'ഫ്ളൂറൈഡ് ഫ്രീ ടൂത്ത് പേസ്റ്റ്' എന്ന പേരില്‍ ഇറങ്ങുന്ന പേസ്റ്റുകള്‍ക്കെതിരെയായിരുന്നു വിമർശനം. ഓണ്‍ലൈൻ മാർക്കറ്റുകളാണ് ഇതിന് പിന്നിലെന്നും ഇവർ പറയുന്നു

ടൂത്ത് പേസ്റ്റുകളുടെ പേരില്‍ തര്‍ക്കങ്ങളുണ്ടാകുന്നത് ഒരു പതിവാണ്. ഏത് തരം പേസ്റ്റാണ് നല്ലത്, എന്തെല്ലാമടങ്ങിയ പേസ്റ്റാണ് ആരോഗ്യകരം... എന്നിങ്ങനെ നീളുന്നു ചര്‍ച്ചകള്‍. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന്റെ ഭാഗമായി 'ഓര്‍ഗാനിക്' ടൂത്ത് പേസ്റ്റുകള്‍ തന്നെ ഉപയോഗിക്കണമെന്ന് ഒരു വിഭാഗവും എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന് വാദിക്കുന്ന മറ്റൊരു വിഭാഗവും ഉണ്ട്. 

ഫ്‌ളൂറൈഡാണ് പലപ്പോഴും പേസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ മൂലകാരണം. ടൂത്ത് പേസ്റ്റിലടങ്ങിയിരിക്കുന്ന ഫ്‌ളൂറൈഡ് യഥാര്‍ത്ഥത്തില്‍ പല്ലുകള്‍ക്ക് ആവശ്യമുള്ളതാണോ എന്നതാണ് സംശയം. ആവശ്യമുള്ളത് തന്നെയെന്നാണ് ദന്തല്‍ സ്‌പെഷ്യലിസ്റ്റുകള്‍ ഉറപ്പിച്ച് പറയുന്നത്. 

പല്ലുകളുടെ ബലത്തിനും ആരോഗ്യത്തിനും ഫ്‌ളൂറൈഡ് അത്യാവശ്യമത്രേ, അതിനാല്‍ 'ഫ്‌ളൂറൈഡ് ഫ്രീ' പേസ്റ്റുകള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ പല്ലിന് ക്ഷയം സംഭവിച്ചേക്കാമെന്നാണ് ഇവര്‍ പറയുന്നത്. ബ്രമിംഗ് ഹാം യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെയുള്ള ദന്തരോഗ വിദഗ്ധരാണ് 'ഓര്‍ഗാനിക്' സംസ്‌കാരത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. 

പല്ലുകളുടെ നാശത്തിന് കാരണമാകുന്ന ഘടകങ്ങളെപ്പറ്റി നടത്തിയ പഠനത്തിനിടെയാണ് ഫ്‌ളൂറൈഡ് ഫ്രീ ടൂത്ത് പേസ്റ്റിനെതിരെ വാദങ്ങളുയര്‍ന്നത്. പല്ല് കൃത്യമായി വൃത്തിയാക്കുന്നതിലൂടെ മാത്രം പല്ലിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് കരുതരുതെന്നും ടൂത്ത് ബ്രഷ് ഒരു ഉപകരണം മാത്രമാണ്, ഫ്‌ളൂറൈഡാണ് യഥാര്‍ത്ഥത്തില്‍ പല്ലിനെ സംരക്ഷിക്കുന്നതെന്നും ഇവര്‍ പറയുന്നു.

ഓണ്‍ലൈന്‍ വിപണികളാണ് പ്രധാനമായും ഫ്‌ളൂറൈഡ് ഫ്രീ ടൂത്ത് പേസ്റ്റുകളെ മാര്‍ക്കറ്റ് ചെയ്യുന്നതെന്നും ഈ പ്രവണത തുടരുന്നത് ആരോഗ്യകരമല്ലെന്നും അമേരിക്കയിലെ ദന്തല്‍ അസോസിയേഷനും അഭിപ്രായപ്പെട്ടു.