പരിശീലനം പൂര്‍ത്തിയാക്കി, ജോലിയിലേക്ക് പ്രവേശിക്കാന്‍ പോകുന്നു. കേരള പൊലീസിന്റെ ഭാഗമാകാന്‍ കഴിയുന്നത് അഭിമാനകരമാണെന്നും എലിസബത്ത് പറയുന്നു. ജോലിയിലും സ്‌പോര്‍ട്സിലും കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ ശ്രമിക്കും. കേരള പൊലീസിനുവേണ്ടി ഷൂട്ടിങില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ടുവരാമെന്ന പ്രതീക്ഷയും എലിസബത്ത് പങ്കുവെച്ചു.