എറണാകുളം: ഫ്രാൻസുകാരായ ഫാബിയനും സാമിയക്കും എറണാകുളത്ത് കേരള തനിമയിൽ കല്ല്യാണം. ആയു‍ർവേദത്തോടും കേരളത്തോടുമുള്ള താത്പര്യം കൊണ്ടാണ് വിവാഹം  കഴിക്കാൻ ഇവർ ഫ്രാൻസിൽ നിന്നും കൊച്ചിയിലെത്തിയത്.  സിൽക്ക് ഷർട്ടും കസവുമുണ്ടുമുടുത്ത് വരനും പട്ടുസാരിയുടുത്ത് വധുവും എത്തിയതോടെ ഏലൂക്കരയിലെ ആയുർവേദ സ്ഥാപനത്തിന് കല്ല്യാണ വീടിന്‍റെ പ്രതീതിയായി.താലമേന്തി മേളം കൊട്ടി ഇരുവരെയും മണ്ഡപത്തിലേക്ക് ആനയിച്ചു. പതിനൊന്നിനും പതിനൊന്നരയ്ക്കുമിടയിലുള്ള ശുഭ മുഹൂ‍ർത്തത്തിൽ ഫാബിയൻ കോറേക്കി സാമിയയുടെ കഴുത്തിൽ മിന്നുകെട്ടി.

ഇരുപത് വർഷമായി കേരളത്തെ അടുത്തറിയുന്നയാളാണ് ഫാബിയൻ. രണ്ട് വർഷം മുൻപ് ഫാബിയന്‍റെ പാരീസിലുള്ള ആയുർവേദ സ്ഥാപനത്തിൽ വെച്ചാണ് ഇവർ കണ്ടുമുട്ടുന്നത്. ഇരുവരും ആയുർവ്വേദത്തോടും കേരളത്തോടും അതിയായ താത്പര്യമുള്ളവരായിരുന്നു‍.

ഇരുവരുടേയും സുഹൃത്തുക്കളായ കൊച്ചി ഏലൂക്കരയിലെ ആയുർവേദ സ്ഥാപനമാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്. നാട്ടുകാരും സുഹൃത്തുക്കളും സമ്മാനവുമായെത്തി. ശേഷം തൂശനിലയിൽ നല്ല നാടൻ സദ്യയും പായസുവും. കല്ല്യാണം എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് അടിപൊളി എന്നായിരുന്നു മറപടി.