ബാംഗലൂരു: ഇന്ത്യയിലെ സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച് ഒട്ടും ആശാവഹമല്ല മാതൃദിനത്തില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സ്താനാര്‍ബുദത്തോടൊപ്പം ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രാജ്യത്ത് കൂടി വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 

നാഷണല്‍ ക്യാന്‍സര്‍ രജിസ്റ്ററി നല്‍കിയ കണക്കുകള്‍ പ്രകാരം 2013ല്‍ തൊണ്ണൂറ്റി രണ്ടായിരത്തി എഴുന്നൂറ്റി മുപ്പത് പേര്‍ക്കാണ് ഗര്‍ഭാശയമുഖ ക്യാന്‍സര്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2020ആകുമ്പോഴേക്കും ഇത് 1,00479ആയി ഉയരുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. രോഗബാധിതരായവരില്‍ പ്രതിവര്‍ഷം 74000 പേര്‍ക്കും മരണം സംഭവിക്കുന്നതായുള്ള ഞെട്ടിക്കുന്ന കണക്കുകളാണ് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ ആന്‍റ് പീഡിയാട്രിക് ഓങ്കോളജി പുറത്ത് വിടുന്നത്. 

വിദേശത്ത് 200മുതല്‍ 300 വരെ മാത്രമാണ് പ്രതിവര്‍ഷ മരണസംഖ്യ.പ്രതിരോധ കുത്തിവയ്‌പ്പെടുത്ത് ഒഴിവാക്കാന്‍ പറ്റുന്ന വളരെ ചുരുക്കം ചില ക്യാന്‍സറുകളിലൊന്നാണ് ഗര്‍ഭാശയ ക്യാന്‍സര്‍. എന്നിട്ട് പോലും ഇത്തരത്തിലുള്ള അവബോധം ഇന്ത്യന്‍ സ്ത്രീകളില്‍ കണ്ട് വരുന്നില്ലെന്ന് സര്‍വ്വം ഫലങ്ങള്‍ പറയുന്നു. ഒന്‍പത് മുതല്‍ പന്ത്രണ്ട് വയസ്സ് വരെയുള്ള സമയങ്ങളില്‍ മൂന്ന് തവണയായി പ്രതിരോധ കുത്തിവയ്‌പ്പെടുക്കണം. 

അല്ലാത്ത പക്ഷം 22വയസ്സ് മുതലുള്ള സമയങ്ങളില്‍ ഹുമണ്‍ പാപ്പിലോമ വൈറസ് അഥവാ എച്ച്പിവി ശരീരത്തില്‍ കയറിക്കൂടാന്‍ സാധ്യതയുണ്ട്. പത്ത് വര്‍ഷം വരെ നിശബ്ദമായി ശരീരത്തില്‍ തുടരുന്ന വൈറസ് 30വയസ്സിന് മുകളില്‍ പ്രായമെത്തുമ്പോള്‍ മാത്രമാണ് രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുക.

ചെറിയ പ്രായത്തിലെ നടന്ന ലൈംഗിക ബന്ധം, തുടര്‍ച്ചയായുള്ള പ്രസവവും ഗര്‍ഭമലസലും തുടങ്ങി പൊതുവായി കാരണങ്ങള്‍ പലതും പറയാറുണ്ടെങ്കിലും ഇതൊന്നുമല്ലാതെ ഏത് സാഹചര്യത്തിലും എച്ച്പിവി ശരീരത്തില്‍ കയറിക്കൂടാന്‍ സാധ്യതകളേറെയെന്ന് വിദഗ്ധര്‍.

നിലവില്‍ രണ്ടായിരം രൂപയ്ക്ക് മുകളിലാണ് കുത്തിവയ്പ്പിന്‍റെ വില. രാജ്യത്ത് ദില്ലി സര്‍ക്കാര്‍ മാത്രമാണ് പെണ്‍കുട്ടികളില്‍ എച്ച്പിവി പ്രതിരോധകുത്തിവയ്‌പ്പെടുക്കുന്നതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയ ചിലവില്‍ പ്രതിരോധ കുത്തിവയ്പ്പിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിതരായി മരണപ്പെടുന്നവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.