മധുരത്തിന്റെ അളവേറിയാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ചെറുത് മുതല്‍ വളരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ വരെയുണ്ടാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം വരുന്നത് വിവിധ രീതിയിലാണ് ഓരോരുത്തരേയും ബാധിക്കുക 

പല ഭക്ഷണപാനീയങ്ങളിലൂടെയുമായി എത്ര മധുരമാണ് ഓരോ ദിവസവും നമ്മള്‍ കഴിക്കുന്നത്. മിക്കവരുടെയും പ്രിയപ്പെട്ട രുചിയേ മധുരമാണ്. മധുരം ഒഴിവാക്കിക്കൊണ്ട് ജീവിക്കുക പ്രയാസവുമാണ്. എന്നാല്‍ ആരോഗ്യത്തിന് അത്ര ഗുണകരമല്ല ഈ മധുരം കഴിപ്പ്. ദിവസവും കഴിക്കുന്ന മധുരത്തിന്റെ അളവില്‍ നിയന്ത്രണം വയ്ക്കുകയെന്നതാണ് പിന്നെ ആകെ ചെയ്യാവുന്ന പ്രതിവിധി. അങ്ങനെയെങ്കില്‍ ഒരു ദിവസം ആരോഗ്യവാനായ ഒരാള്‍ക്ക് എത്ര മധുരം വരെ കഴിക്കാം...

ഒരു ദിവസം എത്ര മധുരം കഴിക്കാം?

ദിവസത്തില്‍ നമ്മള്‍ കഴിക്കുന്ന മധുരത്തിന്റെ അളവ് നമ്മള്‍ കണക്കാക്കുന്നതിലും അധികമായിരിക്കും. കാരണം, ചായയിലെ പഞ്ചസാരയോ, മിഠായിയോ മാത്രമല്ല, പല രൂപത്തിലുമായിരിക്കും ഇവ അകത്തെത്തുന്നത്. ഉദാഹരണത്തിന് ഒരു സ്പൂണ്‍ ടൊമാറ്റോ കെച്ചപ്പ് കഴിച്ചെന്ന് കരുതുക, അതില്‍ പകുതിയും മധുരമാണ്. ഇങ്ങനെ പല വഴിയിലൂടെ ശരീരത്തില്‍ മധുരമെത്തുന്നുണ്ട്. 

ദിവസത്തില്‍ എത്ര കലോറിയാണോ ശരീരത്തിലേക്കെടുക്കുന്നത്, അതിന്റെ പത്ത് ശതമാനം മാത്രം മധുരമേ കഴിക്കാവൂയെന്നാണ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടന ഇടപെട്ട് ഇതിന്റെ അളവ് വീണ്ടും കുറച്ചു. പത്ത് ശമാനം എന്നത് അഞ്ചാക്കി ചുരുക്കി. 

ആരോഗ്യവാനായ, മുതിര്‍ന്ന ഒരാള്‍ക്ക് ദിവസത്തില്‍ ആറ് സ്പൂണോളം മധുരം വരെ കഴിക്കാവുന്നതാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അതായത് കൃത്യം 25 ഗ്രാം മധുരം. അതേസമയം ഏറ്റവും ശ്രദ്ധേയമായ കാര്യം, ഈ അളവുകോലുകളെല്ലാം 'ആഡഡ്' ഷുഗറിന്റെ കാര്യത്തില്‍ മാത്രം പാലിച്ചാല്‍ മതി. 

എന്താണ് 'ആഡഡ്' ഷുഗര്‍?

പ്രകൃത്യാ ഉള്ള മധുരമല്ലാത്ത ഏതും 'ആഡഡ്' ഷുഗര്‍ അഥവാ പ്രോസസ്ഡ് ഷുഗര്‍ ഗണത്തില്‍ പെടും. പഞ്ചസാരയും 'ആഡഡ്' ഷുഗറാണ്. പഞ്ചസാര മാത്രമല്ല, പാക്കറ്റുകളില്‍ വരുന്ന മിക്ക ഭക്ഷണസാധനങ്ങളിലും, മിഠായികളിലും, ബിസ്‌കറ്റുകളിലുമെല്ലാമുള്ള മധുരം പ്രോസസ്ഡ് ആണ്. അതേസമയം പഴങ്ങളിലോ പച്ചക്കറികളിലോ ഒക്കെ അടങ്ങിയിരിക്കുന്ന മധുരം അത്ര പ്രശ്‌നക്കാരല്ലെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. 

അളവിലുമധികം മധുരം ശരീരത്തിലെത്തിയാല്‍ എന്ത് സംഭവിക്കും?

മധുരത്തിന്റെ അളവേറിയാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ചെറുത് മുതല്‍ വളരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ വരെയുണ്ടാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം വരുന്നത് വിവിധ രീതിയിലാണ് ഓരോരുത്തരേയും ബാധിക്കുക. 

അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍- എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ട്. ഇതിന് പുറമെ മൂഡ് സ്വിംഗ്‌സ്, അസ്വസ്ഥത, ക്ഷീണം എന്നിവയ്ക്കും സാധ്യതയുണ്ട്.