തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ഞൊട്ടാഞൊടിയനെന്നും, വടക്ക് മൊട്ടാംബ്ലിയെന്നും പല വകഭേദങ്ങളിൽ, പല പേരുകളിൽ അറിയപ്പെടുന്ന ഒരു കാട്ടുപഴം. മലയാളികളുടെ ഓർമ്മ നടത്തങ്ങളെ സമ്പന്നമാക്കുന്നൊരു പഴമാണത്. എന്നാൽ അന്നത്തെ പോലെ വെറുമൊരു നേരംപോക്കാണ് ഈ പഴമെന്ന് കരുതണ്ട. സൂപ്പർമാർക്കറ്റിലേക്ക് കൂടി എത്തിയിരിക്കുകയാണ് താരം. പൊന്നുംവില നൽകാതെ സാധനം വാങ്ങാൻ സാധിക്കാത്ത സ്ഥിതിയാണിന്ന്.

തെക്കന്‍ കേരളത്തില്‍ ഞൊട്ടാഞൊടിയൻ എന്ന് വിളിക്കുന്ന കാട്ട് ചെടിപഴത്തിന് കേരളത്തില്‍ പലയിടത്ത് പല പേരുകളാണ്. മൊട്ടാബ്ലി, മുട്ടാംബ്ളിങ്ങ,ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക  എന്നിങ്ങനെ പലതാണവ. പഴത്തിന്‍റെ ശാസ്ത്രീയ നാമം ഫൈസിലിസ് മിനിമ. ഇംഗ്ലീഷില്‍ ഗോൾഡൻബെറി എന്നാണ് വിളിക്കുന്നത്. പറമ്പിലും വഴിയരികിലും തഴച്ച് വളർന്നിരുന്ന, തമാശയായി മാത്രം മലയാളി കരുതിയിരുന്ന ഈ പഴത്തിന്റെ ഔഷധ ഗുണങ്ങൾ എന്താണെന്ന് പോലും ഭൂരിഭാഗം മലയാളികൾക്കും അറിയില്ല. 

എന്നാൽ അത് വ്യക്തമായി മനസിലാക്കിയ ഇടങ്ങളിൽ അതിന് ആവശ്യക്കാർ ഏറെയാണെന്ന് മാത്രമല്ല, നല്ല വിലയും നൽകണം. സെൻട്രൽ ജപ്പാന്റെ ഭാഗമായ നഗോയ എന്ന പട്ടണത്തിനടുത്ത് ഇച്ചിണോമിയ എന്ന സ്ഥലത്തെ മെയ്തേറ്റ്സു എന്ന സൂപ്പർമാർക്കറ്റിലാണ് ഇത് നന്നായി പൊതിഞ്ഞ് വിൽക്കാൻ വച്ചിരിക്കുന്നത്. ഇവിടെ താമസക്കാരനായ മിഥുൻ പെരിങ്ങേത്ത് എന്ന മലയാളി യുവാവ്, തന്റെ ഫെയ്സ്ബുക്കിൽ ഏറെ അദ്ഭുതത്തോടെയാണ് പങ്കുവച്ചതാണ് ഇക്കാര്യം. ഇവിടെ പത്ത് എണ്ണത്തിന്റെ പാക്കറ്റിന് 299 യെൻ ആണ് വില. ഇന്ത്യൻ രൂപയിൽ ഏതാണ്ട് 191 രൂപയോളം വരുമിത്. അതായത് 19.10 രൂപയാണ് ഒരു പഴത്തിന്റെ വില എന്നർത്ഥം.

ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതൽ വൃക്കരോഗത്തിനും മൂത്രതടസത്തിനും വരെ ഈ പഴം ഉത്തമമാണ് എന്നാണ് പറയുന്നത്. അതിനാല്‍ തന്നെ കായികതാരങ്ങള്‍ ഹെല്‍ത്ത് സപ്ലിമെന്‍റായി ഇത് ഉപയോഗിക്കുന്നുമുണ്ട്.

മഴക്കാലത്താണ് ഈ ചെടി മുളയ്ക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും. ഇതിന്‍റെ പച്ച കായയ്ക്ക് ചവര്‍പ്പാണ്. പഴുത്താൽ പുളി കലർന്ന മധുരമാണ് രുചി. വേനല്‍ കാലത്ത് ചെടി കരിഞ്ഞുപോകും.  മലയാളികളിൽ ഭൂരിപക്ഷത്തിനും ഇതിന്‍റെ സാമ്പത്തിക ഔഷധ പ്രധാന്യം എന്താണെന്ന് ഇപ്പോഴും അറിയില്ല. ഇതിന്‍റെ ഉയർന്ന വില, പുതിയ സാധ്യതകളാണ് കര്‍ഷകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.

ഈ ചെടിയുടെ ഉപയോഗം ആയുർവേദത്തിൽ വ്യക്തമായി പറയുന്നുണ്ട്. പുരാതന കാലം മുതൽ ഔഷധ നിർമ്മാണത്തിന് ഇത് ഉപയോഗിക്കുന്നുണ്ട്. കർക്കടക കഞ്ഞിക്കും ഇത് ഉപയോഗിക്കാറുണ്ട്. കുട്ടികളിലെ ത്വഗ്രോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ഔഷധമാണിതെന്നാണ് ആയുര്‍വേദം പറയുന്നു.