മാറിയ ജീവിതശൈലിയും മോശം ഭക്ഷണക്രമവും കാരണം പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇക്കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് ഓര്‍മ്മക്കുറവ്. മദ്ധ്യവയസ് എത്തുന്നതിന് മുമ്പ് തന്നെ പലരിലും ഓര്‍മ്മ പ്രശ്‌നം കണ്ടുവരുന്നുണ്ട്. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ പല മാര്‍ഗങ്ങളും ചികില്‍സാരീതികളും നിലവിലുണ്ട്. ഇപ്പോഴിതാ, ഒരു പുതിയ പഠനം മുന്നോട്ടുവെക്കുന്നത് ഒരു ശ്വസന മാര്‍ഗമാണ്. മൂക്കിലൂടെ ദീര്‍ഘമായി ശ്വാസം ഉള്ളിലേക്ക് എടുത്ത്, കുറച്ചുനേരം പിടിച്ചുവെക്കുക. അതിനുശേഷം വായിലൂടെ പുറത്തേക്ക് വിടുക. ഇടയ്‌ക്കിടെ ഇങ്ങനെ ചെയ്യുന്നത് ഓര്‍മ്മശക്തിയും തലച്ചോറിന്റെ ശേഷിയും വര്‍ദ്ധിപ്പിക്കുമെന്നാണ് നോര്‍ത്ത്‌വെസ്റ്റേണ്‍ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. ശുദ്ധവായു ദീര്‍ഘമായി ശ്വസിക്കുമ്പോള്‍ തലച്ചോറില്‍ ഉദ്ദീപനം സംഭവിക്കുന്നുവെന്ന് സ്‌കാന്‍-എക്‌സ്‌റേ റിപ്പോര്‍ട്ടില്‍ വ്യക്തമായി. 100 ചെറുപ്പക്കാരിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. തീര്‍ത്തും ശുദ്ധമായ വായു വേണം ഇത്തരത്തില്‍ ശ്വസിക്കേണ്ടതെന്നും പഠനസംഘം നിര്‍ദ്ദേശിക്കുന്നു. പഠന റിപ്പോര്‍ട്ട് ദ ജേര്‍ണല്‍ ഓഫ് ന്യൂറോസയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.