മുലകളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പറയേണ്ട  പ്രധാനകാര്യം!!

അടുത്ത ദിവസങ്ങളിലായി ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടോയുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചര്‍ച്ച ചെയ്യുന്നത് 'മുലകളെ' കുറിച്ചാണ്. തുറന്ന മുലയട്ടലിനെ കുറിച്ച് എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍ പൊടിപൊടിക്കുമ്പോള്‍, മുലയെ കുറിച്ചു തന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് ഡോക്ടര്‍ കെപി അരവിന്ദന് പറയാനുള്ളത്. 

കേരളത്തിലെ മുലകളുടെ കാന്‍സര്‍ നിരക്കുകള്‍ അതിവേഗം വര്‍ധിക്കുകയാണെന്നതാണത്. മുലകളെ കുറിച്ച് ചര്‍ച്ച ചെയ്യാനും തുറന്നു പറയാനും ഉള്ള മടികൊണ്ട് നഷ്ടപ്പെടുന്നത് നിരവധി സ്ത്രീകളുടെ ജീവനാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മുലയെ ചുറ്റിപ്പറ്റിയുള്ള നാണത്തിനും തുറിച്ചു നോട്ടത്തിനുമെല്ലാം നമ്മള്‍ നല്‍കേണ്ട വില വളരെ വലുതാണെന്നും കുറിപ്പ് ഓര്‍മിപ്പിക്കുന്നു. 

അര്‍ബുദം ബാധിച്ചാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ വൈദ്യസഹായം ലഭിച്ചാല്‍ ഇത് പൂര്‍ണമായും മാറ്റാന്‍ സാധിക്കും. എന്നാല്‍ സാമൂഹികമായ ചുറ്റുപാടില്‍ നാണം കൊണ്ടോ മറച്ചുവയ്ക്കേണ്ടവയാണെന്ന ബോധത്തില്‍ പറയാന്‍ മടിക്കുന്നതുകൊണ്ടോ, കാര്യങ്ങള്‍ കൈവിട്ടു പോവുകയാണ് ഇത് സംബന്ധിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകളുടെ സഹായത്തോടെയാണ് ഡോക്ടര്‍ അരവിന്ദന്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ കാര്യങ്ങള്‍ വിവരിക്കുന്നത്. 

ഡോ. കെപി അരവിന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മുലകളെ പറ്റി ചർച്ച നടക്കുമ്പോൾ പറയേണ്ടതാണെന്നു തോന്നുന്ന ഒരു കാര്യം. 
കേരളത്തിൽ മുലകളുടെ കാൻസർ നിരക്കുകൾ അതിവേഗം കൂടിക്കൊണ്ടിരിക്കുകയാണ്‌. രാജ്യത്തെ ജനസംഖ്യാധിഷ്ടിത കാൻസർ റജിസ്ട്രികളിൽ (Population based cancer registry) വെച്ചു ഈ കാൻസർ ഏറ്റവും കൂടുതൽ ഉള്ളത്‌ തിരുവനന്തപുരം കാൻസർ റജിസ്ട്രിയിൽ ആണ്‌. വർഷം തോറും ഒരു ലക്ഷം പേരിൽ 40 പേർക്ക്‌ സ്തനാർബുദം പിടി പെടുന്നു. ( http://www.thehindu.com/…/breast-cancer-…/article5935823.ece ) കേരളം അതിവേഗം പാശ്ചാത്യ രാജ്യങ്ങളിലെ നിരക്കുകളോട്‌ അടുത്ത്‌ എത്തിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, കേരളത്തിൽ (ഇന്ത്യയിൽ) കാൻസർ ബാധിക്കുന്നവരുടെ ശരാശരി പ്രായം പാശ്ചാത്യരേക്കാൾ പത്തു വർഷം കുറവാണ്.
സ്തനാർബുദം ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ പൂർണമായി ചികിത്സിച്ചു ഭേദമാക്കാം. 2 സെന്റിമീറ്ററിൽ താഴെയുള്ള മുഴയാണെങ്കിൽ 90% പേരും പൂർണ സുഖം പ്രാപിക്കുന്നു.

