ബര്‍ഗര്‍ ഉണ്ടാക്കാനായി വാങ്ങിയ ബണ്ണിനുള്ളില്‍ നിന്ന് കിട്ടിയത് ജീവനുള്ള എലിയും സിഗരറ്റ് കുറ്റിയും 

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കരുതെന്ന് ആ ഹോട്ടലിലെ തന്നെ തൊഴിലാളി മുന്നറിയിപ്പ് നല്‍കുമ്പോള്‍ അതിലെ വാസ്തവം കാണന്‍ സാധ്യതകള്‍ ഏറെയാണ്. ഞെട്ടിക്കുന്ന തെളിവുകളോടെയാണ് ജീവനക്കാരി വരുന്നതെങ്കിലോ പിന്നത്തെ കാര്യം പറയാനുമില്ല. അമേരിക്കയിലെ ഒക്കലഹോമയിലെ പ്രമുഖ ഭക്ഷണ ശൃംഖലയായ വെന്‍ഡിയുടെ ശാഖയില്‍ നിന്ന് ഭക്ഷണം കഴിക്കരുതെന്ന് ആവശ്യപ്പെട്ടത് ഇവിടെ ജോലി ചെയ്യുന്ന ഒരാള്‍ തന്നെയാണ്. 

ഫാസ്റ്റ്ഫുഡ് ഭക്ഷണ പ്രിയരെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ജീവനക്കാരി പുറത്ത് വിട്ടത്. ജീവനുള്ള എലിയെ കണ്ടെത്തിയ ബര്‍ഗര്‍ ബണ്‍ പോലും ഇവിടെ ബര്‍ഗര്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നുവെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബര്‍ഗര്‍ ബണ്‍ പാക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട സിഗരറ്റ് കുറ്റികള്‍ കണ്ടത് മാനേജ്മെന്റിനോട് ജീവനക്കാരി പരാതിപ്പെട്ടു. 

ബര്‍ഗറും സാന്‍ഡ്‍വിച്ചുമെല്ലാം ഉണ്ടാക്കാന്‍ കൊണ്ടുവരുന്ന ബ്രഡുകളില്‍ ഇവ സാധാരണമാണെന്ന നിലപാട് മാനേജ്മെന്റ് സ്വീകരിച്ചതോടെയാണ് സംഭവം പുറത്തറിയിക്കാന്‍ ജീവനക്കാരി തീരുമാനിക്കുന്നത്. രണ്ടുവര്‍ഷത്തിലധികമായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരി ഫേസ്ബുക്കില്‍ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 

വിശന്നുവരുന്ന ആളുകള്‍ക്ക് മോശമായ സാധനങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം നല്‍കേണ്ടി വരുന്നതില്‍ ഖേദമുണ്ടെന്ന് ജീവനക്കാരി കുറിപ്പില്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അറിവുണ്ടായിട്ടും സംഭവം മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന അധികൃതരോടുള്ള എതിര്‍പ്പ് ജീവനക്കാരി വീഡിയോയില്‍ മറച്ച് വക്കുന്നില്ല.