ദില്ലി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം മധ്യപ്രദേശിലെ ഇന്‍ഡ‍ോര്‍. രാജ്യത്തെ 434 നഗരങ്ങളില്‍ നിന്നാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയ സര്‍വേ പ്രകാരം ഇത് കണ്ടെത്തിയത്. രണ്ടാം സ്ഥാനത്ത് മധ്യപ്രദേശില്‍ നിന്ന് തന്നെയുള്ള ഭോപ്പാലാണ്. വിശാഖപട്ടണം മൂന്നാം സ്ഥാനത്തും സൂറത്ത് നാലാം സ്ഥാനത്തുമാണ്. കര്‍ണ്ണാടകയിലെ മൈസൂരാണ് അഞ്ചാം സ്ഥാനത്ത്.

സ്വച്ച്ഭാരത് മിഷന്‍റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇത്തവണ നഗരങ്ങളെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളില്‍ വ്യത്യാസം കേന്ദ്രം വരുത്തിയിരുന്നു. ഇത്തവണ 45 ശതമാനം മാര്‍ക്ക് തുറന്ന പ്രദേശത്തെ മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കുന്നതിനും, ഖരമാലിന്യ സംസ്കരണത്തിനുമായിരുന്നു. മറ്റൊരു 25 ശതമാനം മാര്‍ക്ക് പ്രദേശിക പരിശോധന വഴിയും, 30 ശതമാനം മാര്‍ക്ക് ജനങ്ങളുടെ പ്രതികരണത്തിനുമായിരുന്നു. ഒരോ നഗരത്തിലെയും മാലിന്യ ശുചിത്വ സംവിധാനങ്ങളെ സംബന്ധിച്ച് 18 ലക്ഷം ജനങ്ങളുടെ പ്രതികരണമാണ് ഇതിനായി ശേഖരിച്ചത്.

434ആം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശിലെ ഗോണ്ട നഗരമാണ് ഏറ്റവും പിന്നിൽ. 254 ആം റാങ്കിലുള്ള കോഴിക്കോടാണ് കേരളത്തിൽ ഏറ്റവും വൃത്തിയുള്ള നഗരം. കൊച്ചിക്ക് 271ഉം പാലക്കാടിന് 286ഉം സ്ഥാനമുണ്ട്. 365 ആം സ്ഥാനത്താണ് കൊല്ലം. 372ആം സ്ഥാനത്താണ് തിരുവനന്തപുരം. 380ആമതുള്ള ആലപ്പുഴയാണ് കേരളത്തിലെ വൃത്തി കുറഞ്ഞ നഗരം. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി കേന്ദ്ര നഗരവികസന മന്ത്രാലയം നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തൽ. സ്വച്ഛ് ഭാരത് പദ്ധതിയുമായി സഹകരിക്കാത്തതിനാൽ ബംഗാളിനെ സര്‍വ്വേയിൽ നിന്ന് ഒഴിവാക്കിയിരുന്നു

സര്‍വേ പ്രകാരം ഏറ്റവും മോശം അവസ്ഥയിലുള്ള നഗരങ്ങള്‍ കൂടുതല്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ്, അവസാന പത്തില്‍ ഇവിടെ നിന്നും 4 നഗരങ്ങളുണ്ട്. ബീഹാറില്‍ നിന്നും പഞ്ചാബില്‍ നിന്നും 2 നഗരങ്ങളുണ്ട്. ഉത്തരാഖണ്ഡില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഒരോ നഗരങ്ങള്‍ വീതമുണ്ട്. ഉത്തര്‍പ്രദേശിലെ ലിസ്റ്റിലുള്ള 62 ല്‍ 50 നഗരങ്ങളും 350 റാങ്കിങ്ങിന് താഴെയാണ്.