- Home
- Life
- Lifestyle
- 'അന്നത്തെ ദിവസം ഉറങ്ങാന്‍ തന്നെ വലിയ ബുദ്ധിമുട്ടായിരുന്നു'; അനുഭവം പങ്കുവച്ച് സൂരജ്
'അന്നത്തെ ദിവസം ഉറങ്ങാന്‍ തന്നെ വലിയ ബുദ്ധിമുട്ടായിരുന്നു'; അനുഭവം പങ്കുവച്ച് സൂരജ്
കൈയില്‍ നിറയെ പണവുമായി ഒരു രക്ഷകനെ പോലെ മുമ്പില്‍ എത്തുന്ന അല്‍ ഫുഡി സൂരജിനെ പലര്‍ക്കും സമൂഹ മാധ്യമങ്ങളിലൂടെ പരിചിതമായിരിക്കും. സൂരജുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

ക്യാഷ് ചലഞ്ച്, പ്രാങ്ക് വീഡിയോകള്‍
ഏറ്റവും കൂടുതൽ ഫുഡ് കണ്ടെന്റ് വീഡിയോകളാണ് ചെയ്തുകൊണ്ടിരുന്നത്. പിന്നീട് പ്രാങ്ക് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. യൂട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നുമൊക്കെ റെവന്യൂ വന്നു തുടങ്ങിയതിനു ശേഷം ആ പണം ഉപയോഗിച്ചാണ് ആളുകള്‍ക്ക് സര്‍പ്രൈസ് കൊടുക്കാന്‍ തുടങ്ങിയത്. അടുത്തിടെയാണ് ക്യാഷ് ചലഞ്ച് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയത്. പണം എണ്ണിയെടുക്കുന്ന ചലഞ്ച് വീഡിയോകള്‍ ആര്‍കെ വെഡ്ഡിങ് മാള്‍ സ്പോണ്‍സര്‍ ചെയ്യുന്നതാണ്. ചെറിയ പണം കൊണ്ട് ഗിഫ്റ്റ് വാങ്ങി കൊടുക്കുന്ന ചലഞ്ചൊക്കെ എന്‍റെ സ്വന്തം പണം കൊണ്ട് ചെയ്യുന്നതാണ്. ഞാൻ എനിക്ക് കിട്ടുന്നത് അവര്‍ക്ക് കൂടി കൊടുക്കുന്നു എന്നു മാത്രം. പെയ്ഡ് പ്രൊമോഷൻസും ബ്രാൻഡ് കൊളാബറേഷനൊക്കെ കിട്ടി പൈസ കൂട്ടിവെച്ചാണ് ഇത്തരം കാര്യങ്ങള്‍ക്ക് ചെയ്യുന്നത്.
അർഹതപ്പെട്ട ആൾക്കാരെ കണ്ടെത്തും
എന്നെ ഫോളോ ചെയ്തിട്ടിരിക്കുന്ന ഒരുപാട് പേരുണ്ടാകും. അവരെല്ലാവരും കാണുമ്പോഴൊക്കെ ഓടി വരാറുമുണ്ട്. പക്ഷേ അർഹതപ്പെട്ടവര്‍ക്ക് തന്നെ ഈ സഹായം എത്തണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. മെഡിക്കൽ കോളേജ് പോലെ സഹായം ആവശ്യമായ ആളുകളുള്ള സ്ഥലത്തേക്കാണ് ഞാന്‍ പോകുന്നത്. അവരുടെയൊക്കെ മുഖം കാണുമ്പോള്‍ തന്നെ വിഷമം തോന്നും. അവസാനം ചെയ്ത ഒരു വീഡിയോ എന്ന് പറഞ്ഞാൽ ഒരു അമ്മയുടെ മോന് ക്യാൻസർ ആയിരുന്നു. 21 വയസേ ഉള്ളൂ. അവര്‍ ഓൾറെഡി എന്നെ ഫോളോ ഒക്കെ ചെയ്തിട്ടുള്ള ആളാണ്, വീഡിയോ കാണുന്ന ആളാണ്. 30 സെക്കൻഡ് ഉള്ള ചലഞ്ച് ഒരു മിനിറ്റ് ആക്കി അവരെ കൊണ്ട് എണ്ണിപ്പിച്ച് 20,000 രൂപ അവർക്ക് അപ്പോൾ തന്നെ കൊടുത്തു. വിശപ്പിന്‍റെ സമയത്തോ അല്ലെങ്കില്‍ വാടക കൊടുക്കേണ്ട സമയത്തോ ഫീസ് അടക്കേണ്ട സമയത്തോ നമ്മള്‍ അവരുടെ മുമ്പിലെത്തുമ്പോള്‍ അവരുടെ കണ്ണുകളില്‍ കാണുന്ന ആ പ്രതീക്ഷ, സന്തോഷം അതാണ് എല്ലാത്തിലും വലുതായി ഞാന്‍ കാണുന്നത്.
