ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. താരൻ പിടിപ്പെട്ടാൽ മുടികൊഴിച്ചില്‍ വര്‍ധിക്കുകയും കേശഭംഗി നഷ്‌ടമാകുകയും ചെയ്യും.  താരൻ അകറ്റാൻ നിരവധി എണ്ണകളും ഷാംപൂവുകളും വിപണിയിലുണ്ട്. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന ഷാംപൂ ഉപയോ​ഗിക്കുന്നത് കൂടുതൽ ദോഷം ചെയ്യുമെന്നതിനെ കുറിച്ച് ആരും ചിന്തിക്കാറില്ല. താരൻ അകറ്റാൻ ഏറ്റവും നല്ലതാണ് മുട്ട. മുട്ട ഉപയോ​ഗിച്ച് എങ്ങനെ താരൻ അകറ്റാമെന്ന് നോക്കാം. 

മുട്ടയുടെ വെള്ളയും നാരങ്ങ നീരും...

ആദ്യം രണ്ട് മുട്ടയുടെ വെള്ള എടുക്കുക. ശേഷം അതിലേക്ക് അൽപം നാരങ്ങ നീരും ചേർക്കുക. നല്ല പോലെ മിക്സ് ചെയ്ത ശേഷം 30 മിനിറ്റ് തലയിൽ തേച്ചുപിടിപ്പിക്കുക. ശേഷം ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോ​ഗിച്ച് ചെറുചൂടുവെള്ളത്തിൽ തല കഴുകുക. ആഴ്ച്ചയിൽ രണ്ട് ദിവസമെങ്കിലും ഇത് ചെയ്യാൻ ശ്രമിക്കുക. 

മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും...

ഒരു മുട്ടയുടെ വെള്ളയും ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. 15 മിനിറ്റെങ്കിലും ഇടാൻ ശ്രമിക്കുക. ശേഷം ഒരു ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ച്ചയിൽ അഞ്ച് ദിവസമെങ്കിലും ഇത് ചെയ്യുന്നത് താരൻ അകറ്റാൻ സഹായിക്കും. 

മുട്ടയുടെ വെള്ള, തെെര്, നാരങ്ങ നീര്, ചെറുപയർ പൊടി...

മുട്ടയുടെ വെള്ള, തെെര്, നാരങ്ങ നീര്, ചെറുപയർ പൊടി എന്നിവ ഒരുമിച്ച് ചേർത്ത് നല്ല പോലെ മിക്സ് ചെയ്ത് തലയിൽ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റ് തേച്ചുപിടിപ്പിച്ച ശേഷം ഷാംപൂ ഉപയോ​ഗിച്ച് ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. 

മുട്ടയുടെ വെള്ള, ഒലീവ് ഒായിൽ, തേൻ...

  താരൻ അകറ്റാൻ ഏറ്റവും നല്ലതാണ് തേൻ.  മുട്ടയുടെ വെള്ള, ഒലീവ് ഒായിൽ, തേൻ എന്നിവ ഒരുമിച്ച് ചേർത്ത് തലയിൽ 20 മിനിറ്റ് മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിൽ ഒരു ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയാം. ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും ഇത് ചെയ്യുന്നത് താരൻ അകറ്റാൻ സഹായിക്കും.