സേമിയ കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ കഴിച്ചിട്ടുണ്ടാകും. സേമിയ പായസം, സേമിയ ഉപ്പുമാവ്, സേമിയ അട, ഇങ്ങനെ നിരവധി വിഭവങ്ങളുണ്ട്. വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് സേമിയ കേസരി. സ്വാദൂറും സേമിയ കേസരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ഉണ്ടാക്കാൻ വേണ്ട ചേരുവകൾ...
നെയ്യ് 3 ടേബിൾസ്പൂൺ
സേമിയ 1 കപ്പ്
വെള്ളം 1 കപ്പ്
പാൽ 1 കപ്പ്
പഞ്ചസാര 1 കപ്പ്
ഓറഞ്ചു ഫുഡ് കളർ 2 നുള്ള്
കശുവണ്ടി പരിപ്പ് ആവശ്യത്തിന്
ഏലക്ക പൊടി കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...
ആദ്യം ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പ് വറുത്തു കോരിവയ്ക്കുക.
ശേഷം സേമിയ ഇളം ബ്രൗൺ നിറം ആകുന്നത് വരെ വറുത്തു ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. അതെ പാനിൽ വെള്ളവും പാലും തിളപ്പിക്കുക. അതിലേക്ക് സേമിയ ചേർക്കുക.
സേമിയ വേവുമ്പോൾ പഞ്ചസാര ചേർത്ത് തിളപ്പിച്ച് കുറുക്കുക.
ഫുഡ് കളറും, ഏലക്ക പൊടിയും ചേർത്തിളക്കുക. അതിലേക്ക് ബാക്കി നെയ്യും ചേർത്ത് പാനിൽ നിന്ന് വിട്ടു വരുമ്പോൾ തീ അണച്ച്, കശുവണ്ടിപ്പരിപ്പ് ചേർത്തിളക്കുക.( പിസ്ത, ബദാം, അണ്ടിപരിപ്പ് എന്നിവ നിങ്ങളുടെ ആവശ്യാനുസരണം ചേർക്കുക).
