നല്ല പരിചരണം നൽകിയാൽ മാത്രമേ റോസാച്ചെടികൾ തഴച്ചു വളരുകയുള്ളൂ. വീട്ടിൽ റോസ വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
റോസാച്ചെടികൾ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ഭംഗിയുള്ള നല്ല സുഗന്ധം പരത്തുന്ന റോസാച്ചെടികൾക്ക് എന്നും ആരാധകർ ഏറെയാണ്. നല്ല രീതിയിൽ പരിചരണം നൽകിയാൽ പെട്ടെന്ന് ചെടി വളരുന്നു. അതിനാൽ തന്നെ വീട്ടിൽ റോസ വളർത്തുമ്പോൾ നിർബന്ധമായും നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
1.റോസ ഇനങ്ങൾ
പലയിനത്തിലാണ് റോസാച്ചെടികൾ ഉള്ളത്. ഓരോ ചെടിക്കും വ്യത്യസ്തമായ പരിപാലനമാണ് വേണ്ടത്. അതിനാൽ തന്നെ ചെടി വളർത്താൻ തെരഞ്ഞെടുക്കുമ്പോൾ അവയ്ക്ക് ആവശ്യമായ കാര്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
2. സൂര്യപ്രകാശം ലഭ്യമാകണം
റോസാച്ചെടികൾക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് 6 മണിക്കൂർ എങ്കിലും ചെടിക്ക് സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ചെടിയിൽ നന്നായി പൂക്കൾ വരുകയുള്ളൂ. അതേസമയം ശക്തമായ കാറ്റുള്ള സ്ഥലമാണെങ്കിൽ ചെടിയെ അതിൽനിന്നും സംരക്ഷിക്കേണ്ടതുണ്ട്.
3. നീർവാർച്ചയുള്ള മണ്ണ്
നന്നായി വളരണമെങ്കിൽ ചെടി നല്ല നീർവാർച്ചയുള്ള മണ്ണിൽ തന്നെ നടേണ്ടതുണ്ട്. എങ്കിൽ മാത്രമേ ചെടിയിൽ ഒരുപാട് പൂക്കൾ ഉണ്ടാവുകയുള്ളു. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടായാൽ ചെടി പെട്ടെന്ന് നശിച്ചുപോകും. ചെടിയുടെ അടിഭാഗത്തായി ചെറിയ കല്ലുകൾ ഇടുന്നതും വെള്ളം കെട്ടിനിൽക്കുന്നതിനെ തടയുന്നു.
4. സ്ഥലം വേണം
നല്ല രീതിയിൽ വായുസഞ്ചാരമുള്ള സ്ഥലത്താവണം റോസാച്ചെടികൾ നട്ടുവളർത്തേണ്ടത്. തിക്കിതിരുകി ചെടികൾ വളർത്തുമ്പോൾ വായു സഞ്ചാരം ഇല്ലാതാവുകയും ഇത് ചെടികൾ നന്നായി വളരുന്നതിന് തടസ്സമാവുകയും ചെയ്യുന്നു.
5. കണ്ടെയ്നറിൽ വളർത്താം
റോസാച്ചെടികൾ മണ്ണിൽ നേരിട്ട് നട്ടുവളർത്തുന്നതിനേക്കാളും സാധ്യമെങ്കിൽ കണ്ടെയ്നറിൽ തന്നെ വളർത്തുന്നതാണ് നല്ലത്. കാരണം കണ്ടെയ്നറിൽ റോസ നന്നായി വളരുന്നു.