സ്ക്രിപ്റ്റഡ് വീഡിയോ ആണോ?
നമ്മൾ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബിലൊക്കെ വീഡിയോ പോസ്റ്റ് ചെയ്യുന്നത് റീച്ച് ആകാന്‍ വേണ്ടി തന്നെയാണ്. പിന്നെ സ്ക്രിപ്റ്റഡ് വീഡിയോ ചെയ്തിട്ടുണ്ട്. ഒരു ക്യാൻസർ ആയിട്ടുള്ള ഒരു പയ്യന് വേണ്ടി ചെയ്തിട്ടുണ്ട്. ഈ അസുഖമുള്ള പയ്യന്‍റെ ആൾക്കാരുടെ മുന്നിൽ പോയിട്ട് നിങ്ങൾ ലൈക്ക് ചെയ്തിട്ടുണ്ടോ ഫോളോ ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കാന്‍ നമുക്ക് ഒരിക്കലും പറ്റില്ലല്ലോ. അപ്പോള്‍ അവരുടെ ഫോണ്‍ എടുത്ത് ഫോളോ ചെയ്ത ശേഷം ആ തരത്തില്‍ സ്ക്രിപ്റ്റഡായി ചെയ്തിട്ടുണ്ട്. അവര്‍ക്ക് കൂടുതല്‍ സമയം നല്‍കി മാക്സിമം പണം എണ്ണിയെടുക്കാനുള്ള അവസരവും കൊടുത്തു. പണം കൊടുക്കാതെ ആരെയും പറ്റിച്ചിട്ടില്ല.
അന്നത്തെ ദിവസം ഉറങ്ങാന്‍ തന്നെ വലിയ ബുദ്ധിമുട്ടായിരുന്നു
ഞാൻ എന്‍റെ കയ്യിൽ നിന്നുള്ള പണം ഉപയോഗിച്ചും ചലഞ്ചുകള്‍ ചെയ്യാറുണ്ട്. ഒരു 2500 തൊട്ട് ഒരു 5000 രൂപ വരെ കുറെ കൂപ്പൺ വെച്ചിട്ട് അതില്‍ നിന്നും ഒരു കാര്‍ഡ് എടുക്കാന്‍ പറയും. അതിലുള്ള പൈസക്ക് അവര്‍ക്ക് ഇഷ്ടമുള്ള സാധനം വാങ്ങി കൊടുക്കും. അടുത്തിടെ ഹന്ന എന്നൊരു പെണ്‍കുട്ടിയുടെ കുടുംബത്തിന് ഒരു ചലഞ്ചിലൂടെ ഭക്ഷണവും വസ്ത്രങ്ങളും വാങ്ങി കൊടുത്തു. അച്ഛൻ ഉപേക്ഷിച്ചു പോയ മക്കളാണ്. അപ്പോൾ പെട്ടെന്ന് ഒരാൾ വന്നിട്ട് അവരോട് സ്നേഹം കാണിക്കുമ്പോൾ അവരുടെ അച്ഛനെയോ ചേട്ടനയോ പോലെയാണ് അവര്‍ എന്നെ കണ്ടത്. എന്‍റെ കൈയില്‍ നിന്ന് കുട്ടികള്‍ പിടി വിടുന്നില്ലായിരുന്നു. അമ്മയ്ക്ക് ചെറിയ എന്തോ മാനസിക പ്രശ്നമുണ്ട്. അന്നത്തെ ദിവസം ഉറങ്ങാന്‍ തന്നെ വലിയ ബുദ്ധിമുട്ടായിരുന്നു. സത്യം പറഞ്ഞാൽ ഞാൻ അതിൽ നിന്ന് ഇപ്പോഴും പുറത്തു വന്നിട്ടില്ല.
എന്നെ ഏതെങ്കിലും ഒരു ഓൾഡ് ഏജ് ഹോമില്‍ ആക്കാമോ?
