പച്ചക്കറിത്തോട്ടമുണ്ടാക്കാൻ ആദ്യം വേണ്ടത് അനുയോജ്യമായ സ്ഥലമാണ്. എല്ലാത്തരം പച്ചക്കറികൾക്കും കുറഞ്ഞത് 6 മണിക്കൂറെങ്കിലും സൂര്യപ്രകാശം അത്യാവശ്യമാണ്.
സ്വന്തമായി പച്ചക്കറി തോട്ടമുണ്ടാക്കി അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉപയോഗിക്കുന്നതിന്റെ സന്തോഷം വേറെതന്നെയാണ്. എന്നാൽ സ്ഥലമില്ലാത്തതാണ് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രതിസന്ധി. എളുപ്പത്തിൽ വീട്ടിൽ പച്ചക്കറിത്തോട്ടമുണ്ടാക്കാൻ ഇത്രയും ചെയ്താൽ മതി.
സ്ഥലം തെരഞ്ഞെടുക്കാം
പച്ചക്കറിത്തോട്ടമുണ്ടാക്കാൻ ആദ്യം വേണ്ടത് അനുയോജ്യമായ സ്ഥലമാണ്. എല്ലാത്തരം പച്ചക്കറികൾക്കും കുറഞ്ഞത് 6 മണിക്കൂറെങ്കിലും സൂര്യപ്രകാശം അത്യാവശ്യമാണ്. നല്ല വായുസഞ്ചാരവും, സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലത്ത് പച്ചക്കറികൾ നട്ടുവളർത്താം.
എളുപ്പത്തിൽ വളരുന്ന പച്ചക്കറികൾ
എളുപ്പത്തിൽ വളരുന്ന പച്ചക്കറികളാണ് ആദ്യം നട്ടുവളർത്തേണ്ടത്. പുതിന, മല്ലിയില, ചീര, തക്കാളി, റാഡിഷ് തുടങ്ങിയവ എളുപ്പത്തിൽ വളരുന്നു. ഇത് പച്ചക്കറികൾ വളർത്താനുള്ള നിങ്ങളുടെ ആത്മവിശ്വാസത്തെ വർധിപ്പിക്കുകയും ചെയ്യും.
ഗുണനിലവാരമുള്ള മണ്ണും വളവും
നല്ല പോഷക ഗുണങ്ങളുള്ള മണ്ണ് ഉപയോഗിച്ചാൽ മാത്രമേ ചെടികൾ നന്നായി വളരുകയുള്ളു. ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായതെന്തും മണ്ണിൽ നിന്നുമാണ് ലഭിക്കുന്നത്. അതിനാൽ തന്നെ വേരുകൾക്ക് നന്നായി വളരാൻ സാധിക്കുന്ന, വായുസഞ്ചാരം ലഭിക്കുന്ന വിധത്തിൽ പച്ചക്കറികൾ നട്ടുവളർത്താം.
ചെടിയുടെ പരിപാലനം
ചെടികൾ നന്നായി വളരാൻ വെള്ളം ആവശ്യമാണ്. അതേസമയം അമിതമായി വെള്ളമൊഴിക്കുന്നതും, വെള്ളത്തിന്റെ അളവ് കുറയുന്നതും ചെടിയുടെ വളർച്ചയെ ബാധിക്കുന്നു. അതിരാവിലെയും വൈകുന്നേരങ്ങളിലുമാണ് ചെടിക്ക് വെള്ളമൊഴിക്കേണ്ടത്. കേടുവന്നതും പഴുത്തതുമായ ഇലകൾ മുറിച്ച് മാറ്റാൻ ശ്രദ്ധിക്കണം. ഇത് പുതിയ ഇലകൾ വരാൻ സഹായിക്കുന്നു.
വിളവെടുക്കാം
പൂർണ വളർച്ചയിൽ എത്തിയതിന് ശേഷം മാത്രമേ പച്ചക്കറികൾ വിളവെടുക്കാൻ പാടുള്ളു. തക്കാളി, വെള്ളരി തുടങ്ങിയ പച്ചക്കറികൾ വിളവെടുക്കുന്നതിന് മുമ്പ് അവയുടെ വലിപ്പവും നിറവും നിരീക്ഷിക്കേണ്ടതുണ്ട്. ഇത്തരം പച്ചക്കറികൾ വിളവെടുക്കാൻ പാകമായെന്ന് മനസിലാക്കുന്നത് അതിന്റെ വലിപ്പവും നിറവും നോക്കിയാണ്.
