ഒരു നിമിഷത്തിന്റെ അശ്രദ്ധ, അല്ലെങ്കിലൊരു കയ്യബദ്ധം ഇതിലേതുമാകാം ആ എട്ടുവയസ്സുകാരിയുടെ ജീവന്‍ തുലാസിലാക്കിയത്. ചൈനയിലെ ഒരു ഗവേഷണകേന്ദ്രത്തോട് അനുബന്ധിച്ചുള്ള കാഴ്ചബംഗ്ലാവിലാണ് സംഭവം നടന്നത്. അപകടകാരികളായ ഭീമന്‍ പാണ്ടകളുടെ നടുവിലേക്ക് അവള്‍ വീഴുകയായിരുന്നു. വലിയ താഴ്ചയിലുള്ള കിടങ്ങിലേക്കാണ് മറിഞ്ഞുവീണത്. 

ചുറ്റും ആളുകള്‍ നോക്കിനില്‍ക്കെ, പാണ്ടകള്‍ ഓരോന്നായി അവള്‍ക്കരികിലേക്ക് നീങ്ങി. എന്നാല്‍ അവര്‍ അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ചില്ല. പേടിച്ച് കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കാഴ്ചബംഗ്ലാവിലെ സുരക്ഷാ ജീവനക്കാര്‍ ശ്രമവും തുടങ്ങി. 

ആദ്യം നീണ്ട ഒരു വടി താഴേക്കിട്ട് അതില്‍ കുഞ്ഞിനെ പിടിച്ചുകയറ്റാനായിരുന്നു ശ്രമം. ഇതിനിടയില്‍ വീണ്ടും പാണ്ടകള്‍ കുഞ്ഞിനടുത്തേക്ക് നീങ്ങിവന്നു. അതോടെ കൂടിനില്‍ക്കുന്ന ആളുകളും കുഞ്ഞും പേടിച്ച് നിലവിളിക്കാന്‍ തുടങ്ങി. ഇതോടെ സുരക്ഷാജീവനക്കാരന്‍ വേലിയിളക്കി, അതിനിടയിലൂടെ കയ്യിട്ട് അവളെ വലിച്ചെടുത്തു. 


 

ചുറ്റും കൂടി നിന്നവരില്‍ ആരോ സംഭവം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഈ വീഡിയോ ആണ് പിന്നീട് സമൂഹമാധ്യമങ്ങൡ വൈറലായത്. മുമ്പും കാഴ്ചബംഗ്ലാവില്‍ അപകടകാരികളായ മൃഗങ്ങളുടെ കൂട്ടിലേക്ക് ആളുകള്‍ വീണ സംഭവങ്ങള്‍ വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കുഞ്ഞുങ്ങള്‍ ഇത്തരം അപകടങ്ങളില്‍ പെടുന്നത് പലപ്പോഴും മുതിര്‍ന്നവരുടെ അശ്രദ്ധ മൂലം കൂടിയാണ്. ഇത്തരത്തിലുള്ള അശ്രദ്ധകള്‍ കുഞ്ഞുങ്ങളുടെ ജീവന്‍ തന്നെ അപഹരിച്ചേക്കാം. 

കുട്ടികളെയും കൊണ്ട് പുറത്തുപോകുമ്പോള്‍...

കുട്ടികളെയും കൊണ്ട് പുറത്തുപോകുമ്പോള്‍, അത് പാര്‍ക്കിലോ ബീച്ചിലോ കാഴ്ചബംഗ്ലാവിലോ ഒക്കെയാവാം. ചില കാര്യങ്ങള്‍ മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം പ്രധാനം കുട്ടികളുടെ സുരക്ഷയാണല്ലോ, ഇക്കാര്യത്തില്‍ നമുക്കുള്ളത് പോലെ തന്നെ ഒരു പങ്ക് ഉത്തരവാദിത്തം കുട്ടികളില്‍ സ്വയം വളര്‍ത്തിയെടുക്കാനും കരുതണം. 

അഞ്ച് വയസ്സ് കഴിഞ്ഞ കുട്ടികളുടെ കാര്യത്തിലേ ഇതിന് പ്രസക്തിയുള്ളൂ. അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനാവും. നമ്മള്‍ നല്‍കുന്ന ശിക്ഷണം ഏത് രീതിയിലാണ് എന്നതിനെ ആശ്രയിച്ചിരിക്കും, അവരുടെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള കഴിവും. കുട്ടികളെ വെറുതെ തമാശ കളിപ്പിച്ചും, വാശി കയറ്റിയും, കരയിച്ചുമെല്ലാം മാത്രം ശീലിപ്പിക്കാതെ അവരോട് ചെറിയ തോതില്‍ ഗൗരവമായെല്ലാം സംസാരിക്കാം. ഇത് കുഞ്ഞുങ്ങളിലും അല്‍പം പാകതുണ്ടാക്കാന്‍ ഉപകരിക്കും. 

