കോഴിക്കോട്: ഗപ്പി എന്ന കുഞ്ഞു സുന്ദരന്‍ മീനിനെ ഇഷ്ടമില്ലാത്ത വരായി ആരുമുണ്ടാകില്ല. അക്വാറിയങ്ങളിലെ കൊച്ച് താരം തന്നെയാണ് ഗപ്പി എന്ന അലങ്കാര മത്സ്യം. ഈ കുഞ്ഞന്‍ മീന്‍ ആമസോണില്‍ നിന്നും കേരളത്തിലെ അക്വാറിയങ്ങളിലെത്തിയിട്ട് പതിറ്റാണ്ടുകളായി. ആള് കുഞ്ഞനെങ്കിലും ഗപ്പിയെ വളര്‍ത്തുന്നതും ചെറിയകാര്യമല്ലെന്ന് തെളിയിക്കുകയാണ് കോഴിക്കോട് തിരുവമ്പാടി പൊന്നങ്കയത്തെ പനച്ചിക്കല്‍ ജോസഫ്.
കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഗപ്പിയെ വളര്‍ത്തിയാണ് ജോസഫ് വരുമാനം കണ്ടെത്തുന്നത്. ഗപ്പി മത്സ്യത്തെ സ്വന്തമാക്കാനായി മാത്രം കോഴിക്കോട്, മലപ്പുറം, വയനാട് തുടങ്ങിയ ജീല്ലകളില്‍ നിന്നായി നിരവധി അലങ്കാര മത്സ്യ പ്രേമികളാണ് ദിവസേന ജോസഫിനെ തേടി എത്തുന്നത്.
2008 ല്‍ മകന്‍ അജില്‍ ജോസ് എവിടെ നിന്നോ കൊണ്ടുവന്ന ഗപ്പിയെ പൊട്ടിയ ബക്കറ്റില്‍ കൗതുകത്തിന് വളര്‍ത്തി തുടങ്ങിയതാണ്. ആദ്യമൊക്കെ ഗപ്പികള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുന്നത് ആശ്ചര്യത്തോടെ ഉറങ്ങാതെ കാത്തിരുന്നിട്ടുണ്ടെന്ന് ജോസഫ് പറയുന്നു. പിന്നീട് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ വീടിന് സമീപത്തായി ടാങ്കുകള്‍ കെട്ടിയുണ്ടാക്കി സിലിപ്പോളിന്‍ ഷീറ്റിട്ട് ഗപ്പി പരിപാലനം വ്യാപിപ്പിച്ചു.
നല്ല ശ്രദ്ധയും പരിചരണവും വേണം ഗപ്പി വളര്‍ത്തലിന്. 22 ദിവസം കൂടുമ്പോള്‍ ഗപ്പികള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകും. എട്ട് മുതല്‍ 200 വരെ കുഞ്ഞുങ്ങളാണ് ഉണ്ടാകുക. വെള്ളത്തിന്റെ ഊഷ്മാവ് വര്‍ദ്ധിക്കാതെ, വെള്ളം മലിനമാകുമ്പോള്‍ കൃത്യമായി മാറ്റി, പാകത്തിന് തീറ്റ നല്‍കി വേണം ഗപ്പിയെ വളര്‍ത്താന്‍. ഫംഗസ്, ബാക്റ്റീരിയ എന്നിവ ബാധിക്കാതെ ശ്രദ്ധിക്കണം. ഗപ്പികള്‍ക്ക് അസുഖമുണ്ടാകുമ്പോള്‍ അതിന് മരുന്നുകള്‍ നല്‍കി പരിചരിക്കണം.
വാല്‍മാക്രി, നീര്‍ക്കോലി, തവള എന്നിവയാണ് ഗപ്പിയുടെ പ്രധാന ശത്രുക്കള്‍. ഇവ ടാങ്കില്‍ വരാതെ സൂക്ഷിക്കണം. ശ്രദ്ധയും പരിചരണവും അതിനായി സമയവും കണ്ടെത്തിയാല്‍ ഗപ്പി വളര്‍ത്തലിലൂടെ നല്ല വരുമാനം ഉണ്ടാക്കാനാകുമെന്നാണ് ജോസഫിന്‍റെ ആത്മാര്‍പ്പണം തെളിയിക്കുന്നത്. ഓരോരുത്തരേയും ഈ ചെറുമീനിന്റെ ആരാധകരാക്കുന്നത് നിറത്തിലെ വൈവിധ്യമാണ്. രണ്ടായിരത്തില്‍ പരം വര്‍ണ്ണ വൈവിധ്യങ്ങളിലുള്ള ഗപ്പികള്‍ ഭൂമുഖത്തുണ്ട്. ഇതില്‍തന്നെ മെറ്റാലിക് റെഡ്, ഫുള്‍ വൈറ്റ് റെഡ് ഐ, ബ്ലൂ മൊസൈക്ക്, ഫുള്‍ ബ്ലാക്ക് തുടങ്ങിയവയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്.
ഇതിന് പുറമെ ജര്‍മ്മന്‍ റെഡ്, ഹാഫ് ബ്ലാക്ക്, ഗ്രീന്‍ കോബ്ര, യെല്ലോ ഫ്‌ലെമിങ്, റെഡ് ചില്ലി , വൈറ്റ് ടെക്‌സ്ലോ, റെഡ് ലെയ്‌സ്, ലെയ്‌സ് ബിഗ് ഇയര്‍, ഡല്‍റ്റ തുടങ്ങിയ ബഹുവര്‍ണ്ണങ്ങളായ ഗപ്പികളും ജോസഫിന്‍റെ കൈവശമുണ്ട്. പെറ്റ് ഷോപ്പുകളിലേക്കാണ് കൂടുതലായി ഗപ്പിക്കളെ ഇദ്ദേഹം നല്‍കുന്നത്. 30 രൂപ മുതല്‍ 150 രൂപ വരെയാണ് ഗപ്പി ജോഡി വെറൈറ്റികള്‍ക്ക് പെറ്റ് ഷോപ്പുകളിലെ വില.
ഗപ്പി എന്ന പേരില്‍ മലയാളത്തില്‍ സിനിമ കൂടി വന്നതാണ് ഗപ്പി മത്സ്യങ്ങളുടെ ഡിമാന്റ് വര്‍ദ്ധിച്ചത്. ഗപ്പി കണ്ടിട്ടുളള കുരുന്നുകളെല്ലാം അക്വാറിയങ്ങളിലും പെറ്റ് ഷോപ്പുകളിലുമെത്തി ഈ മത്സ്യങ്ങള്‍ ചോദിച്ച് വാങ്ങുകയാണ്. ഇതോടെ ഗപ്പി മത്സ്യങ്ങളുടെ വിപുലമായ സ്റ്റോക്കില്ലാതെ പെറ്റ് ഷോപ്പുകള്‍ തുറക്കുക അസാധ്യമായി കഴിഞ്ഞു.