https://www.ncbi.nlm.nih.gov/pmc/articles/PMC3457875/

എന്നാൽ മുഴകൾ നേരത്തെ കണ്ടെത്തി ചികിത്സ തേടുക എന്നത്‌ സുപ്രധാനമാണ്‌. കാൻസർ വരാൻ സാദ്ധ്യതയുള്ളവരിൽ (അമ്മ, സഹോദരി, അമ്മൂമ്മ, അമ്മയുടേയോ അച്ഛന്റേയോ പെങ്ങൾ എന്നിവർക്ക് ചെറുപ്പത്തിൽ തന്നെ സ്തനാർബുദമോ അണ്ഡാശയ അർബുദമോ വന്നവർ) ഇടക്കിടെ ഉള്ള മാമോഗ്രാഫി പോലുള്ള പരിശോധനകൾ വഴി പ്രാരംഭ ദിശയിൽ തന്നെ രോഗം കണ്ടെത്താം. ഈ ടെസ്റ്റുകൾ ചെയ്യാനുള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ കുറവാണ്. 

എന്നാൽ ഇതിലുമൊക്കെ പ്രധാനം ചെറിയ മുഴയുള്ളതായി ഒരു സ്ത്രീയ്ക്ക് സംശയം ഉണ്ടായാൽ ഉടൻ അത് ചികിത്സയിലേക്ക് നയിക്കണം എന്നതാണ്‌. നിർഭാഗ്യവശാൽ ഇതു പലപ്പോഴും സംഭവിക്കുന്നില്ല. ഇതു പുറത്തു പറയാൻ പല സ്ത്രീകളും മടിക്കുന്നു. ആദ്യമായി ചികിത്സയ്ക്കെത്തുമ്പോൾ 2 സെന്റിമീറ്ററിലും വലിയ മുഴകളാണ്‌ നമ്മുടെ നാട്ടിൽ ബഹുഭൂരിഭാഗവും. അതിൽ തന്നെ വലിയൊരു ശതമാനം 5 സെന്റിമീറ്ററിലും വലുതാണ്‌. ഇത് പറയാൻ ഇത്ര വൈകിയതെന്താണ്‌ എന്നു ചോദിക്കുമ്പോൾ നാണിച്ച് തല താഴ്ത്തുന്ന സ്ത്രീകൾ നിരവധിയാണ്‌. നമ്മുടെ നാട്ടിൽ സ്തനാർബുദം ബാധിച്ചവരുടെ മരണ നിരക്ക് പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്‌. ഇതിന്റെ മുഖ്യ കാരണം മുലയിൽ തടിപ്പോ മുഴയോ ഉണ്ടെന്ന് പുറത്തു പറയാൻ സ്ത്രീകൾ മടിക്കുന്നതു കൊണ്ടാണ്‌. 

മൂടി വെച്ച്, നിഗൂഡവൽക്കരിക്കപ്പെട്ട്, സെക്സ് ഓബ്ജെക്ട് ആക്കി മാറ്റിയ മുലകളെ ഒരു സാധാരണ അവയവമാക്കി മാറ്റിയെടുക്കേണ്ടിയിരിക്കുന്നു. അതിനെ ചുറ്റിയുള്ള ഗോപ്യതയ്ക്കും നാണത്തിനുമെല്ലാം നമ്മൾ നൽകുന്ന വില ഒരുപാടൊരുപാട് സ്ത്രീകളുടെ ജീവനാണ്‌. 
തുറിച്ചുനോട്ടത്തിനും സ്തനാർബുദ മരണങ്ങൾക്കും ഒക്കെ പിന്നിൽ ഒരേ കാരണങ്ങളാണുള്ളത്.