ഹൃദയത്തിന് ആരോഗ്യം പകരുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാല്‍ 'ഡീപ് ഫ്രൈ' ചെയ്ത ഉരുളക്കിഴങ്ങ് ഹൃദയത്തിനും ആരോഗ്യത്തിനും നല്ലതല്ല

ആരോഗ്യകരമായി ഹൃദയത്തെ നിലനിര്‍ത്താന്‍ പല കാര്യങ്ങളും ചെയ്യാവുന്നതാണ്. എന്നാല്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം ഭക്ഷണത്തിലൂടെയുള്ള ശ്രദ്ധ തന്നെയാണ്. രോഗങ്ങളില്‍ നിന്ന് ഹൃദയത്തെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. 

ഒന്ന്...

പച്ചനിറത്തിലുള്ള പച്ചക്കറികള്‍ ധാരാളം കഴിക്കുന്നത് ഒരു പരിധി വരെ ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കും. കൊഴുപ്പ് കുറഞ്ഞ അളവിലും എന്നാല്‍ വിറ്റാമിനുകളുടെയും ഫൈബറിന്റെയും കാര്യത്തില്‍ സമ്പന്നവുമാണ് ഇത്തരം ഭക്ഷണങ്ങള്‍. ചീര, മുരിങ്ങ, കാബേജ്, ശതാവരി തുടങ്ങിയവയെല്ലാം പരീക്ഷിക്കാവുന്നതാണ്. ഇലകളുള്ള പച്ചക്കറികളോ, പച്ച നിറം കലര്‍ന്ന പച്ചക്കറികളോ ആണ് ഉത്തമം. 

രണ്ട്...

ഉരുളക്കിഴങ്ങാണ് ഹൃദയത്തിന് ആരോഗ്യം പകരുന്ന മറ്റൊരു ഭക്ഷണം. കാല്‍ഷ്യം, കാര്‍ബോഹൈഡ്രേറ്റ്‌സ്, സ്റ്റാര്‍ച്ച്, പൊട്ടാസ്യം എന്നിവയാണ് ഉരുളക്കിഴങ്ങിലെ പ്രധാന ഘടകങ്ങള്‍. രക്തസമ്മര്‍ദ്ദം കൂടാതെ സൂക്ഷിക്കാന്‍ ഉരുളക്കിഴങ്ങ് സഹായിക്കും. മാത്രമല്ല, ഇതിലടങ്ങിയിരിക്കുന്ന ഫൈബറും ഹൃദയത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ 'ഡീപ് ഫ്രൈ' ചെയ്ത് ഉരുളക്കിഴങ്ങ് കഴിക്കുന്നത് അത്ര ആരോഗ്യകരവുമല്ല.

മൂന്ന്...

സിട്രസ് അടങ്ങിയിരിക്കുന്ന ഫലവര്‍ഗ്ഗമാണ് ഹൃദ്രോഗങ്ങളില്‍ ഹൃദയത്തെ കാക്കുന്ന മറ്റൊരു ഭക്ഷണ മാര്‍ഗം. ഫ്‌ളേവനോയിഡ്‌സും വിറ്റാമിന്‍-സിയുമാണ് ഇത്തരം ഫലവര്‍ഗങ്ങളിലടങ്ങിയിരിക്കുന്നത്. എന്നാല്‍ സിട്രസ് ഫ്രൂട്ടുകളുടെ ജ്യൂസുകള്‍ വാങ്ങിക്കുടിക്കുന്നത് ശരീരത്തിന് അത്ര ഗുണകരമല്ല. കാരണം ഇതില്‍ ആഡഡ് ഷുഗര്‍ ചേര്‍ത്തിരിക്കും. ഇത് വണ്ണം കൂടാനും ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടാക്കാനും ഇടയാക്കും.

നാല്...

ബദാം ഉള്‍പ്പെടെയുള്ള നട്‌സാണ് ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണസാധനം. ബദാമിന് പുറമേ വാള്‍നട്‌സ്, അണ്ടിപ്പരിപ്പ്, പിസ്ത- തുടങ്ങിയവയെല്ലാം പരീക്ഷിക്കാവുന്നതാണ്. ഉപ്പ് കുറച്ച് സൂക്ഷിച്ചിരിക്കുന്ന നട്‌സാണ് അല്‍പം കൂടി നല്ലത്. 

അഞ്ച്...

ഡാര്‍ക്ക് ചോക്ലേറ്റും ഒരു പരിധി വരെ ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് എന്നറിയപ്പെടുന്ന ഫ്‌ളേവനോയിഡ്‌സ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതീലൂടെ ഹൃദയത്തെ പല അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുത്താനാകും.