ഓഫീസുകളിലും കാന്റീനുകളിലുമെല്ലാം ചായപ്പൊടിക്ക് പകരമായി ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത് ടീ ബാഗുകളാണ്. എന്നാല്‍ ഇത് സുരക്ഷിതമല്ലാതെയാണ് നിര്‍മ്മിക്കപ്പെടുന്നതെന്ന് കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് സര്‍ക്കാര്‍

ദില്ലി: രാജ്യത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ഉത്പന്നമാണ് 'ടീ ബാഗ്'. ഓഫീസുകളിലും കാന്റീനുകളിലുമെല്ലാം ചായപ്പൊടിക്ക് പകരമായി ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത് ടീ ബാഗുകളാണ്. എന്നാല്‍ ഇത് സുരക്ഷിതമല്ലാതെയാണ് നിര്‍മ്മിക്കപ്പെടുന്നതെന്ന് കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് സര്‍ക്കാര്‍. 

ടീ ബാഗുകളിലെ 'സ്‌റ്റേപ്ലര്‍ പിന്‍' ആണ് വില്ലന്‍. ഇത് ചായയ്‌ക്കൊപ്പം അകത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും, അപകടഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഇത്തരം ടീ ബാഗുകള്‍ അനുവദിക്കാനാകില്ല എന്നുമാണ് സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാസംഘം വാദിക്കുന്നത്.

പിന്‍ ഉള്‍പ്പെട്ട ടീ ബാഗുകള്‍ നിരോധിക്കണമെന്ന് എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) നേരത്തേ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ നടപടിയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് എഫ്.എസ്.എസ്.എ.ഐ.

ഭക്ഷ്യവ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയുമെല്ലാം അറിവിലേക്കായി ഒരു സര്‍ക്കുലറും ഇവര്‍ ഇറക്കിക്കഴിഞ്ഞു. ഈ സര്‍ക്കുലര്‍ പ്രകാരം പിന്‍ ഉള്‍പ്പെട്ട ടീ ബാഗുകള്‍ ജൂണ്‍ 30ഓടെ വിപണിയില്‍ നിന്ന് നീക്കം ചെയ്യണം. പിന്നീട് ഇതിന്റെ നിര്‍മ്മാണമോ കച്ചവടമോ ഉപഭോഗമോ ഒന്നും നിയമപരമായി നടത്താന്‍ കഴിയില്ല. 

നേരത്തേ ഈ ജനുവരി മുതല്‍ തന്നെ പിന്‍ അടങ്ങിയ ടീ ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ സ്റ്റേപ്പിള്‍ പിന്‍ ഇല്ലാത്ത ടീ ബാഗുകള്‍ നിര്‍മ്മിക്കാന്‍ ചിലവ് കൂടുതലാണെന്നും ഇതിനാവശ്യമായ മെഷീനുകള്‍ ലഭ്യമല്ലെന്നും കാണിച്ച് വ്യവസായികള്‍ സമയം നീട്ടിനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് 2019 ജൂണ്‍ 30 വരെ സമയം നീട്ടിനല്‍കിയത്.