ഒറീസയിലെ ബെര്‍ഹാംപൂരിലാണ് സംഭവം. ജനിച്ച് ഏഴാം മാസം തന്നെ തലസീമിയ രോഗം ബാധിച്ച കുട്ടിക്ക് ബെര്‍ഹാംപൂരിലെ എം.കെ.സി.ജി ആശുപത്രിയില്‍ നിന്ന് എല്ലാ മാസവും രക്തം നല്‍കിയിരുന്നു. കഴിഞ്ഞ മാസം രക്തം സ്വീകരിച്ചതിന് പിന്നാലെ ശരീരത്തില്‍ പൊള്ളലേറ്റത് പോലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ രക്ഷിതാക്കള്‍ കുട്ടിയുമായി ആശുപത്രിയിലെത്തി. രക്ത പരിശോധനയില്‍ എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. മറ്റൊരു ലബോറട്ടറിയിലും രക്തം പരിശോധിച്ചെങ്കിലും ഫലം സമാനമായിരുന്നു. രക്തം നല്‍കിയതില്‍ നിന്നാണ് കുട്ടിക്ക് അണുബാധയുണ്ടാതയെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ ചീഫ് ഡിസ്ട്രിക്ക് മെഡിക്കല്‍ ഓഫീസറോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹം നിയമിച്ച അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘമാണ് ഇപ്പോള്‍ പരാതി അന്വേഷിക്കുന്നത്.

ചൊവ്വാഴ്ച രക്തബാങ്കില്‍ പരിശോധന നടത്തിയ സംഘം, ഇവിടെ നിന്ന് കുട്ടിക്ക് 71 തവണ രക്തം നല്‍കിയിട്ടുണ്ടെന്ന് കണ്ടെത്തി. എല്ലാ പരിശോധനയും നടത്തിയിട്ടാണ് രക്തം രോഗികള്‍ക്ക് നല്‍കുന്നതെന്ന് ബാങ്ക് അധികൃതര്‍ മൊഴി നല്‍കിയിട്ടുണ്ട്. തലസീമിയ ബാധിച്ച 233 പേര്‍ക്കും അരിവാള്‍ രോഗികളായ 402 പേര്‍ക്കും 25 ഹീമോഫീലിയ രോഗികള്‍ക്കും ഇവിടെ നിന്ന് പതിവായി രക്തം നല്‍കാറുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

കുട്ടിക്ക് മറ്റെവിടെ നിന്നെങ്കിലും രക്തം നല്‍കിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗ്യമായി ഇന്ന് കുട്ടിയില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കും.