ക്യത്യമായി വ്യായാമം ചെയ്തില്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഹൃദ്രോഗമുള്ളവർ രാവിലെയോ വെെകിട്ടോ അൽപനേരം നടക്കാൻ സമയം കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ്. വ്യായാമം ചെയ്യാത്തവരിൽ പ്രധാനമായി കണ്ട് വരുന്ന പ്രശ്നമാണ് പൊണ്ണത്തടി.

ശരീരത്തെ ആരോ​ഗ്യത്തോടെ സൂക്ഷിക്കാൻ പ്രധാനമായും വേണ്ടത് വ്യായാമമാണ്. പലതരത്തിലുള്ള വ്യായാമങ്ങൾ ഇന്നുണ്ട്. യോ​ഗ, നടത്തം, ഓട്ടം, നീന്തൽ ഇങ്ങനെ ഏത് തരം വ്യായാമം ചെയ്യുന്നതും ശരീരത്തെ ആരോ​ഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കും. എന്നാൽ ഇന്ന് വ്യായാമം ചെയ്യാൻ ചിലർക്ക് സമയം കിട്ടാറില്ല, ചിലർ താൽപര്യം കാണിക്കാറില്ല, ചിലർ വ്യായാമം ചെയ്യാൻ മടികാണിക്കും. ഏതായാലും വ്യായാമമില്ലായ്മയിലൂടെ നിരവധി അസുഖങ്ങളാണ് പിടിപെടുക. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ വ്യായാമം കുറഞ്ഞു വരുന്നു. വ്യായാമമില്ലായ്മയിലൂടെ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പൊണ്ണത്തടി...

വ്യായാമം ചെയ്യാത്തവരിൽ പ്രധാനമായി കണ്ട് വരുന്ന പ്രശ്നമാണ് പൊണ്ണത്തടി. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങളാണ് കൂടുതലായും പൊണ്ണത്തടി ഉണ്ടാക്കുന്നത്. പൊണ്ണത്തടി ഒരു അസുഖമാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. വ്യായാമവും ക്യത്യമായ ഡയറ്റും ചെയ്‌താല്‍ പൊണ്ണത്തടി കുറയ്‌ക്കാനാകും. പൊണ്ണത്തടിയിലൂടെ കൊളസ്‌ട്രോള്‍, പ്രമേഹം,രക്തസമ്മര്‍ദ്ദം പോലുള്ള അസുഖങ്ങള്‍ പിടിപെടാം. പൊണ്ണത്തടിയുള്ളവര്‍ക്ക്‌ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്‌. അരി ആഹാരങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ പൂർണമായും ഒഴിവാക്കുക. 

ഉറക്കക്കുറവ്...

 ഉറക്കമില്ലായ്മ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ക്യത്യമായി വ്യായാമം ചെയ്യാത്തത് ഉറക്കമില്ലായ്മയ്ക്ക് ഒരു കാരണം തന്നെയാണ്. ഉറക്കമില്ലായ്മ വിഷാ​ദ രോ​ഗം, അമിതവണ്ണം, അൾസർ, മാനസികസമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. ഉറക്കം കിട്ടാൻ ഉറക്ക​ഗുളിക കഴിക്കുന്ന ശീലം ചിലർക്കുണ്ട്. ഉറക്കഗുളികയുടെ സ്ഥിരമായ ഉപയോഗം ക്രമേണ മരണത്തിന് വരെ കാരണമാകുമെന്ന് മിക്ക പഠനങ്ങളും പറയുന്നു. 

ക്ഷീണം,അലസത...

 ചിലർക്ക് അമിതമായി ​ക്ഷീണം അനുഭവപ്പെടാറുണ്ട്. ക്യത്യമായ വ്യായാമം ചെയ്യാത്തത് അമിതമായ ക്ഷീണത്തിന് കാരണമാകുന്നു. രാവിലെയോ വെെകിട്ടോ ‌ഒരു മണിക്കൂറെങ്കിലും ക്യത്യമായി വ്യായാമം ചെയ്താൽ ക്ഷീണവും അലസതയും അകറ്റാനാകും. നടത്തം, ഓട്ടം, നീന്തൽ ഏത് തരം വ്യായാമവും ക്ഷീണം അകറ്റാൻ സഹായിക്കും. 

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ പിടിപെടാം...

ക്യത്യമായി വ്യായാമം ചെയ്തില്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ഹൃദ്രോഗങ്ങള്‍ ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ പിന്നെ എപ്പോഴും ആശങ്കയാണ്. വീണ്ടും അസുഖം വരാന്‍ സാധ്യതയുണ്ടോയെന്ന് ആലോചിച്ച് സമ്മര്‍ദ്ദത്തിലാകും. ഹൃദ്രോഗമുള്ളവർ രാവിലെയോ വെെകിട്ടോ അൽപനേരം നടക്കാൻ സമയം കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ്. കൂടാതെ ഹൃദയത്തിന് അത്യാവശ്യമായ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.