എഴുപതുകാരിയായ ദല്‍ജിന്ദര്‍ കൗറും ഭര്‍ത്താവ് 79 വയസുകാരന്‍ മൊഹിന്ദര്‍ സിങ് ഗില്ലുമാണ് ജീവിതസായാഹ്നത്തില്‍ അച്ഛനമ്മമാരാകാന്‍ സാധിച്ചത്. കഴിഞ്ഞദിവസം ഒരു ആണ്‍ കുഞ്ഞിനാണ് ദല്‍ജിന്ദര്‍ കൗര്‍ ജന്മം നല്‍കിയത്. വിവാഹം കഴിഞ്ഞ 46 വര്‍ഷവും ആര്‍ത്തവവിരാമം സംഭവിച്ച് 20 വര്‍ഷവും പിന്നിട്ടശേഷമാണ് ദല്‍ജിന്ദര്‍ അമ്മയായത്.

ഇവര്‍ പഞ്ചാബിലെ അമൃത്‌സര്‍ സ്വദേശികളാണ്. ഹരിയാനയിലെ ഹിസാറിലെ നാഷണല്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് ടെസ്റ്റ് ട്യൂബ് ബേബി സെന്ററിലെ ചികില്‍സയിലൂടെയാണ് മൊഹിന്ദറും ദല്‍ജിന്ദറും ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം യാഥാര്‍ത്ഥ്യമാക്കിയത്. 2013 മുതലാണ് ഇവര്‍ ഐവിഎഫ് ചികില്‍സ തുടങ്ങിയത്. ആദ്യ രണ്ടുതവണയും ഐവിഎഫ് ചെയ്‌തത് പരാജയപ്പെട്ടിരുന്നു. എന്നാല്‍ നാഷണല്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് ടെസ്റ്റ് ട്യൂബ് ബേബി സെന്ററിലെ ഡോ. ബ്രിഷ്‌നോയിയുടെ നേതൃത്വത്തില്‍ നടത്തിയ മൂന്നാമത്തെ ദൗത്യം ഫലം കാണുകയായിരുന്നു.