Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു...

അബുദാബി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കണക്ക് പ്രകാരം, ഓരോ ദിവസവും 12 ക്യാന്‍സര്‍ കേസുകളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിൽ സ്തനാര്‍ബുദമാണ് യുഎഇ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി

increase in cancer cases in uae
Author
UAE, First Published Oct 8, 2018, 3:49 PM IST

യുഎഇ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് മേഖലകളില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. 2030ഓടുകൂടി ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇവിടങ്ങളില്‍ ഇരട്ടിയാകുമെന്നും ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

മോശം ജീവിതശൈലിയും, ക്യാന്‍സര്‍ രോഗത്തെക്കുറിച്ച് വേണ്ടവിധത്തില്‍ ബോധവത്കരണമില്ലാത്തതും, രോഗം കൃത്യമായി കണ്ടുപിടിക്കാത്തതുമെല്ലാം രോഗികളുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്. അബുദാബി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കണക്ക് പ്രകാരം, ഓരോ ദിവസവും 12 ക്യാന്‍സര്‍ കേസുകളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കൊളറെക്ടല്‍, പ്രോസ്റ്റേറ്റ്, നോണ്‍ ഹോഡ്കിന്‍സ്, ബ്രെയ്ന്‍ ക്യാന്‍സറുകളും ലുക്കീമിയയുമാണ് പുരുഷന്മാരില്‍ ഏറ്റവുമധികം കണ്ടുവരുന്ന ക്യാന്‍സര്‍. സ്ത്രീകളിലാണെങ്കില്‍ സ്തനാര്‍ബുദത്തിനും ലുക്കീമിയയ്ക്കും പുറമെ കൊളറെക്ടല്‍, തൈറോയ്ഡ്, സെര്‍വിക്സ് ക്യാന്‍സറുകളാണ് പ്രധാനമായി കണ്ടുവരുന്നത്. 

സ്തനാര്‍ബുദമാണ് യുഎഇ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഓരോ ദിവസവും സ്തനാര്‍ബുദം ബാധിച്ചവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ സ്ത്രീകളുടെ ആകെ മരണനിരക്ക് എടുത്താല്‍ പോലും 20% പേര്‍ മരിക്കുന്നത് സ്തനാര്‍ബുദം മൂലമാണ്. മിക്കപ്പോഴും രോഗം കണ്ടെത്താൻ വൈകുന്നതാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. 

സ്തനാര്‍ബുദം കഴിഞ്ഞാല്‍ കുടലിലെ ക്യാന്‍സറാണ് ഇവിടെ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകളിലാണെങ്കില്‍ സെര്‍വിക്സ് ക്യാന്‍സറും വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. രോഗം നേരത്തേ കണ്ടെത്തിയാല്‍ ഫലപ്രദമായി ചികിത്സ നടത്താവുന്ന ഒന്നായിട്ടുകൂടി സെര്‍വിക്സ് ക്യാന്‍സര്‍ നിരവധി ജീവനുകളാണ് ഇവിടെ കവര്‍ന്നെടുക്കുന്നത്. 

കാരണങ്ങള്‍....

പ്രധാനമായും ജീവിതശൈലി തന്നെയാണ് ക്യാന്‍സറിന് കാരണമാകുന്നത്. വ്യായാമമില്ലായ്മയും, പുതിയ ഭക്ഷണരീതിയും, രാസവസ്തുക്കള്‍ ശരീരത്തിനകത്തെത്തുന്നതുമെല്ലാം ഇതിന്‍റെ ഭാഗമായാണ്. പുകയിലയും മദ്യവുമാണ് മറ്റൊരു കാരണം. പാരമ്പര്യമായി രോഗം കൈമാറ്റം ചെയ്യപ്പെടുന്ന കേസുകളുമുണ്ട്. 

