വിശദമായ സ്‌കാനിംഗിന് ഇരുവരെയും ഉടന്‍ വിധേയരാക്കുമെന്നും ശസ്ത്രക്രിയയ്ക്ക് ഇവരുടെ ശരീരം തയ്യാറാണെന്ന് ഉറപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇതെന്നും ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു

ജീവന്‍ പണയപ്പെടുത്തി, ജീവിതത്തിലേക്ക് തിരിച്ചുകയറാന്‍ തയ്യാറെടുക്കുകയാണ് ഭൂട്ടാനിലെ ആദ്യ സയാമീസ് ഇരട്ടകളായ നിമയും ദവയും. ജനിക്കുമ്പോഴേ വയറുകളും, നെഞ്ചിന്റെ ഒരു ഭാഗവും പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു ഇരുവരും. വളര്‍ന്ന് വരുന്തോറും രണ്ടുപേരും അനുഭവിക്കുന്ന ശാരീരിക വിഷമതകളും വര്‍ധിച്ചുവന്നു. ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. സ്വതന്ത്രമായ ഒരു ചലനം പോലും ഇരുവര്‍ക്കും സാധ്യമായിരുന്നില്ല. 

2017 ജൂലൈ 13നാണ് ഇരുവരും ജനിച്ചത്. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ഇരുവരെയും പുറത്തെടുത്തത്. 14 മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഈ രണ്ട് പെണ്‍കുട്ടികളും വേര്‍പിരിയാനൊരുങ്ങുകയാണ്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ അടുത്തയാഴ്ചയാണ് അടിയന്തര ശസ്ത്രക്രിയ. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള നിര്‍ണ്ണായകമായ പരിശോധനകളെല്ലാം പൂര്‍ത്തിയായതായി മെല്‍ബണിലെ ആശുപത്രി അറിയിച്ചു.

വിശദമായ സ്‌കാനിംഗിന് ഇരുവരെയും ഉടന്‍ വിധേയരാക്കുമെന്നും ശസ്ത്രക്രിയയ്ക്ക് ഇവരുടെ ശരീരം തയ്യാറാണെന്ന് ഉറപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇതെന്നും ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. 

2009ല്‍ ബംഗ്ലാദേശില്‍ നിന്നുള്ള സയമീസ് ഇരട്ടകളായ തൃഷ്ണയുടെയും കൃഷ്ണയുടെയും ശസ്ത്രക്രിയ വിജയകരമായി നടത്തിയ വിദഗ്ധ സംഘമാണ് ഭൂട്ടാന്‍ സഹോദരിമാരുടെയും ശസ്ത്രക്രിയ നടത്തുക. അന്ന് 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് ഇവര്‍ നടത്തിയത്. കേവലം 25 ശതമാനം മാത്രമായിരുന്നു പ്രതീക്ഷ. നിമയുടെയും ദവയുടെയും കേസില്‍ എട്ട് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ പദ്ധതിയിടുന്നത്. 

വിജയകരമായി ഇത് പൂര്‍ത്തിയാക്കിയ ശേഷം തന്റെ പെണ്‍മക്കള്‍ ജീവിതത്തിലേക്ക് ഊര്‍ജ്ജസ്വലരായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിമയുടെയും ദവയുടെയും അമ്മ പറഞ്ഞു. കുട്ടികളുടെ ചികിത്സയ്ക്കായി സന്നദ്ധസംഘടനയാണ് പണം കണ്ടെത്തിയത്.