നദിയിലും തടാകത്തിലും കാണപ്പെടുന്ന ഒരുതരം ബാക്‌ടീരിയ മനുഷ്യമാംസം ഭക്ഷിക്കുന്നതായി സ്ഥിരീകരണം. അമേരിക്കയിലെ അലബാമയിലാണ് മൂന്നുപേര്‍ വിബ്രിയോ എന്ന ബാക്‌ടീരിയയുടെ ആക്രമണത്തിന് ഇരയായത്. നദിയില്‍ കുളിക്കുകയും നീന്തുകയും ചെയ്‌തവരാണ് ബാക്‌ടീരിയയുടെ ആക്രമണത്തിന് വിധേയമായത്. ഇതില്‍ ഒരാളില്‍ കക്കയിറച്ചി കഴിച്ചതോടെയാണ് ഈ ബാക്‌ടീരിയ ശരീരത്തിനുള്ളില്‍ എത്തിയത്. ചര്‍മ്മത്തിലെ മൃദുകോശ കലകളെ ഭക്ഷിക്കുന്ന ബാക്‌ടീരിയയാണ് വിബ്രിയോ. എന്നാല്‍ ഇതിന്റെ സാന്നിദ്ധ്യം എവിടെയും കണ്ടെത്തിയിരുന്നില്ല. ചര്‍മ്മത്തിലുണ്ടായ അണുബാധയെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിബ്രിയോ ബാക്‌ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതോടെ അലബാമ പൊതുജനാരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നദിയിലും തടാകത്തിലും കുളിക്കുകയും നീന്തുകയും ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. കൂടാതെ കക്കയിറച്ചിപോലെയുള്ള തോടുള്ള മല്‍സ്യങ്ങള്‍ കഴിക്കരുതെന്നും മുന്നറിയിപ്പുണ്ട്. തുടക്കത്തിലേ കണ്ടെത്തിയതുകൊണ്ട് രോഗത്തില്‍നിന്ന് മുക്തരാകാന്‍ ഇവര്‍ക്ക് സാധിച്ചു. എന്നാല്‍ വിബ്രിയോ ബാക്‌ടീരിയകളുടെ ആക്രമണമുണ്ടായി‍, ചികില്‍സ വൈകിയാല്‍ അത്യന്തം ഗുരുതരമായ അണുബാധ പിടിപെടുകയും, മരണം സംഭവിക്കുകയും ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.