സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മൈക്രോഗ്രീൻസ് നന്നായി വളരുന്നു. നല്ല മണ്ണും, ഗുണമേന്മയുള്ള വിത്തുകളും കുറച്ച് വെള്ളവും മാത്രമാണ് മൈക്രോഗ്രീൻസ് വളർത്താൻ ആവശ്യം.

വളരെ ചെറിയ ചെടികളാണ് മൈക്രോഗ്രീൻസ്. ആദ്യം വിത്ത് ഉപയോഗിച്ച് ഇതിനെ വളർത്തിയെടുക്കുന്നു. മൂന്ന് ആഴ്ചക്കുള്ളിൽ തന്നെ ഇത് വിളവെടുക്കാറുമുണ്ട്. സാലഡിലും, സാൻഡ്‌വിച്ചിലും ഗാർണിഷ് ചെയ്യാനുമൊക്കെ മൈക്രോഗ്രീൻസ് ഉപയോഗിക്കാറുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള മൈക്രോഗ്രീൻസ് എളുപ്പത്തിൽ വീട്ടിൽ വളർത്താൻ സാധിക്കും. ഇത് തോട്ടത്തിൽ തന്നെ വളർത്തണമെന്നില്ല. ചെറിയ പാത്രം ഉപയോഗിച്ച് വളർത്തിയെടുക്കാൻ സാധിക്കും. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മൈക്രോഗ്രീൻസ് നന്നായി വളരുന്നു. നല്ല മണ്ണും, ഗുണമേന്മയുള്ള വിത്തുകളും കുറച്ച് വെള്ളവും മാത്രമാണ് മൈക്രോഗ്രീൻസ് വളർത്താൻ ആവശ്യം.

എന്തൊക്കെ തരം മൈക്രോഗ്രീൻസുണ്ട്?

സൺഫ്ലവർ മൈക്രോഗ്രീൻസ്

നല്ല പോഷകഗുണങ്ങളുള്ള ഒന്നാണ് സൺഫ്ലവർ മൈക്രോഗ്രീൻസ്. ഇത് മണ്ണിൽ വളർത്തുന്നതാണ് കൂടുതൽ ഉചിതം. 10 ദിവസത്തിനുള്ളിൽ ഇത് വിളവെടുക്കാൻ സാധിക്കും.

റാഡിഷ് മൈക്രോഗ്രീൻസ്

റാഡിഷ് കഴിക്കുന്നതിന്റെ അതേ രുചിയാണ് മൈക്രോഗ്രീൻസിനുമുള്ളത്. ഇവ വളരെ പെട്ടെന്ന് വളരുന്നു. 5 മുതൽ 7 ദിവസം വരെയാണ് വളർന്ന് വരാൻ സമയമെടുക്കുന്നത്. ഇത് കറികൾക്ക് കൂടുതൽ സ്വാദ് നൽകുന്നു.

ബ്രോക്കോളി മൈക്രോഗ്രീൻസ്

വിറ്റാമിൻ സി, ആന്റിഓക്സിഡന്റ്സ് എന്നിവയാൽ സമ്പുഷ്ടമാണ് ബ്രോക്കോളിയുടെ മൈക്രോഗ്രീൻസ്. മൈക്രോഗ്രീൻസ് ആദ്യമായി വളർത്തുന്നവർക്ക് എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ബ്രോക്കോളി.

പീ ഷൂട്ട്സ് (മൈക്രോഗ്രീൻസ്)

നല്ല മധുരവും ക്രെഞ്ചിയുമാണ് പീ ഷൂട്ട്സ്. ഇത് വെള്ളത്തിലും മണ്ണിലും എളുപ്പത്തിൽ വളരുന്നു. പാചകത്തിന് ഉപയോഗിക്കുന്ന ഉണങ്ങിയ പയർ ഉപയോഗിച്ചും മൈക്രോഗ്രീൻസ് വളർത്തിയെടുക്കാൻ സാധിക്കും.

മസ്റ്റാർഡ്‌ മൈക്രോഗ്രീൻസ്

കടുകിന്റെ അതേ രുചിയാണ് മൈക്രോഗ്രീൻസിനുമുള്ളത്. സലാഡിനും സാൻഡ്‌വിച്ചിനും മസ്റ്റാർഡ്‌ മൈക്രോഗ്രീൻസ് നല്ലതാണ്. 6-8 ദിവസങ്ങൾകൊണ്ട് മൈക്രോഗ്രീൻസ് വളരുന്നു.

ബീറ്റ്റൂട്ട് മൈക്രോഗ്രീൻസ്

ചുവന്ന തണ്ടുകളും പച്ച ഇലകളും കൊണ്ട് കാഴ്ചയിൽ മനോഹരമാണ് ബീറ്റ്റൂട്ട് മൈക്രോഗ്രീൻസ്. കൂടാതെ ഇതിന്റെ രുചിയും പകരം വെയ്ക്കാൻ ആവാത്തതാണ്. 10 മുതൽ 12 ദിവസം വരെയാണ് ഇത് വളരാൻ വേണ്ട സമയം.

മൈക്രോഗ്രീൻസ് എങ്ങനെ വളർത്തും?

മൈക്രോഗ്രീൻസിന് വേണ്ടിയുള്ള വിത്തുകൾ ഇന്ന് ലഭ്യമാണ്. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഇത് തെരഞ്ഞെടുക്കാം.

  1. ഉപയോഗമില്ലാത്ത ഒരു പാത്രത്തിൽ 2 ഇഞ്ച് മണ്ണോ അല്ലെങ്കിൽ ഈർപ്പമുള്ള ടിഷ്യൂപേപ്പറോ വയ്ക്കാം.

2. ഇതിന് മുകളിലേക്കായി വിത്തുകൾ വിതറിയിടണം. മണ്ണിൽ നന്നായി പറ്റിക്കിടക്കുന്ന വിധത്തിൽ വിത്തുകൾ വിതറണം.

3. ശേഷം ആദ്യത്തെ രണ്ട് ദിവസം പാത്രം മൂടി ഉപയോഗിച്ച് അടച്ച് സൂക്ഷിക്കാം. വെളിച്ചം ഉള്ളിലേക്ക് കടക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് വിത്തുകൾ എളുപ്പത്തിൽ വളരാൻ സഹായിക്കുന്നു.

4. മൈക്രോഗ്രീൻസ് വളരാൻ തുടങ്ങുമ്പോൾ മൂടി മാറ്റികൊടുക്കാം. ശേഷം നല്ല വെളിച്ചവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലത്ത് വളർത്താവുന്നതാണ്. അതേസമയം മണ്ണ് ഡ്രൈ ആകുന്നതിന് മുമ്പ് ചെറുതായി വെള്ളം തളിക്കാൻ മറക്കരുത്.

5. 7 മുതൽ 14 ദിവസത്തിനുള്ളിൽ മൈക്രോഗ്രീൻസ് പൂർണ വളർച്ചയിലെത്തും. ശേഷം ഇത് മുറിച്ചെടുക്കാവുന്നതാണ്. ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകാൻ ശ്രദ്ധിക്കണം.