സെപ്റ്റംബര്‍ 29- ലോക ഹൃദയദിനം

സ്​പന്ദിക്കുന്ന ഹൃദയത്തിലുണ്ടാകുന്ന ആഘാതത്തി​ന്‍റെ തത്സമയ ത്രിമാന ദൃശ്യം പകർത്തി ന്യൂസിലാന്‍റ്​ ശാസ്​ത്രജ്​ഞർ. കമ്പ്യൂ​ട്ടേഷനൽ ബയോമെക്കാനിക്​സ്​, മെഡിക്കൽ ഇമേജിങ്​ സാ​ങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ്​ ഒാക്​ലന്‍റ് സർവകലാശാലയിലെ കാർഡിയാക്​ മെക്കാനിക്​ ഗവേഷകർ ഇൗ നേട്ടത്തിൽ എത്തിയത്​. 

രണ്ട്​ പമ്പിങ്​ അറകൾ വെൻട്രിക്കിളുകൾ സഹിതം മനുഷ്യ ഹൃദയത്തി​ന്‍റെ കമ്പ്യൂട്ടർ മാതൃക ഒരുക്കിയാണ്​ പരീക്ഷണം പൂർത്തിയാക്കിയത്​. ഹൃദയാഘാതം, ഹൃദയസ്​തംഭനം, അരിത്​മിയ എന്നീ ഹൃദ്രോഗാവസ്​ഥകളിൽ വെൻട്രിക്കിളുകളിൽ സംഭവിക്കന്നത്​ എന്തെന്ന്​ കാഴ്​ചക്കാർക്ക്​ വ്യക്​തമാക്കുന്നതായിരുന്നു ശാസ്​ത്രജ്ഞർ പകർത്തിയ ദൃശ്യം.ലോക ഹൃദയദിനത്തോടനുബന്ധിച്ച്​ ഒാക്​ലാൻറിലെ ബ​യോ എൻജിനീയറിങ്​ ഇൻസ്​റ്റിറ്റ്യൂട്ടിലെ ശാസ്​ത്രജ്​ഞർ ഹൃദ്രോഗത്തെക്കുറിച്ച്​ സംവദിക്കുന്ന വെബ്​ ആപ്​ ഒരുക്കി ട്രാൻസ്​പോർട്​ ആന്‍റ്​ ടെക്​നോളജി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുകയാണ്​.

ഹൈസ്​കൂൾ, പ്രൈമറി സ്​കൂൾ വിദ്യാർഥികൾക്കായി ഉപയോഗിക്കാവുന്ന ആപ്​ ആണ്​ രൂപകൽപ്പന ചെയ്​തതെന്ന്​ നേതൃത്വം നൽകുന്ന ​പ്രഫ. മാർട്ടിൻ നാഷ്​ പറഞ്ഞു. ടച്ച്​ സ്​ക്രീനിൽ കാ​ഴ്​ചക്കാർക്ക്​ സ്വയം പരിശോധിക്കാവുന്ന രീതിയിൽ ആണിത്​ ഒരുക്കിയിരിക്കുന്നത്​. ഹൃദ്രോഗസമയത്ത്​ എന്ത്​ സംഭവിക്കുന്നുവെന്ന്​ ഇതിലൂടെ വ്യക്​തമാകും. എ.ബി.​ഐയിലെ ഗവേഷണങ്ങളിൽ സാ​ങ്കേതിക വിദ്യ വലിയ പങ്കുവഹിക്കുന്നു. ഇതിനായി അഞ്ച്​ മില്യൺ ഡോളർ ആണ്​ ന്യൂസിലാൻറ്​ ഹെൽത്ത്​ റിസർച്ച്​ കൗൺസിൽ ഇൗ വർഷം ആദ്യം അനുവദിച്ചത്​.