നിങ്ങളുടെ മൂത്രത്തിലൂടെ രക്തം വന്നാൽ എന്തു ചെയ്യും? മൂത്രത്തിലൂടെ രക്തം വരുന്നത് അപകടകരമായ സൂചനയാണെന്നാണ് പുതിയ പഠനം പറയുന്നത്. മൂത്രത്തിലൂടെ രക്തം വരുന്നത് പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ സൂചനയായിരിക്കുമെന്നാണ് എക്‌സ്‌പ്രസ് ഡോട്ട് കോ ഡോട്ട് യുകെ എന്ന വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രക്തം കല‍ർന്ന് വരുമ്പോൾ മൂത്രത്തിന് പിങ്ക്, ചുവപ്പ്, കോള എന്നിവയിൽ ഏതെങ്കിലുമൊരു നിറമായിരിക്കുമെന്നും സൂചനയുണ്ട്. അതുകൊണ്ടുതന്നെ മൂത്രത്തിൽ ഇത്തരം നിറംമാറ്റമുണ്ടായാൽ ഉടൻ ഡോക്‌ടറെ കാണണമെന്നാണ് പറയുന്നത്. ഇടയ്‌ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നത്, മൂത്രമൊഴിക്കുമ്പോൾ അത് പുറത്തേക്ക് വരുന്നതിനുള്ള വേഗക്കുറവ്, മൂത്രമൊഴിച്ചുകഴിഞ്ഞാലും മൂത്രമൊഴിക്കാനുണ്ടെന്ന തോന്നൽ എന്നിവയും പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ ക്യാൻസറിന് കാരണമാകാമെന്നാണ് പറയുന്നത്. ബ്രിട്ടനിൽ ഓരോ വ‍ർഷവും 40000 പുതിയ പ്രോസ്റ്റേറ്റ് ക്യാൻസർ കേസുകളുണ്ടാകുന്നുണ്ട്. ലോകത്താകമാനം പ്രോസ്റ്റേറ്റ് ക്യാൻസർ പിടിപെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുകയാണ്. പ്രോസ്റ്റേറ്റ് ക്യാൻസർ ലക്ഷണങ്ങൾ മിക്കവരും തിരിച്ചറിയാതെപോകുകയാണ് ചെയ്യുന്നത്. അസുഖം ഗുരുതരമാകുമ്പോഴാണ് തിരിച്ചറിയപ്പെടുന്നത്. ഇത് ചികിൽസ ദുഷ്ക്കരമാക്കുകയും ചെയ്യുന്നു. ശസ്‌ത്രക്രിയയിലൂടെ പ്രോസ്റ്റേറ്റ് നീക്കം ചെയ്യുകയോ റേഡിയോ തെറാപ്പി, ഹോർമോൺ ചികിൽസ എന്നിവയാണ് പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള ചികിൽസ.