തിരുവനന്തപുരം: ഒരാഴ്‌ചയായി തിരുവനന്തപുരത്തെ ഒരു റെസ്റ്റോറന്റില്‍ ക്ലീനിങ് ജോലിക്കാരനായി നില്‍ക്കുകയായിരുന്ന ചെറുപ്പക്കാരനെ പൊടുന്നനെ കാണാതായി. നാട്ടില്‍പോകുന്നെന്ന് പറഞ്ഞുപോയ ആ ചെറുപ്പക്കാരന്‍ തിരിച്ചെത്തിയ കാഴ്‌ച കണ്ട് ഞെട്ടിയത് ഹോട്ടലിലെ സഹപ്രവര്‍ത്തകരും മുതലാളിയുമാണ്. മൂന്ന് ആഡംബര കാറുകള്‍ ഉള്‍പ്പടെ അകമ്പടിയായി, ശരിക്കുമൊരു കോടീശ്വരനായാണ് അവന്‍ ഹോട്ടലിലെത്തിയത്. ഒപ്പം ജോലി ചെയ്തവര്‍ക്ക് വജ്രാഭരണങ്ങളും പേനയും കൈനിറയെ കാശുനല്‍കിയാണ് ആ കോടീശ്വരന്‍ മടങ്ങിയത്. ഇതൊരു സിനിമാ കഥയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഗജിനി എന്ന ബോളിവുഡ് സിനിമയുടേതിന് സമാനമായ കഥയാണ് തിരുവനന്തപുരം ആയുര്‍വേദന കോളേജിനടുത്തുള്ള സ്‌ട്രീറ്റ് എന്ന ഹോട്ടലില്‍ അരങ്ങേറിയത്. ഹോട്ടല്‍ ഉടമ എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് സ്വപ്‌നസമാനമായ ജീവിതകഥ പരസ്യമാക്കിയത്.

ജീവിതം പഠിക്കാന്‍ തെരുവില്‍ എത്തിയ കാശുകാരായ യുവക്കളുടെ കഥ നമ്മള്‍ പല സിനിമകളിലും മുമ്പ് കണ്ടിട്ടുണ്ട്.
ഈ കഥാപാത്രങ്ങളായി ജീവിക്കുകയാണ് മുംബൈയിലെ വജ്രാഭരണ വ്യാപാരികളായ ധോലാക്കിയ കുടുംബത്തിലെ ചെറുപ്പക്കാര്‍. 18 വയസ്സ് തികയുമ്പേോള്‍ മക്കള്‍ക്ക് 10,000 രൂപയും ലോക്കല്‍ ട്രെയിന്‍ ടിക്കറ്റും നല്‍കി നാടുവിടാന്‍ പറയും. ഒരാഴ്ടച സ്വന്തമായി പണിയെടുത്ത കാശും കൊണ്ട് വീട്ടില് വരണം. ഈ കളിക്കാണ് ധ്രൂവ് ധോലാക്കിയ തിരുവനന്തപുരത്തെ സ്ടീറ്റ് ഹോട്ടലില്‍ എത്തിയത്. എച്ചില്‍പാത്രം കഴുകിയും തറ തുടച്ചുമൊക്കെ നടന്ന പയ്യന്‍, പെട്ടെന്ന് മുത്തശിക്ക് അസുഖമാണെന്നും നാട്ടില്‍പോകണമെന്നും പറഞ്ഞ് മുങ്ങുകയായിരുന്നു. ഇതിനിടയില്‍ സഹപ്രവര്‍ത്തകര്‍ ധ്രുവിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. കഴിഞ്ഞദിവസം, സംസ്ഥാനത്തെ പ്രധാന ആഭരണവ്യാപാരി ഉള്‍പ്പടെയുള്ള സംഘം മൂന്നു കാറുകളിലായി കടയില്‍ എത്തി. അപ്പോള്‍ കാറില്‍നിന്ന് ഇറങ്ങിയ ധ്രുവിനെ കണ്ട് കടയുടമയും ജീവനക്കാരും ഞെട്ടിപ്പോയി. അധികംവൈകാതെ കഥയൊക്കെ പറഞ്ഞ് ധ്രുവ് അവരെയൊക്കെ വീണ്ടും വിസ്‌മയിപ്പിച്ചുകൊണ്ടിരുന്നു. പോകാന്‍നേരം വിലപിടിപ്പുള്ള വജ്രാഭരണങ്ങളും കൈനിറയെ കാശുംനല്‍കിയാണ് സഹപ്രവര്‍ത്തകരോട് ധ്രുവ് യാത്ര പറഞ്ഞത്.

ധ്രുവിന്റെ കുടുംബത്തിലെ അംഗങ്ങള്‍ നേരത്തെയും ഇത്തരത്തില്‍ കേരളത്തിലെ ഹോട്ടലുകളില്‍ ഉള്‍പ്പടെ ക്ലീനിങ് ജോലി ചെയ്തിട്ടുണ്ട്. ചെറുപ്പക്കാര്‍, സ്വന്തം കാലില്‍നില്‍ക്കാന്‍ പഠിപ്പിക്കുന്നതിനായാണ് കുടുംബത്തിലെ കാരണവര്‍ ഇത്തരത്തില്‍ ചെയ്യുന്നത്. 18 വയസ് തികയുന്നതോടെ കുറച്ചു കാശും ലോക്കല്‍ ട്രെയിന്‍ ടിക്കറ്റും നല്‍കി അയയ്‌ക്കും. ഒരാഴ്‌ച അധ്വാനിച്ച കാശ് വീട്ടില്‍കൊണ്ടുപോയി നല്‍കണം. അപ്പോള്‍ കൂടുതല്‍ ബിസിനസ് അവകാശങ്ങളും പണവും സ്വത്തും നല്‍കും.

സൂറത്ത് കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രത്നവ്യാപാരികളുടെ കുടുംബത്തിന്റെ ഭാഗമാണ് ധ്രുവ്. എം.ബി.എ വിദ്യാര്‍ത്ഥികളായ ധ്രുവിനും കുടുംബത്തിലെ മറ്റ് ചെറുപ്പക്കാര്‍ക്കും പിതാക്കന്മാര്‍ നല്‍കിയ അസൈന്‍മെന്റായിരുന്നു ഈ ക്ലീനിങ് ജീവിതം. ഹൈദരാബാദ്, ചെന്നൈ, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഓരോരുത്തരും ജോലി ചെയ്യുകയായിരുന്നു. മുംബൈയില്‍ നടക്കുന്ന കുടുംബസംഗമ ചടങ്ങിലാണ് ഇവരുടെ ജോലിയും ഒളിവുജീവിതവും സംബന്ധിച്ച വിവരം പുറത്താക്കപ്പെടുക.