കട്ടിയായ ആഹാരങ്ങളൊന്നും തന്നെ അത്താഴത്തിന് കഴിക്കാതിരിക്കുക. കഴിക്കുന്ന ആഹാരത്തിന്റെ അളവും ശ്രദ്ധിക്കുക. പരിമിതമായ നിലയില്‍ മാത്രം അത്താഴം കഴിക്കുക

പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എപ്പോഴും എല്ലാവരും ആകുലപ്പെടാറുണ്ട്. ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രഭാതഭക്ഷണം തന്നെയാണ് എന്നാല്‍ മറ്റ് നേരങ്ങളിലെ ഭക്ഷണത്തിനും അതിന്റെതായ പ്രാധാന്യമുണ്ടെന്ന കാര്യം മറക്കരുത്. 

പ്രത്യേകിച്ച് അത്താഴത്തിന്റെ കാര്യത്തിലാണ് രണ്ടാമതായി ശ്രദ്ധ നല്‍കേണ്ടത്. വളരെ ലളിതമായ ഭക്ഷണമാണ് രാത്രിയില്‍ കഴിക്കേണ്ടത്. അതേസമയം അത് ആരോഗ്യകരമായിരിക്കുകയും വേണം. പരമാവധി ഏഴ് മണിയോടെ തന്നെ അത്താഴം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. 

ചില തരത്തിലുള്ള ഭക്ഷണം രാത്രിയില്‍ കഴിക്കുന്നത് ആരോഗ്യകരവുമല്ല. ആയുര്‍വേദ വിധിപ്രകാരം അത്തരത്തില്‍ രാത്രിയില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. 

ഒന്ന്...

പ്രോട്ടീനുള്ള ഭക്ഷണമാണ് രാത്രിയില്‍ കഴിക്കേണ്ടത്. കൊഴുപ്പ് കൂടിയ ചിക്കന്‍, ബീഫ്, ജങ്ക് ഫുഡ്, മസാലയടങ്ങിയ ഭക്ഷണം- ഇവയെല്ലാം കഴിവതും ഒഴിവാക്കുക. കൊഴുപ്പ് കുറഞ്ഞ ചിക്കന്‍, പയര്‍വര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയെല്ലാം കഴിക്കാം. 

രണ്ട്...

കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണവും രാത്രിയില്‍ ഒഴിവാക്കാം. ഉദാഹരണത്തിന് ചോറ്. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം എളുപ്പത്തില്‍ ദഹിക്കും. എളുപ്പത്തില്‍ ദഹിക്കാത്ത ഭക്ഷണം അത്താഴമായി കഴിച്ചാല്‍ അത് ഉറക്കത്തെയും പ്രതികൂലമായി ബാധിക്കും. 

മൂന്ന്...

വൈകീട്ട് ഏഴിന് ശേഷം പരമാവധി ഉപ്പ് ഉപയോഗിക്കുന്നതും കുറയ്ക്കുക. ശരീരത്തില്‍ നിന്ന് ജലാശം പുറന്തള്ളുന്നത് ഇത് തടഞ്ഞേക്കാം. ഇത് ക്രമേണ രക്തധമനികളുടെ പ്രവര്‍ത്തനത്തെയും അതുവഴി ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. 

നാല്...

രാത്രിയില്‍ തൈര് കഴിക്കുന്നതും പ്രശ്‌നമാണെന്നാണ് ആയുര്‍വേദ വിധിയില്‍ പറയുന്നത്. തൈര് തൊണ്ടയില്‍ കൂടുതല്‍ കഫം കെട്ടിനിര്‍ത്തുന്നു. ഇത് കഫക്കെട്ടിനും ജലദോഷത്തിനും തൊണ്ടയില്‍ അസ്വസ്ഥതയ്ക്കും കാരണമാകുന്നു.

അഞ്ച്...

കട്ടിയായ ആഹാരങ്ങളൊന്നും തന്നെ അത്താഴത്തിന് കഴിക്കാതിരിക്കുക. കഴിക്കുന്ന ആഹാരത്തിന്റെ അളവും ശ്രദ്ധിക്കുക. പരിമിതമായ നിലയില്‍ മാത്രം അത്താഴം കഴിക്കുക. അല്ലാത്ത പക്ഷം അത് ഉറക്കത്തെയും ദഹനപ്രവര്‍ത്തനങ്ങളെയും വലിയ രീതിയില്‍ ബാധിക്കുന്നു.