ഒരു വര്‍ഷം കൊണ്ട് ദമ്പതികള്‍ കുറച്ചത് തങ്ങളുടെ ഇരട്ടി ഭാരമാണ്. അലക്‌സിസിന്റെയും ഡാനിയുടെയും വണ്ണം കുറയ്ക്കുന്നതിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും തരംഗമാകുകയാണ്. ഹൈസ്‌കൂള്‍ കാലം തൊട്ടേ പ്രണയത്തിലായ ഇവര്‍ പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് വിവാഹം കഴിക്കുന്നത്. തങ്ങള്‍ക്ക് ഒരു കുട്ടിവേണം എന്ന് ചിന്തിച്ചതോടെയാണ് ഇവര്‍ക്ക് തങ്ങളുടെ തടി ഒരു പ്രശ്നമായി തോന്നിയത്. പിന്നെ ഒന്നും ആലോചിച്ചില്ല എന്ത് വന്നാലും തടി കുറയ്ക്കാന്‍ ഉറച്ചു.
ധാരാളം പ്രോട്ടീന്‍ ഉള്‍പ്പെട്ട ആഹാരം കഴിക്കുന്നതിനൊപ്പം വറുത്തതും പൊരിച്ചതുമൊക്കെ ഇവര്‍ ഉപേക്ഷിച്ചു. പുറത്തു നിന്നുള്ള ഭക്ഷണവും മദ്യമോ സോഡയോ തൊടാതെയും ആഴ്ചയില്‍ അഞ്ചുതവണ അരമണിക്കൂര്‍ വീതം വര്‍ക്കൗട്ട് ചെയ്തുമാണ് അലക്‌സിസും ഡാനിയും ഈ രൂപത്തില്‍ എത്തിയത്.
വര്‍ഷം പകുതിയായപ്പോഴേക്കും കഠിന ശ്രമത്തിനു കാര്യമായ ഫലം കണ്ടു തുടങ്ങിയിരുന്നു. ഒരിക്കലും സൈസ് സീറോ ആകണമെന്ന ആഗ്രഹത്തോടെയല്ല മറിച്ച് ആരോഗ്യവതിയായിരിക്കാനാണ് അലക്‌സിസ് വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചത്. സാധാരണ സ്ത്രീകളെ സംബന്ധിച്ച് വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ കഴിയുമ്പോഴേക്കും മിക്കവര്‍ക്കും തങ്ങളുടെ വിവാഹവസ്ത്രം പാകമാവുകയില്ല, അലക്‌സിസിന്റെ വിവാഹവസ്ത്രത്തിന്റെ കഥയും അങ്ങനെ തന്നെ. പക്ഷേ ശരീരഭാരം കുറഞ്ഞിട്ടാണെന്ന് മാത്രം.
വണ്ണം ഇത്രയ്ക്കും കുറച്ചെങ്കിലും തന്റെ പഴയ ശരീരത്തെ ഇപ്പോഴും ഇഷ്ടപ്പെടുന്നുവെന്നു പറയുന്നു അലക്‌സിസ്. ഇന്ന് 123 കിലോയോളം കുറച്ച അലക്‌സിസിന്റെ ഭാരം 97 കിലോയാണ്. അലക്‌സിസിനെ ഡാനി പ്രൊപോസ് ചെയ്യുന്ന സമയത്ത് അവളുടെ ഭാരം 220കിലോ ആയിരുന്നു. പക്ഷേ അലക്‌സിസിന്റെ വണ്ണമൊന്നും ഡാനിക്കൊരു പ്രശ്‌നമല്ലായിരുന്നു, അവളുടെ ഹൃദയത്തെയാണ് അയാള്‍ പ്രണയിച്ചത്.
അലക്‌സിസിന്റെ വണ്ണം കുറയ്ക്കല്‍ ഡാനിയും അവള്‍ക്കൊപ്പം കൂടിത്തുടങ്ങി. തുടര്‍ന്നാണ് അലക്‌സിസിനൊപ്പം ജിമ്മിലേക്ക് ഡാനിയും പോയതോടെ ഡാനിയുടെ ശരീരഭാരവും കുറഞ്ഞു.