increase in cancer cases in uae

ഓരോ ക്യാന്‍സറിനും ഓരോ തരത്തിലാണ് ലക്ഷണങ്ങളുണ്ടാവുക. എങ്കിലും ഏത് അവയവത്തെയാണോ ബാധിക്കുന്നത്, അതിലോ അതിന്‍റെ ചുറ്റുപാടുകളിലോ സ്ഥിരമായി ഉണ്ടാകുന്ന വേദന, ബ്ലീഡിംഗ്- ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുക. പരമാവധി കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്താന്‍ ശ്രമിക്കുക. സ്ത്രീകളാണെങ്കില്‍ സ്തനാര്‍ബുദം, സെര്‍വിക്സ് ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യതകള്‍ പരിശോധിക്കുകയും സ്വയം സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുകയും വേണം. കുടലിലെ ക്യാന്‍സറിനെയും നേരത്തേ അറിഞ്ഞുകഴിഞ്ഞാല്‍ ഒരു പരിധി വരെ ചികിത്സയിലൂടെ പ്രതിരോധിക്കാം. 

രോഗത്തെ പറ്റി മനസ്സിലാക്കി, ഇതിന്‍റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ തേടാന്‍ മുന്‍കയ്യെടുക്കുന്നത് തന്നെയാണ് ക്യാന്‍സറിനെതിരായ ഒരു പ്രധാന പ്രതിരോധമാര്‍ഗം. സ്ക്രീനിംഗ് ടെസ്റ്റുകളാണ് മറ്റൊരു മാര്‍ഗം

സ്ക്രീനിംഗ് ടെസ്റ്റുകളെ കുറിച്ച്...

മാമോഗ്രാം ആണ് സ്തനാര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പരിശോധന. 40നും 69നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് വര്‍ഷത്തിലോ രണ്ട് വര്‍ഷത്തിലൊരിക്കലോ മാമോഗ്രാം ചെയ്യാവുന്നതാണ്. സെര്‍വിക്സ് ക്യാന്‍സറിനാണെങ്കില്‍ പാപ്പ് ടെസ്റ്റാണ് നടത്തുക. ഇത് 21 മുതല്‍ 29 വരെ പ്രായമുള്ളവര്‍ക്ക് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ചെയ്യാവുന്നതാണ്. അതല്ലെങ്കില്‍ എച്ച്.പി.വി ടെസ്റ്റ് ചെയ്യാം. കുട്ടികൾക്ക് എച്ച്.പി.വി വാക്സിനേഷന്‍ നല്‍കുന്നത് സെര്‍വിക്കല്‍ ക്യാന്‍സര്‍ കേസുകളുടെ എണ്ണം നല്ലരീതിയില്‍ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. 

കുടലിലെ ക്യാന്‍സര്‍ മലം പരിശോധിക്കുന്നതിലൂടെയോ 'കൊളണോസ്കോപ്പി'യിലൂടെയോ കണ്ടെത്താവുന്നതാണ്. ഇതിന് കുറഞ്ഞത് രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധന നടത്തണം. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ 'സിഗ്മോയിഡോസ്കോപ്പി'യോ 10 വര്‍ഷത്തിലൊരിക്കല്‍ 'കൊളണോസ്കോപ്പി'യോ ചെയ്യാം. ശ്വാസകോശത്തിലെ ക്യാന്‍സറാണെങ്കില്‍ എല്‍.ഡി.സി.ടി പരിശോധന നടത്തിയാല്‍ മതിയാകും. പുകവലിക്കുന്നവര്‍ തിര്‍ച്ചയായും ശ്വാസകോശം സുരക്ഷിതമാണോയെന്ന് ഇടയ്ക്ക് പരിശോധിച്ച് നോക്കിയേ മതിയാകൂ. 

ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിരവധി ആരോഗ്യപരിപാടികളാണ് യുഎഇ സര്‍ക്കാര്‍ ആലോചിക്കുന്നത്. 2021ഓടുകൂടി ക്യാന്‍സര്‍ മൂലം മരിക്കുന്നവരുടെ എണ്ണം 18% കുറയ്ക്കുമെന്നാണ് പ്രതിജ്ഞയെടുത്തിരിക്കുന്നത്. ഇതിനായുള്ള ബോധവത്കരണ പരിപാടികളും ആരംഭിച്ചുകഴിഞ്ഞു. 

Follow Us:
Download App:
  • android
  • ios