ലോകത്ത് ബീജ ബാങ്ക് എന്നത് പുതുമയല്ലാത്ത ഒരു പദമായി മാറിയിട്ടുണ്ട്. രക്ത ബാങ്ക് പോലെ ബീജ ബാങ്കിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വന്ധ്യത പ്രശ്‌നങ്ങള്‍ വ്യാപകമാകുന്ന ഇക്കാലത്ത്, ബീജ ബാങ്കിലേക്ക് വരുന്ന അന്വേഷണങ്ങള്‍ വളരെ കൂടുതലാണ്. ഇതാ ബ്രിട്ടനില്‍, ഒരു ബീജ ബാങ്ക് ഏറെ പ്രത്യേകതകളുള്ള ഒരു മൊബൈല്‍ ആപ്പ് തുടങ്ങിയിരിക്കുന്നു. അതായത്, ബീജം സ്വീകരിക്കുന്ന സ്‌ത്രീകള്‍ക്ക്, ആരുടേത് വേണമെന്ന് ഈ മൊബൈല്‍ ആപ്പിലൂടെ തീരുമാനിക്കാം. ഓര്‍ഡര്‍ എ ഡാഡി എന്നാണ് ഈ മൊബൈല്‍ ആപ്പിന്റെ പേര്. ലണ്ടന്‍ സ്‌പേം ബാങ്കിന്‍റെ ‍ഡയറക്‌ടറായ ഇന്ത്യന്‍ വംശജന്‍ കൂടിയായ കമാല്‍ ആഹുജയാണ് ഈ മൊബൈല്‍ ആപ്പിന് പിന്നില്‍. ഈ മൊബൈല്‍ ആപ്പില്‍, ലണ്ടന്‍ സ്പേം ബാങ്കില്‍ ലഭ്യമായിട്ടുള്ള ബീജത്തിന്റെ ദാതാക്കളുടെ പൂര്‍ണ വിവരങ്ങള്‍ ഉണ്ടാകും. ഇതുകൊണ്ടും അവസാനിക്കുന്നില്ല. ഒരാളുടെ ബീജം സ്വീകര്‍ത്താവ് തെരഞ്ഞെടുത്തു കഴിഞ്ഞാല്‍, അവര്‍ ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ പൂര്‍ണമായും ഈ മൊബൈല്‍ ആപ്പിലൂടെ നടത്താനാകും. ഇതുവഴി, സ്വകാര്യത നിലനിര്‍ത്താനാകുമെന്നാണ് ഡോ. കമാല്‍ ആഹുജ അവകാശപ്പെടുന്നത്. ബീജം സ്വീകരിക്കുന്ന സ്‌ത്രീകള്‍ക്ക്, ദാതാവായ പുരുഷന്റെ ഉയരം, വണ്ണം, നിറം, മുഖത്തിന്റെ പ്രത്യേകതകള്‍, സ്വഭാവം എന്നിവയ്‌ക്ക് അനുസൃതമായി തെരഞ്ഞെടുപ്പ് നടത്താനാകുമെന്നതാണ് ഈ മൊബൈല്‍ ആപ്പിന്റെ വലിയ പ്രത്യേകത.