ചെടികൾ നട്ടുവളർത്താൻ പറ്റിയ സമയമാണ് മഴക്കാലം. വീട്ടുമുറ്റത്തോ ബാൽക്കണിയിലോ ജനാലയുടെ വശങ്ങളിലോ ചെടികൾ വളർത്താൻ സാധിക്കും.
മഴക്കാലത്ത് പലതരം പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത്. എന്നാൽ മറ്റൊരു വശത്ത് മഴ ആസ്വദിക്കാൻ കൂടി ഉള്ളതാണ്. ചെടികൾ നട്ടുവളർത്താൻ പറ്റിയ സമയമാണ് മഴക്കാലം. വീട്ടുമുറ്റത്തോ ബാൽക്കണിയിലോ ജനാലയുടെ വശങ്ങളിലോ ചെടികൾ വളർത്താൻ സാധിക്കും. ചിലയിനം ചെടികൾക്ക് ഈർപ്പവും തണുപ്പുമാണ് ഇഷ്ടം. ഈ ചെടികൾ അടുക്കള തോട്ടത്തിൽ വളർത്തി നോക്കൂ.
മല്ലിയില
വിത്തിട്ട് എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്നു. നല്ല നീർവാർച്ചയുള്ള മണ്ണിൽ നട്ടുവളർത്താം. ഈർപ്പം ഇഷ്ടമുള്ളതുകൊണ്ട് തന്നെ മഴക്കാലത്ത് എളുപ്പത്തിൽ മല്ലിയില വളരും.
പുതിന
പുതിനയ്ക്കും ഈർപ്പമുള്ള കാലാവസ്ഥയാണ് ആവശ്യം. ചെറിയ പോട്ടിലോ മണ്ണിലോ ഇത് നട്ടുവളർത്താൻ സാധിക്കും. അധികം സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലങ്ങളിലാണ് ഇത് വളർത്തേണ്ടത്.
ഇഞ്ചി
വലിയ പോട്ടുകളിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് ഇഞ്ചി. മഞ്ഞളും ഇത്തരത്തിൽ വളർത്തിയെടുക്കാൻ സാധിക്കും. അതേസമയം ഇഞ്ചിക്ക് വളരാൻ കുറച്ചധികം സമയം ആവശ്യമായി വരുന്നു.
കറിവേപ്പില
സൂര്യപ്രകാശം ആവശ്യമുള്ള ചെടിയാണ് കറിവേപ്പില. എന്നാൽ ഇത് മഴക്കാലത്തും നന്നായി വളരും. വേരുകൾക്ക് പടരാൻ സാധിക്കുന്ന വിധത്തിൽ വലിയ പോട്ടിൽ വളർത്തുന്നതാണ് നല്ലത്.
ബേസിൽ
നല്ല ചൂടും കുറച്ച് വെളിച്ചവും മാത്രമാണ് ഈ ഔഷധ ചെടിക്ക് വളരാൻ ആവശ്യമായി വരുന്നത്. അതിനാൽ തന്നെ ഇത് വീടിനുള്ളിൽ വളർത്തുന്നതാണ് കൂടുതൽ ഉചിതം. അതേസമയം ഈർപ്പമുള്ള മണ്ണിൽ നടുന്നത് ഒഴിവാക്കാം.
ഒറിഗാനോ
വീടിനുള്ളിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് ഒറിഗാനോ. നല്ല വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് നട്ടുവളർത്താവുന്നതാണ്.


