37 ആഴ്‌ച്ചകള്‍ക്ക്‌ മുമ്പ്‌ ജനിക്കുന്ന കുഞ്ഞുങ്ങളെയാണ്‌ നേരത്തെ ജനിച്ച കുഞ്ഞുങ്ങളെന്ന്‌ പറയുന്നത്‌. 10 ശതമാനത്തോളം കുഞ്ഞുങ്ങളും നേരത്തെ ജനിക്കുന്ന കുഞ്ഞുങ്ങളാണ്‌.  കൂടുതല്‍ കുഞ്ഞുങ്ങളും 34 - 37 ആഴ്ച്ചകൾക്ക്  ഇടയിലാണ്  ജനിക്കാറുള്ളത്. കുഞ്ഞ്‌ ജനിച്ച്‌ കഴിഞ്ഞാല്‍ ഉടനെ മുലപ്പാല്‍ നൽകണം. രണ്ട്‌ മണിക്കൂര്‍ ഇടവിട്ട്‌ പാല്‍ കൊടുക്കാന്‍ ശ്രമിക്കണം

കുഞ്ഞ്‌ ജനിക്കുമ്പോള്‍ ഒരമ്മയുടെ മനസില്‍ നിരവധി സംശയങ്ങളാണ് ജനിക്കുന്നത്. മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മുലപ്പാല്‍ അല്ലാതെ മറ്റ്‌ എന്തൊക്കെ ഭക്ഷണങ്ങള്‍ നൽകാം ഇങ്ങനെ നിരവധി സംശയങ്ങളാണ്‌ ഒരു അമ്മയുടെ മനസിലുള്ളത്‌. നവജാതശിശുക്കളെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തെ പറ്റി റെനെയ് മെഡിസിറ്റിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ നീയോനറ്റോളജിസ്‌റ്റായ ഡോ.സഖീര്‍ വി ടി പറയുന്നു.

ഗര്‍ഭകാലാവധി എന്ന്‌ പറയുന്നത്‌ 40 ആഴ്‌ച്ചയാണ്‌. 37 ആഴ്‌ച്ചകള്‍ക്ക്‌ മുമ്പ്‌ ജനിക്കുന്ന കുഞ്ഞുങ്ങളെയാണ്‌ നേരത്തെ ജനിച്ച കുഞ്ഞുങ്ങളെന്ന്‌ പറയുന്നത്‌. 10 ശതമാനത്തോളം കുഞ്ഞുങ്ങളും നേരത്തെ ജനിക്കുന്ന കുഞ്ഞുങ്ങളാണ്‌. കൂടുതല്‍ കുഞ്ഞുങ്ങളും 34 ആഴ്‌ച്ചയും 37 ആഴ്‌ച്ചകള്‍ക്കും ഇടയിലുമാണ് ജനിക്കാറുള്ളത്. ആ സമയത്ത്‌ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും കാണാറില്ലെന്ന് ഡോ. സഖീര്‍ വി ടി പറയുന്നു.

മുലപ്പാൽ വലിച്ച്‌ കുടിക്കാനുള്ള ബുദ്ധിമുട്ട്‌, രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുക, മഞ്ഞപ്പ്‌ ഉണ്ടാവുക ഇത്തരത്തിലുള്ള പ്രശ്‌നങ്ങളാണ്‌ കാണാറുള്ളത്‌. 28 ആഴ്‌ച്ചയിൽ നേരത്തെ ജനിക്കുന്ന ചില കുഞ്ഞുങ്ങൾക്ക് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും കരളിന്‌ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യാറുണ്ടെന്ന് ഡോക്ടർ പറയുന്നു. 

മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ ചൂടും സ്പര്‍ശവും ലഭിക്കാന്‍ അമ്മ കുഞ്ഞിനെ ശരീരത്തോട് ചേര്‍ത്തുവയ്ക്കാറുണ്ട്. ഇതിനെയാണ് കംഗാരു കെയര്‍ എന്നാണ് പറയുന്നത്. കംഗാരു കെയറിലൂടെ അമ്മയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം വരികയും മുലപ്പാൽ വർധിക്കുകയും ചെയ്യുന്നുവെന്ന് ഡോ. സഖീര്‍ വി ടി പറയുന്നു. 

 അമ്മയ്‌ക്ക്‌ രക്തസമ്മര്‍ദ്ദമോ പ്രമേഹമോ ഉണ്ടെങ്കില്‍ കുഞ്ഞ്‌ നേരത്തെ ജനിക്കാം. രണ്ടര കിലോയില്‍ കുറവുള്ള കുഞ്ഞുങ്ങളെയാണ്‌ തൂക്കക്കുറവ്‌ എന്ന്‌ ഉദ്ദേശിക്കുന്നത്‌. രണ്ടരകിലോയിൽ താഴെ തൂക്കമുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ഷുഗറിന്റെ അളവ്‌ കുറയുന്നത് കാണാം. കുഞ്ഞ്‌ ജനിച്ച്‌ കഴിഞ്ഞാല്‍ ഉടനെ മുലപ്പാല്‍ നൽകണം. രണ്ട്‌ മണിക്കൂര്‍ ഇടവിട്ട്‌ പാല്‍ കൊടുക്കാന്‍ ശ്രമിക്കണം. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാൻ താഴേയുള്ള വീഡിയോ കാണുക....