മറ്റൊരു അനുഭവം പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ അവിടെ വച്ച് ഒരു അച്ഛൻ വന്നിട്ട് എന്റെ അടുത്ത് പറഞ്ഞു മക്കളെ കഴിക്കാനും കുടിക്കാനും ഒന്നുമില്ല. ഞാൻ റോഡിലാണ് കിടക്കുന്നത്. എനിക്ക് പൈസയൊന്നും നിങ്ങൾ തരേണ്ട. എന്നെ ഏതെങ്കിലും ഒരു ഓൾഡ് ഏജ് ഹോമില്‍ ആക്കാമോ എന്ന് ചോദിച്ചു. നല്ല പഠിച്ചിട്ടുള്ള ആളാണ്. മോഹന്‍ലാലിന്‍റെ കൂടെ പഠിച്ചതാണ്. വലിയ വലിയ സിനിമാ താരങ്ങളുമായിട്ടൊക്കെ ബന്ധമുള്ള ആയാളിരുന്നു. പണ്ടത്തെ ഒരുപാട് സിനിമയിലൊക്കെ അഭിനയിച്ചിട്ടുള്ള ഒരാളാണ്. ഞാന്‍ അങ്ങനെ കോട്ടയത്തുള്ള ഒരു ഓൾഡ് ഏജ് ഹോമില്‍ കൊണ്ട് ആക്കിയായിരുന്നു. അത് ഭയങ്കര ബുദ്ധിമുട്ട് തോന്നിയ അനുഭവമായിരുന്നു. പ്രായമായിട്ടുള്ള ആൾക്കാർ ഇങ്ങനെ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ ഒരു വിഷമം തോന്നും.
ഞാന്‍ വീട് വയ്ക്കുന്നതിന് മുമ്പ് ഒരാൾക്കെങ്കിലും ഒരു വീട് വെച്ച് കൊടുക്കണമെന്നാണ് ആഗ്രഹം
എനിക്ക് വീടില്ല, വാടക വീട്ടിലാണ് താമസം. എനിക്ക് വീട് വെക്കണമെന്നൊരു സ്വപ്നമുണ്ട്. പക്ഷേ അതിനു മുമ്പേ ഒരാൾക്കെങ്കിലും ഒരു വീട് വെച്ച് കൊടുക്കണമെന്നാണ് ആഗ്രഹം. ഇപ്പോൾ റോഡിൽ കിടക്കുന്ന രണ്ട്- മൂന്ന് അച്ഛന്മാരെയൊക്കെ നമ്മൾ നോക്കുന്നുണ്ട്. അതുപോലെ കോട്ടയത്ത് കൊണ്ടാക്കിയ പുള്ളിക്കാരനും ചോദിക്കാറുണ്ട് വീട് പണി എന്തായി എന്നൊക്കെ. ഇവിടെ വീട് വെച്ച് കൊണ്ടുവരാം എന്നൊക്കെ ഞാന്‍ വാക്ക് കൊടുത്തായിരുന്നു. അപ്പോള്‍ അങ്ങനെ കുറച്ച് പേര്‍ക്ക് താമസിക്കാനായി വീടുകള്‍ വയ്ക്കണമെന്നുണ്ട്. നടക്കുമോ എന്നൊന്നും അറിയില്ല. ഇപ്പോൾ കോഴിക്കോട് നിന്ന് ഒരു അച്ഛനും അമ്മയും തിരുവനന്തപുരത്ത് വന്നായിരുന്നു. അവർക്ക് മക്കളൊന്നുമില്ല. 85 വയസ്സ്, 80 വയസ്സ് പ്രായമുള്ള ഒരു അച്ഛനും അമ്മയും. അവർ ഇങ്ങനെ റോഡിൽ നിന്ന സമയത്ത് അവിടുന്ന് ഒരു കുട്ടി എന്നെ വിളിച്ചു, ചേട്ടാ ഇതേപോലെ രണ്ടുപേരും നിൽപ്പുണ്ട് എന്ത് ചെയ്യണം എന്ന് ചോദിച്ചു. ഞാൻ ട്രെയിൻ ടിക്കറ്റിന്റെ പൈസ അയച്ചു തരാം, നേരെ ഇങ്ങോട്ട് കൊണ്ടുവന്നാൽ മതി എന്ന് പറഞ്ഞു. അങ്ങനെ ട്രെയിൻ കയറ്റി തിരുവനന്തപുരത്ത് എത്തി. അവരെ ഇപ്പോൾ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിപ്പിച്ചിരിക്കുകയാണ്. അവരുടെ എല്ലാ ചിലവും നോക്കുന്നത് നമ്മളാണ്. അവര്‍ പറയുന്നത് അവരെ ഓൾഡ് ഏജ് ഹോമിലാക്കാണ്. പക്ഷേ അവര്‍ രണ്ടുപേരും പിരിഞ്ഞു നിൽക്കില്ല. ഓൾഡ് ഏജ് ഹോമിലൊക്കെ സെപ്പറേറ്റ് ചെയ്താണ് നിര്‍ത്തുന്നത്. അപ്പോള്‍ ഒരു കോമ്പൗണ്ടിനകത്ത് കുഞ്ഞു കുഞ്ഞു രണ്ടു മൂന്ന് വീടുകളിലായി ഇവരെയൊക്കെ താമസിപ്പിക്കണം എന്നാണ് ആഗ്രഹം.