കുഞ്ഞുങ്ങള്‍ക്ക് പക്വതയുടെ ആവശ്യമുണ്ടോയെന്ന് പലരും ഉന്നയിക്കാറുള്ള സംശയമാണ്. കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരെ പോലെ പെരുമാറിയാല്‍ നന്നല്ല, എന്നൊരു പൊതുധാരണ തന്നെയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നമ്മള്‍ മനസ്സിലാക്കേണ്ടത് എന്താണെന്ന് വച്ചാല്‍, കാലം മാറി, നമ്മുടെ ജീവിതരീതികളും ഏറെ മാറി. എപ്പോഴും തിരക്കുകള്‍ക്കിടയില്‍ നിന്നാണ് നമ്മള്‍ ജീവിക്കുന്നത്. ഇതിനിടയില്‍ പലപ്പോഴും കുഞ്ഞുങ്ങളാഗ്രഹിക്കുന്ന തരത്തിലുള്ള ശ്രദ്ധയും പരിചരണവും അവര്‍ക്ക് നല്‍കാന്‍ നമുക്ക് കഴിയാറില്ലെന്നതാണ് സത്യം. ഈ സാഹചര്യത്തില്‍ സ്വയം കരുതലുകളെടുക്കാനും, സ്വന്തം കാര്യങ്ങളില്‍ ഉത്തരവാദിത്തം പുലര്‍ത്താനും വളരെ ചെറുതിലേ അവരെ ശീലിപ്പക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. 

വീണുകിട്ടുന്ന ഒഴിവുസമയങ്ങളില്‍ നമ്മള്‍ സന്ദര്‍ശിക്കാറുള്ള പൊതുവിടങ്ങളെ കുറിച്ചെല്ലാം അവരോട് സംസാരിക്കാം. അപരിചിതരായ ആളുകള്‍ വരുന്നയിടങ്ങള്‍, അപകടസാധ്യതയുള്ള സ്ഥലങ്ങള്‍- അങ്ങനെയുള്ളയിടങ്ങളിലെല്ലാം നമ്മള്‍ എങ്ങനെ സ്വയം ശ്രദ്ധിക്കണം. ഒരു അപകടം വന്നാല്‍ അതിനെ എങ്ങനെ നേരിടണം ? ഉദാഹരണത്തിന് തിരക്കുള്ള ഒരു സ്ഥലത്ത് വച്ച് അമ്മയുടെ കൈവിട്ട് പോയെന്ന് കരുതുക, ആദ്യം എന്തുചെയ്യണം? അപരിചിതരായ ആളുകളോട് സഹായം ചോദിക്കുന്നതിന് പകരം യൂണിഫോമിട്ട സെക്യൂരിറ്റി ജീവനക്കാരോടോ പൊലീസുകാരോടോ സഹായം ചോദിക്കണമെന്ന് അവരെ ധരിപ്പിക്കാം. 

അതല്ലെങ്കില്‍ ആദ്യം സൂചിപ്പിച്ച സംഭവത്തിലേത് പോലെ കാഴ്ചബംഗ്ലാവില്‍ കരടിയുടെയോ പുലിയുടേയോ കൂട്ടിലേക്ക് വീണുവെന്ന് തന്നെ കരുതുക, എന്താണ് നമുക്ക് ചെയ്യാനാവുക, കരഞ്ഞ് ബഹളം വച്ച് മൃഗങ്ങളെ പ്രകോപിപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യാതിരിക്കാം. രക്ഷപ്പെടുമെന്ന് ഉറച്ച് വിശ്വസിക്കാം. ഇതെല്ലാം പ്രായോഗികമായി നടപ്പിലാക്കാനാകുമോ എന്ന ചിന്ത വിടൂ, കുറഞ്ഞത് ഇത്തരം അപകടങ്ങളെ കുറിച്ചെല്ലാം കുട്ടികളില്‍ ഒരു ബോധ്യമെങ്കിലും ഉണ്ടാകാന്‍ ഇത് സഹായിക്കും. അതോടൊപ്പം ഒരുപക്ഷേ വലിയൊരു പ്രതിസന്ധിയില്‍ അകപ്പെടുന്ന സമയത്ത് കുട്ടികള്‍ നമ്മള്‍ പകര്‍ന്നുനല്‍കിയ ആത്മവിശ്വാസത്തിലോ, അറിവുകളിലോ ഒക്കെ പിടിച്ചുതൂങ്ങി രക്ഷപ്പെട്ടാലോ? 

അതിനാല്‍ പരമാവധി നമ്മള്‍ നിത്യജീവിതത്തില്‍ ഇടപെടുന്ന ചുറ്റുപാടുകളെക്കുറിച്ച് കുട്ടികളോട് സത്യസന്ധമായി സംസാരിക്കാം. അപകടങ്ങളില്‍ നിന്ന് സ്വയം സൂക്ഷിക്കാന്‍ അവരെ ജാഗ്രതയുള്ളവരാക്കാം. പേടിയോ ഉത്കണ്ഠയോ ഉണ്ടാക്കാതെ അവരില്‍ ധൈര്യവും ധാരണകളും നിറയ്ക്കാം.