പ്രത്യേകിച്ചും ചൂട് സമയങ്ങളിൽ തണ്ണിമത്തൻ ജ്യൂസ് ആയിട്ടൊക്കെ കുടിക്കുന്നവരുണ്ട്. എപ്പോഴും കടയിൽ പോയി വാങ്ങുന്നതിനേക്കാളും വീട്ടിൽ തന്നെ തണ്ണിമത്തൻ വളർത്തിയാൽ കുറച്ചുകൂടെ എളുപ്പമാകും.
തണ്ണിമത്തൻ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. പ്രത്യേകിച്ചും ചൂട് സമയങ്ങളിൽ തണ്ണിമത്തൻ ജ്യൂസ് ആയിട്ടൊക്കെ കുടിക്കുന്നവരുണ്ട്. എപ്പോഴും കടയിൽ പോയി വാങ്ങുന്നതിനേക്കാളും വീട്ടിൽ തന്നെ തണ്ണിമത്തൻ വളർത്തിയാൽ കുറച്ചുകൂടെ എളുപ്പമാകും. തണ്ണിമത്തൻ വീട്ടിൽ തന്നെ എളുപ്പത്തിൽ വളർത്താൻ സാധിക്കും. ഇത് വീട്ടിൽ വളർത്തേണ്ടത് എങ്ങനെയാണെന്ന് അറിയാം.
1. നല്ല നീർവാർച്ചയുള്ള മണ്ണിലാണ് തണ്ണിമത്തൻ വളർത്തേണ്ടത്. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ നടാം. 8 മുതൽ 10 മണിക്കൂർ വരെയാണ് തണ്ണിമത്തന് സൂര്യപ്രകാശം ലഭിക്കേണ്ടത്.
2. നല്ല രീതിയിൽ വളരണമെങ്കിൽ വളം അത്യാവശ്യമാണ്. തണ്ണിമത്തൻ നടാൻ ഉദ്ദേശിക്കുന്ന മണ്ണിൽ ചാണകം ചേർത്ത് കൊടുക്കണം. നടുന്നതിന് 3 ആഴ്ചയ്ക്ക് മുമ്പ് തന്നെ മണ്ണിൽ വളം ചേർത്ത് വയ്‌ക്കേണ്ടതുണ്ട്. ഉണങ്ങാത്ത ചാണകമാണ് ഉപയോഗിക്കുന്നതെങ്കിൽ വേരുകൾ കരിഞ്ഞ് പോകാൻ സാധ്യതയുണ്ട്.
3. പുറത്ത് നടുന്നതിനേക്കാളും തുടക്കത്തിൽ അകത്ത് വളർത്തുന്നതാണ് നല്ലത്. ചെറുതായി മുളച്ച് വരാൻ തുടങ്ങുമ്പോൾ പുറത്തെടുത്ത് വയ്ക്കാവുന്നതാണ്. നല്ല രീതിയിലുള്ള സൂര്യപ്രകാശം തണ്ണിമത്തന് ആവശ്യമാണ്. കൂടാതെ എപ്പോഴും മണ്ണിൽ ഈർപ്പവും ഉണ്ടായിരിക്കണം. അതേസമയം അമിതമായി വെള്ളമൊഴിച്ച് കൊടുക്കരുത്.
4. ചെടിക്ക് ഈർപ്പം എപ്പോഴും ആവശ്യമാണ്. പ്രത്യേകിച്ചും വളരുന്ന ഘട്ടത്തിൽ തണ്ണിമത്തന് ആവശ്യമായ വെള്ളം ഒഴിച്ച് കൊടുക്കണം. മണ്ണ് എപ്പോഴും നനവുള്ളതായി തന്നെ നിലനിർത്താൻ ശ്രദ്ധിക്കണം.
5. തണ്ണിമത്തൻ വളർത്തുമ്പോൾ പലതരം കീടങ്ങൾ ചെടിയിൽ വന്നിരിക്കാൻ സാധ്യതയുണ്ട്. ഇത് ചെടിയുടെ നല്ല വളർച്ചയ്ക്ക് തടസ്സമാകുന്നു. അതിനാൽ തന്നെ കീടങ്ങൾ വന്നിരിക്കുന്നതിനെ തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമായ കാര്യമാണ്.
6. 60 അല്ലെങ്കിൽ 90 ദിവസം എത്തുമ്പോഴാണ് തണ്ണിമത്തൻ പൂർണ വളർച്ചയിൽ എത്തുന്നത്. തണ്ണിമത്തൻ കഴിക്കാൻ പകമായോ എന്നറിയാൻ പുറം ക്രീം നിറത്തിലായിട്ടുണ്ടോ എന്ന് നോക്കിയാൽ മതി.