സഹായിച്ചവരില്‍ നിന്നും ഇങ്ങനെയും അനുഭവമുണ്ടായി
ഞാന്‍ സഹായിച്ച ആൾക്കാരുടെ അടുത്തൊന്നും ഒരിക്കലും തിരിച്ച് ഒന്നും പ്രതീക്ഷിക്കുന്നില്ല. കാരണം തിരിച്ച് മോശം അനുഭവം കിട്ടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു അസുഖമുള്ള മകന് വേണ്ടി ഒരു വീഡിയോ ചെയ്തിരുന്നു. ക്യൂ ആര്‍ കോഡ് സഹിതം ഉള്‍പ്പെടുത്തിയാണ് വീഡിയോ ചെയ്തത്. അവർക്ക് അത്യാവശ്യം നല്ല പണം ലഭിച്ചു. അതായത് 50- 60 ലക്ഷം കിട്ടേണ്ടിടത്ത് ഒന്നോ രണ്ടോ കോടിക്ക് മുകളിൽ പൈസ വന്നു. അപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു ഇതുപോലെ അസുഖമുള്ള ഒരു കുട്ടിക്ക് വേണ്ടി വെറും അഞ്ച് ലക്ഷം അതില്‍ നിന്നും തരാമോ എന്ന്. ഒരേ സ്ഥലത്തുള്ളവരുമാണ് ഈ രണ്ട് കുട്ടികളും. അപ്പോള്‍ അവർ പറഞ്ഞു ഇത് എന്റെ മോന് കിട്ടിയ പൈസയാണ്, ഇത് ആർക്കും കൊടുക്കില്ല എന്ന്. പിന്നീട് അവര്‍ വീട് വയ്ക്കുന്നു, കാർ മേടിക്കുന്നു അങ്ങനെ ആ ഒരു ലൈഫ് സ്റ്റൈലിലോട്ട് പോയി. അതൊക്കെ കാണുമ്പോൾ നമുക്ക് സത്യം പറഞ്ഞാൽ വിഷമം തോന്നും. അവർക്ക് ചിലവെല്ലാം കഴിഞ്ഞിട്ട് പോലും അവരുടെ കയ്യിൽ 80- 90 ലക്ഷം രൂപയ്ക്ക് മുകളിൽ ഉണ്ടായിരുന്നു. എന്നാലും ഒരു 5 ലക്ഷം കൊടുക്കാൻ പറഞ്ഞിട്ട് കൊടുത്തില്ല. അതിനുശേഷം മറ്റേ കുട്ടി മരിച്ചും പോയി. അന്ന് അവര്‍ ആ പൈസ കൊടുത്തിരുന്നെങ്കില്‍ ചിലപ്പോള്‍ രക്ഷപ്പെടുമായിരുന്നു. ഇവരുടെ അടുത്ത് ഞാൻ ചോദിച്ചു നിങ്ങൾ പൈസ കൊടുത്തിരുന്നെങ്കില്‍ ചിലപ്പോൾ ആ കുട്ടി രക്ഷപ്പെടുമായിരുന്നല്ലോ എന്ന്. അപ്പോഴും അവര്‍ പറയുന്നത് എന്റെ മോന് കിട്ടിയ പൈസയാണ്, അത് ആർക്കും കൊടുക്കില്ല എന്നാണ്. ആ കുട്ടി മരിച്ചെന്ന് അറിഞ്ഞിട്ടും അവർക്ക് യാതൊരു കുറ്റബോധവും തോന്നിയില്ല. മനുഷ്യർക്ക് പൈസ കിട്ടിക്കഴിഞ്ഞാൽ അഹങ്കാരം വരും എന്നുള്ളത് ഞാൻ അനുഭവത്തിലൂടെ പഠിച്ചതാണ്.